പതിനഞ്ച് നേതാക്കള്‍ക്കെതിരേ വ്യാജ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു: മനീഷ് സിസോദിയ

പതിനഞ്ച് നേതാക്കള്‍ക്കെതിരേ വ്യാജ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു: മനീഷ് സിസോദിയ

ന്യൂഡല്‍ഹി: പതിനഞ്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ വ്യാജ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കും ഡല്‍ഹി പൊലീസിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ തളളി ബിജെപി രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ലഭിക്കുന്നതിനായി എഎപി കെട്ടിച്ചമച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഡല്‍ഹി ബിജെപി ഘടകം അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു. എന്നാല്‍ സി.ബി.ഐയ്ക്ക് പ്രധാനമന്ത്രി പതിനഞ്ചു നേതാക്കന്മാരുടെ പേരുകള്‍ അടങ്ങിയ പട്ടിക നല്‍കിയതായി വിശ്വസനീയമായ കേന്ദ്രത്തിന്‍ നിന്നാണ് അറിഞ്ഞതെന്നാണ് മനീഷ് സിസോദിയയുടെ വാദം. പ്രധാനമന്ത്രി നല്‍കിയ പതിനഞ്ചു പേരുടെ പട്ടികയില്‍ പലരും ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

മനീഷ് സിസോദിയയുടെ പ്രസ്താവനയ്ക്ക് പിറകേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സമാനമായ രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. 'ഞങ്ങള്‍ക്കെതിരേ ഇതിന് മുമ്പും നിരവധി വ്യാജ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഒന്നും കിട്ടിയില്ല. നിങ്ങള്‍ വീണ്ടും വ്യാജക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡുകള്‍ നടത്താനും ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് സ്വാഗതം.'എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്.
ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്ഥാന പ്രധാനമന്ത്രിയോട് വാഗ്ദാനം ചെയ്തതായും ആരോപിക്കുന്നുണ്ട്. 'രാകേഷ് അസ്ഥാന മോഡിജിയുടെ ബ്രഹ്മാസ്ത്രമാണ്. എന്തുസംഭവിച്ചാലും തന്നെ ഏല്‍പിച്ച ജോലി ചെയ്യുമെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് വാക്കുനല്‍കിയിട്ടുണ്ട്.' സിസോദിയ പറഞ്ഞു. എഎപി ചെയ്യുന്നത് സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.