തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നൽകി. ഓണത്തിന് ശേഷമുള്ള കോവിഡ് രോഗ വ്യാപന സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ നടക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഓണക്കാലത്ത് പലയിടങ്ങളിലും ആള്‍ത്തിരക്ക് ഉണ്ടായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ല. ഇളവ് നല്‍കിയ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായിയെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് വാക്‌സിന്‍ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. വാക്‌സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
എന്നാൽ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.