300 കിലോ തൂക്കമുള്ള ഭീമന്‍ കാച്ചില്‍, 65 കിലോയുള്ള ചേന; തോമസുകുട്ടിക്കിത് സമൃദ്ധിയുടെ ഓണം

300 കിലോ തൂക്കമുള്ള ഭീമന്‍ കാച്ചില്‍, 65 കിലോയുള്ള ചേന; തോമസുകുട്ടിക്കിത് സമൃദ്ധിയുടെ ഓണം

കൃഷി ജീവിത മാർഗമാക്കിയിരിക്കുന്ന കറുകച്ചാൽ പുളിക്കൽകവല കൊടുന്തറ തോമസുകുട്ടിക്ക് കൃഷിയിടം ഒരു പരീക്ഷണശാലയാണ്. അദ്ദേഹം തന്റെ മണ്ണിൽ വിളയിച്ച ഭീമൻ കാർഷികോത്പന്നങ്ങൾ കണ്ടാൽ ആരും അതിശയിച്ചു പോകും.

300 കിലോയുള്ള കാച്ചിൽ, 65 കിലോയുള്ള ചേന, നൂറുകിലോ തൂക്കമുള്ള ഒരുമൂട് കപ്പ, 35 കിലോയുള്ള ഏത്തക്കുല എന്നിങ്ങനെ നീളുന്നു വിളകളുടെ പട്ടികയാണ് തോമസുകുട്ടിയുടെയും ഭൂമിയിലെ കൃഷി ഇനങ്ങൾ. സ്വന്തമായി ആകെ 25 സെന്റ് സ്ഥലമാണുള്ളത്. പക്ഷേ, കൃഷി ജീവിതമാർഗമായതിനാൽ മൂന്നരയേക്കർ സ്ഥലത്താണ് ഇപ്പോൾ പാട്ടക്കൃഷി. ചേന, ചേമ്പ്, കാച്ചിൽ, വാഴ, പച്ചക്കറി തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്.

സാധാരണ കൃഷിക്കൊപ്പം പരീക്ഷണങ്ങളും തോമസുകുട്ടിയുടെ പതിവാണ്. ഇക്കുറി ചേനത്തോട്ടത്തിൽ ഒരുമൂട് ഗജേന്ദ്ര ചേനയിലാണ് പരീക്ഷണം നടത്തിയത്. ഉയരം പത്തടിയിലേറെ. ഭാരം 60 കിലോയ്ക്കുമുകളിൽ വരുമെന്നാണ് തോമസുകുട്ടിയുടെ കണക്കുകൂട്ടൽ. മൂന്നുവർഷം മുമ്പ് വിളവെടുത്ത കാച്ചിലിന്റെ തൂക്കം മുന്നൂറുകിലോയോളം. ഇതിനിടയിൽ രണ്ട് വ്യത്യസ്തയിനം കപ്പയും തോമസുകുട്ടി കണ്ടുപിടിച്ചു. ഒന്നിന് മലയനെന്നാണ് പേര് നൽകിയത്. മറ്റൊന്നിന് പേരിടാനുള്ള ശ്രമത്തിലാണ്.

ഇത്രയും തൂക്കമുള്ള വിളകൾക്കുപിന്നിലെ രഹസ്യം തേടി പലരും തോമസുകുട്ടിയെ കാണാൻ എത്താറുണ്ട്. എന്നാൽ, കൃത്യമായ പരിചരണവും വെള്ളവും വളവും നൽകുന്നത് മാത്രമാണ് നല്ല തൂക്കം കൂടിയ വിളകൾ ഉത്പാദിപ്പിക്കുന്നതിന്റെ പിന്നിലെന്നാണ് ഇദ്ദേഹം പറയുന്നത്.

ചെറുകിഴങ്ങ്, വൻകിഴങ്ങ്, നനകിഴങ്ങ്, ചേമ്പിന്റെ വിവിധയിനങ്ങളായ താരമക്കണ്ണൻ, ആറ്റുകണ്ണൻ, ആറാട്ടുപുഴ, ചുവന്ന ഇഞ്ചി, ഇസ്രായേൽ മഞ്ഞൾ, അടതാപ്പ് തുടങ്ങിയവയും നൂറുമേനി വിളവോടെ അദ്ദേഹത്തിന്റെ കൃഷിയിടത്ത് നിൽക്കുന്നു. കഠിനാധ്വാനവും ശരിയായ പരിചരണവുമാണ് അദ്ദേഹത്തിന്റെ കൃഷിയിടത്ത് നല്ല തൂക്കമുള്ള വിളകൾ നൽകാൻ സഹായകമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.