തടവിലാക്കിയ പോലീസ് മേധാവിയെ താലിബാന്‍ വധിച്ചു; കൈകള്‍ കെട്ടി കണ്ണുകള്‍ മൂടി അതിക്രൂരമായി

തടവിലാക്കിയ പോലീസ് മേധാവിയെ താലിബാന്‍ വധിച്ചു; കൈകള്‍ കെട്ടി കണ്ണുകള്‍ മൂടി അതിക്രൂരമായി


കാബൂള്‍: എതിരാളികളോട് പ്രതികാരമില്ലെന്ന് പ്രഖ്യാപിച്ച താലിബാന്‍ ഭീകരര്‍ ഹെറാത്തിനടുത്തുള്ള ബാദ്ഗിസ് പ്രവിശ്യയിലെ പോലീസ് മേധാവി ഹാജി മുല്ല അചാക്സായിയെ അതിക്രൂരമായി വെടിവച്ചുകൊന്നു. കൈകള്‍ കെട്ടി കണ്ണുകള്‍ മൂടപ്പെട്ട അചാക്സായിക്ക് നേരെ വെടിയുണ്ട വര്‍ഷിക്കുന്ന വീഡിയോ മുന്‍ ബിബിസി റിപ്പോര്‍ട്ടര്‍ നസ്രിന്‍ നവ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.താലിബാനെതിരെ ശക്തമായി പോരാടിയ ആളായിരുന്നു അദ്ദേഹം.

ഹെറാത്തിനടുത്താണ് ബാദ്ഗിസ് പ്രവിശ്യ. തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഈ പ്രദേശം താലിബാന്‍ മിന്നല്‍ മുന്നേറ്റത്തില്‍ പിടിച്ചെടുത്തയുടനെ നരച്ച മുടിയുള്ള കമാന്‍ഡറെ തടവിലാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.ഒരാഴ്ച തടവില്‍ പീഡിപ്പിച്ച ശേഷമാണ് അചാക്സായിയുടെ ജീവനെടുത്തത്. വീഡിയോയ്ക്ക് നസ്രിന്‍ നവ നല്‍കിയിട്ടുള്ള അടിക്കുറിപ്പ് : ' താലിബാന്‍ കീഴടങ്ങിയതിന് ശേഷം ബാദ്ഗിസ് പ്രവിശ്യയിലെ പോലീസ് മേധാവി ഹാജി മുല്ലയെ വധിച്ചു. ഇതാണ് അവരുടെ പൊതുമാപ്പ്!'

അറുപതുകളുടെ തുടക്കത്തില്‍, താലിബാനും അഫ്ഗാന്‍ സിവില്‍ ഗവണ്‍മെന്റിന്റെ സൈന്യവും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷത്തില്‍ അറിയപ്പെട്ട സൈനിക പോരാളിയായിരുന്നു അചാക്സായ്. കാബൂള്‍ പിടിച്ചെടുത്തതിനുശേഷം, മുന്‍ ശത്രുക്കളോട് പ്രതികാരം ചെയ്യില്ലെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ യു.എസ്, നാറ്റോ സേനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ താലിബാന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ രഹസ്യ രേഖയില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ട്. അറസ്റ്റ് ചെയ്യേണ്ടവരുടെ പേരുകള്‍ ചേര്‍ത്തുള്ള 'മുന്‍ഗണനാ പട്ടിക' താലിബാന്‍ ഗ്രൂപ്പുകള്‍ക്ക് ഉണ്ടെന്ന് രേഖയില്‍ പറയുന്നു.

യുഎന്‍ ഏജന്‍സികള്‍ക്ക് രഹസ്യ വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്ന നോര്‍വീജിയന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അനാലിസിസ് ആണ് യു എന്നിനു വേണ്ടി ഈ രേഖ തയ്യാറാക്കിയത്.രേഖ പ്രകാരം അഫ്ഗാന്‍ സൈന്യം, പോലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച ആളുകള്‍ മിക്കവാറും അപകടസാധ്യതയുള്ളവരാണ്.താലിബാന്‍ അറസ്റ്റ് ചെയ്യാനാഗ്രഹിക്കുന്ന പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമാക്കി വീടു തോറും കയറിയിറങ്ങുന്നുണ്ട്. ഇതിനിടെ, താലിബാന്‍ ഭരണകൂടത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീവ്രവാദികള്‍ പുതിയ വിവര ദായകരെ അതിവേഗം ചേര്‍ക്കുന്നുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.