വെല്ലിംങ്ടണ്‍: രാഷ്ട്രീയ, ഭരണ പ്രതിസന്ധി മൂലം അഫ്ഗാനിസ്ഥാനില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്ന സേവന പ്രസ്ഥാനങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ 3 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ഈ ഉദാര നടപടിയുടെ പേരില്‍ ന്യൂസിലാന്‍ഡിനോടു നന്ദി പറഞ്ഞു താലിബാന്‍ പ്രതിനിധി.
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ തിരിച്ചുപിടിച്ചതിന് ശേഷം നടത്തിയ ആദ്യ അഭിമുഖത്തിലാണ് ഭീകര സംഘടനയുടെ സാംസ്‌കാരിക കമ്മീഷനില്‍ നിന്നുള്ള അബ്ദുല്‍ ഖഹര്‍ ബല്‍ഖി അല്‍ ജസീറയുടെ ഷാര്‍ലറ്റ് ബെല്ലിസിനോട് സംസാരിക്കവേ ന്യൂസിലാന്‍ഡിനെ പ്രശംസിച്ചതും ആ രാജ്യത്തിനു നന്ദി പറഞ്ഞതും.
'ഈ പ്രതിസന്ധി ഘട്ടത്തില്‍ അഫ്ഗാനികള്‍ക്ക് ന്യൂസിലാന്‍ഡ് 3 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം പ്രഖ്യാപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഞാന്‍ അടുത്തിടെ സാക്ഷ്യം വഹിച്ചു. ന്യൂസിലാന്‍ഡിന്റെ ഉദാര നടപടി ഞങ്ങളുടെ ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയമാണിത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ നന്ദി പറയുന്നു. അഫ്ഗാനിലെ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.്'- താലിബാന്‍ പ്രതിനിധി പറഞ്ഞു. 'മാനുഷികതയുടെ രംഗത്ത് ന്യൂസിലാന്‍ഡ് എപ്പോഴും മുന്‍ നിരയിലാണ്. അഫ്ഗാന്‍ ജനതയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിക്കുന്നതിലും അവര്‍ മുന്‍പന്തിയിലാണ്.'
താന്‍ ന്യൂസിലാന്‍ഡ്കാരിയായതാണ് താലിബാന്‍ പ്രതിനിധിയുമായി അഭിമുഖത്തിന് അനുമതി ലഭിച്ചതിന്റെ ഒരു കാരണമെന്ന് ബെല്ലിസ് പറയുന്നു. 'ഇസ്ലാം തീവ്രവാദികളായ താലിബാന്‍ സമാധാനം ആഗ്രഹിക്കുന്നു; ഇസ്ലാമിക നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നു' അബ്ദുല്‍ ഖഹര്‍ ബല്‍ഖി ബെല്ലിസിനോട് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി, യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി എന്നിവയ്ക്ക് 3 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂത കഴിഞ്ഞ ആഴ്ചയാണ്പ്രഖ്യാപിച്ചത്.'അഫ്ഗാനിസ്ഥാനിലെ മാനുഷിക സാഹചര്യം വളരെ മോശമാണ്, ദശലക്ഷക്കണക്കിന് ആളുകളുടെ സഹായം ആവശ്യമാണവര്‍ക്ക്. സമീപകാല സംഘര്‍ഷത്തില്‍ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.അവരില്‍ 80 ശതമാനവും സ്ത്രീകളും പെണ്‍കുട്ടികളുമാണ്,' മഹൂത പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ റെഡ് ക്രോസ് നിലവില്‍ സിവിലിയന്മാരുടെ സംരക്ഷണത്തിലും അടിയന്തിര ആരോഗ്യ പരിചരണം, വെള്ളം, ശുചിത്വം എന്നിവയുള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.'യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയും കുടിയൊഴിപ്പിക്കപ്പെട്ട അഫ്ഗാനികള്‍ക്ക് സംരക്ഷണവും സഹായ പിന്തുണയും നല്‍കുന്നു. അയല്‍രാജ്യങ്ങളിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളെയും പിന്തുണയ്ക്കുന്നുണ്ട്.
53 ന്യൂസിലാന്‍ഡ് പൗരന്മാരെയും അവരെ സഹായിച്ചിരുന്ന 37 അഫ്ഗാന്‍ പൗരന്മാരെയും അവരുടെ കുടുംബങ്ങളോടൊപ്പം തിരികെ കൊണ്ടുവരാന്‍ സി-130 പ്രതിരോധ സേനയുടെ വിമാനം മിഡില്‍ ഈസ്റ്റിലേക്ക് അയയ്ക്കാനുള്ള പദ്ധതി പ്രധാനമന്ത്രി ജസിന്ദ ആര്‍ഡെന്‍ പ്രഖ്യാപിച്ചിരുന്നു.ഇതിന് 80 പ്രതിരോധ സേനാ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഒരു സംഘത്തെ ശനിയാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് വിജയകരമായി എത്തിച്ചു. ചിലരെ ഓസ്‌ട്രേലിയന്‍ സൈന്യം ഒഴിപ്പിച്ചു.
താലിബാനെ ന്യൂസിലാന്‍ഡ് ഭീകര സംഘടനയായി പട്ടികപ്പെടുത്തിയിട്ടുള്ളതായി ആര്‍ഡെന്‍ പറഞ്ഞിരുന്നു, പുതിയ താലിബാന്‍ ഭരണകൂടം തങ്ങളുടെ പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ന്യൂസിലാന്‍ഡ് ഇനി സ്വീകരിക്കുന്ന നടപടിയെന്നും അവര്‍ അറിയിച്ചു. 'നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജോലിയും വിദ്യാഭ്യാസവും ലഭ്യമാകണമെന്നാണ്. താലിബാന്‍ ഭരണം നടത്തിയിരുന്നിടത്ത് പരമ്പരാഗതമായി അവര്‍ക്ക് ലഭ്യമല്ലാത്ത കാര്യങ്ങളാണിത്' - ആര്‍ഡെന്‍ പറഞ്ഞു. 'ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ് അഫ്ഗാനിലേക്ക്. താലിബാന്‍ അവര്‍ ആഗ്രഹിക്കുന്ന ഭരണരീതിയെക്കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമല്ല. പ്രവൃത്തികളാണു മുഖ്യം'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.