മലയാളികൾ ഓണമുണ്ണുമ്പോൾ കുട്ടനാടിനെ മറന്നുപോകരുത്:​​ വി.ഡി സതീശന്‍

മലയാളികൾ ഓണമുണ്ണുമ്പോൾ കുട്ടനാടിനെ മറന്നുപോകരുത്:​​ വി.ഡി സതീശന്‍

തിരുവനന്തപുരം: മലയാളികള്‍ തൂശനിലയില്‍ ഓണമുണ്ണുമ്പോൾ കുട്ടനാടിനെ മറക്കരുതെന്ന് ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍. മനസില്‍ മറക്കാന്‍ പാടില്ലാത്ത ഇടമാണ്​ കുട്ടനാട്. കുട്ടനാട്ടുകാര്‍ കൂടി കൃഷി ചെയ്ത അരി കൊണ്ടാണല്ലോ നമ്മള്‍ ഓണമുണ്ടതെന്നും അദ്ദേഹം ഫേസ്​ബുക്കിലുടെ പറഞ്ഞു.

ഒരു സന്ദര്‍ശനം, നിയമസഭയിലെ അടിയന്തരപ്രമേയം എന്നിവയില്‍ അവസാനിപ്പിക്കാനാവുന്നതേയല്ല കുട്ടനാടും അവിടുത്തുകാരും മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങളും, ചോദ്യങ്ങളുമെന്നും അദ്ദേഹം ഫേസ്​ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അവസാനിക്കാത്ത കെടുതികളില്‍ നിന്ന് കൃഷിക്കാരെയും മീന്‍പിടുത്തക്കാരെയും കക്കവാരുന്ന തൊഴിലാളികളെയും കയര്‍പിരിക്കുന്നവരെയുമെല്ലാം ചേര്‍ത്തു പിടിക്കുകയും അവർക്ക് സംരക്ഷണമൊരുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടിലെ കര്‍ഷകരുമായും മറ്റ് തൊഴിലുകളെടുത്ത് ജീവിക്കുന്നവരുമായും വരും ദിവസങ്ങളില്‍ കൂടുതല്‍ സംസാരിക്കാനാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്​ബുക്ക്​ പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഈ ഓണനാളുകളില്‍ ഏറ്റവും ഓര്‍ത്ത കാര്യങ്ങളിലൊന്ന് കുട്ടനാടിനെക്കുറിച്ചാണ്. അവര്‍കൂടി കൃഷി ചെയ്ത അരി കൊണ്ടാണല്ലോ നമ്മള്‍ ഓണമുണ്ടത്. ഒരു സന്ദര്‍ശനം, നിയമസഭയിലെ അടിയന്തരപ്രമേയം എന്നിവയില്‍ അവസാനിപ്പിക്കാനാവുന്നതേയല്ല കുട്ടനാടും അവിടുത്തുകാരും മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങളും, ചോദ്യങ്ങളും. നമുക്കോരുരുത്തര്‍ക്കും ആവുംവിധം പരിഹാരങ്ങള്‍ തേടണം, അതിനായി നിരന്തരശ്രമം നടത്തുകയും വേണം. അത്രക്കാണ് ആ നാടിന്‍റെ അതിജീവന ശ്രമം.

കര്‍ഷക ദിനം, കാര്‍ഷിക സംസ്കൃതിയുടെ ആഘോഷമായ ഓണം എന്നൊക്കെ നമ്മുടെ കുട്ടികള്‍ പാഠപുസ്തകത്തിലെ അത്ഭുതമായി മാത്രം പഠിക്കാന്‍ ഇടവരാതെയിരിക്കണമെങ്കില്‍ കൃഷിയും കര്‍ഷകനും സംരക്ഷിക്കപ്പെടണം. അവരുടെയും നമ്മുടെയും ആയ മണ്ണും പുഴയും കായലും പരിരക്ഷിക്കപ്പെടണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ അവസാനിക്കാത്ത കെടുതികളില്‍ നിന്ന് കൃഷിക്കാരെയും മീന്‍പിടുത്തക്കാരെയും കക്കവാരുന്ന തൊഴിലാളികളെയും കയര്‍പിരിക്കുന്നവരെയുമെല്ലാ ചേര്‍ത്തു പിടിക്കണം, സംരക്ഷണമൊരുക്കണം. കുട്ടനാട്ടിലെ കര്‍ഷകരുമായും മറ്റ് തൊഴിലുകളെടുത്ത് ജീവിക്കുന്നവരുമായും വരും ദിവസങ്ങളില്‍കൂടുതല്‍ സംസാരിക്കാനാഗ്രഹിക്കുന്നു.

ആള്‍ക്കൂട്ടവും തിക്കും തിക്കുമില്ലാതെയുള്ള ആശയവിനിമയം. പിന്നീട് കൃഷി, ജലസേചനം, പരിസ്ഥിതി, പുനര്‍നിര്‍മിതി എന്നിങ്ങനെയുള്ള മേഖലകളിലെ വിദഗ്ധരുമായും സംസാരിക്കും. അതിന് ശേഷം തുടര്‍നടപടികളെക്കുറിച്ച്‌ നമുക്ക് ഒരുമിച്ചാലോചിക്കാം. എല്ലാവരുടെയും, പ്രത്യേകിച്ച്‌ കുട്ടനാട്ടുകാരുടെ, കുട്ടനാടിനെക്കുറിച്ച്‌ പഠിച്ചവരുടെ പിന്തുണയും മാര്‍ഗനിര്‍ദേശവും ഉണ്ടാകണം. കാര്യങ്ങള്‍ പറഞ്ഞു തരുന്നതിലും തിരുത്തുകളും നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നതിലും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.