ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കണം; ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ കോണ്‍ഗ്രസ് സൈബര്‍ ടീം

ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കണം; ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ കോണ്‍ഗ്രസ് സൈബര്‍ ടീം

തിരുവനന്തപുരം: കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. കോണ്‍ഗ്രസിന്റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കണമെന്നായിരുന്നു പരാമര്‍ശം ചില നേതാക്കള്‍ നിയമിച്ച സൈബര്‍ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.

ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടികയുടേ പേരില്‍ ഉടലെടുത്ത കലഹം കോണ്‍ഗ്രസ്സിന്റെ സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. നേതാക്കള്‍ തമ്മിലുളള ചേരിപ്പോരാണ് ഇപ്പോള്‍ പ്രവത്തകരുടെ സൈബര്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്. ഗ്രൂപ്പുകളെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ത്തുമൊക്കെ സൈബര്‍ കലഹം കത്തിപ്പടരുകയാണ്.

രമേശ് ചെന്നിത്തല അനുകൂലികളുടെ കൂട്ടായ്മയായ ആര്‍ സി ബ്രിഗേഡ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ പടയൊരുക്ക നീക്കം പുറത്തായതിന് പിന്നാലെ, രമേശ് ചെന്നിത്തലക്കും കുടുംബത്തിനുമെതിരെയാണ് ഇപ്പോള്‍ അധിക്ഷേപം. കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ് ബി പേജിലാണ് ചെന്നിത്തലക്കെതിരെ വാക്ക് പോര് നടക്കുന്നത്. ചെന്നിത്തലയും മകന്‍ രോഹിത് ചെന്നിത്തലയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് മാപ്പുപറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് പുറത്തു പോകണമെന്നതാണ് ഇവരുടെ ആവശ്യം.

ചെന്നിത്തല ശവമടക്ക് നടത്തി പാര്‍ട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോള്‍ അടങ്ങാത്ത പകയോടെ ഉറഞ്ഞാടുന്നത് അംഗീകരിക്കാനാവില്ല. ആര്‍ സി ബ്രിഗേഡ് ഗ്രൂപ്പിലെ ആഹ്വാനത്തെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്നും ജയ് വിളിച്ച കൈകൊണ്ട്, മുഖമടച്ചു തരാന്‍ മടിക്കില്ലെന്നും കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ് ബി പേജില്‍ പറയുന്നു. എന്നാല്‍, ചില നേതാക്കള്‍ നിയമിച്ച സൈബര്‍ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. തമ്മില്‍ തല്ലിച്ച് ഇല്ലായ്മ ചെയ്യാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. ഈ ആഴ്ച തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.