വൈദ്യുതിക്ക് മുന്‍കൂര്‍ പണം നല്‍കേണ്ട പ്രീ-പെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ കേരളത്തിലും വരുന്നു

വൈദ്യുതിക്ക് മുന്‍കൂര്‍ പണം നല്‍കേണ്ട പ്രീ-പെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ കേരളത്തിലും വരുന്നു

തിരുവനന്തപുരം: വൈദ്യുതിക്ക് മുൻകൂർ പണം നൽകേണ്ട പ്രീ-പെയ്ഡ് സ്മാർട്ട് മീറ്റർ കേരളത്തിലും വരും. കുടിശിക വരുത്തുന്നത് ഒഴിവാക്കാനാണിത്.

രാജ്യത്തെ എല്ലാ വൈദ്യുതകണക്ഷനും 2025 മാർച്ചോടെ പ്രീ-പെയ്ഡ് മീറ്റർ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദേശം.
വലിയ മുതൽമുടക്കുള്ളതിനാൽ പ്രീ-പെയ്ഡ് മീറ്റർ ഏർപ്പെടുത്തുന്നതിനോട് കേരളം മുഖം തിരിച്ചുനിൽക്കുകയായിരുന്നു. എന്നാൽ കേന്ദ്രവിജ്ഞാപനം വന്ന സ്ഥിതിക്ക് ബോർഡിനും ഉപഭോക്താക്കൾക്കും സാമ്പത്തിക ബാധ്യതയുണ്ടാക്കാത്ത വിധം ഘട്ടങ്ങളായി ഇത് നടപ്പാക്കുന്നത് ആലോചിക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു.

2023 ഡിസംബർ 2025 മാർച്ച്‌ എന്നിങ്ങനെ രണ്ടുഘട്ടങ്ങളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. പ്രസരണം, വിതരണം, ബില്ലിങ് എന്നിവ ചേർത്ത് 25 ശതമാനത്തിലേറെ നഷ്ടമുള്ള പ്രദേശങ്ങൾ 2023 ഡിസംബറിനകം പൂർണമായും പ്രീപെയ്ഡ് മീറ്ററിലേക്ക് മാറണം. അല്ലാത്ത സ്ഥലങ്ങളിൽ ബ്ലോക്ക്തലം മുതലുള്ള സർക്കാർ ഓഫീസുകളും വാണിജ്യ വ്യവസായ ഉപഭോക്താക്കളും പുതിയ മീറ്റർ സ്ഥാപിക്കണം.

പണം മുൻകൂറായി ലഭിക്കുന്നത് ബോർഡിനും ഗുണകരമാണ്. സെക്ഷൻ ഓഫീസിലിരുന്നു ഉപഭോഗം അറിയാനും വൈദ്യുതി വിച്ഛേദിക്കാനും കഴിയും. മീറ്റർ റീഡിങ്ങും ഒഴിവാകും. 8000 രൂപയാണ് സ്മാർട്ട് മീറ്ററിന്റെ വില.
2019-20 ലെ കണക്കനുസരിച്ച് കേരളത്തിൽ പ്രസരണ വിതരണനഷ്ടം 10 ശതമാനമാണ്. ബില്ലിങ്ങിലെ നഷ്ടവും കൂടി ചേർത്താലും ഇത് 15 ശതമാനത്തിൽ താഴെയാണ്. അതിനാൽ 2023 ഡിസംബറിന് മുമ്പ് കേരളം പൂർണമായും പ്രീപെയ്ഡ് മീറ്ററിലേക്ക് മാറേണ്ടിവരില്ല.

എന്നാൽ ആ സമയത്തിനുള്ളിൽ സർക്കാർ ഓഫീസുകളിലും, വാണിജ്യ-വ്യവസായ കണക്ഷനും സ്മാർട്ട് മീറ്റർ ഘടിപ്പിക്കണം. മതിയായ കാരണമുണ്ടെങ്കിൽ റെഗുലേറ്ററി കമ്മിഷന് ആറുമാസം വീതം രണ്ടുതവണയായി ഒരുവർഷംവരെ സാവകാശം അനുവദിക്കാം. 2025-ഓടെ എല്ലാ പ്രദേശങ്ങളിലും പുതിയ മീറ്ററിങ് സമ്പ്രദായം ഏർപ്പെടുത്തേണ്ടിവരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.