അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 26
വിക്ടര്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായ സെഫിറിനൂസ് റോമാക്കാരനായ ഹബുണ്ടിയൂസിന്റെ മകനാണ്. സെവേരുസു ചക്രവര്‍ത്തിയുടെ പീഡനം ആരംഭിച്ച 202 മുതല്‍ 219 വരെ സഭയെ നയിച്ചത് സെഫിറിനൂസ് മാര്‍പ്പാപ്പയായിരുന്നു. അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു.
എന്നാല്‍ സെഫിറിനൂസാകട്ടെ അപ്പസ്‌തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിന്റെ പ്രതിരൂപമായി അഭിനയിച്ച് ക്രിസ്തുവിന്റെ രണ്ടാം വരവിന് ജനങ്ങളെ ഒരുക്കാന്‍ തുടങ്ങിയ മോന്തനൂസു എന്ന പാഷണ്ഡിയെ ശപിച്ച് മോന്തനിസ്റ്റ് പാഷണ്ഡതയെ തകര്‍ത്തത് സെഫിറിനൂസ് മാര്‍പ്പാപ്പയാണ്.
സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തിയോഡോട്ടസ് എന്നയാള്‍ യേശു ദൈവത്തിന്റെ യഥാര്‍ത്ഥ മകനല്ല എന്ന തന്റെ വാദം പ്രചരിപ്പിക്കുകയും സ്വന്തം സഭ സ്ഥാപിച്ച് ശമ്പളത്തില്‍ ഒരു മെത്രാനെ നിയമിക്കുകയും ചെയ്തു. നതാലിയൂസ് എന്നായിരുന്നു ആ മെത്രാന്റെ പേര്. അതിനു മുന്‍പായി സത്യ ദൈവത്തിലുള്ള തന്റെ വിശ്വാസം തുറന്ന് പറഞ്ഞതിന് ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ആളായിരുന്നു നതാലിയൂസ്.
തനിക്ക് വേണ്ടി സഹനമനുഭവിച്ച ആരും സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നത് യേശു ആഗ്രഹിക്കാത്തതിനാല്‍, നതാലിയൂസിനുണ്ടായ ഒരു ദര്‍ശനത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുകയും തിയോഡോട്ടസിനൊപ്പം ചേര്‍ന്നതില്‍ അദ്ദേഹത്തെ ഗുണദോഷിക്കുകയും ചെയ്തു. സത്യപ്രകാശം കണ്ട നതാലിയൂസ് സെഫിറിനൂസ് മാര്‍പ്പാപ്പയോട് മാപ്പപേക്ഷിച്ചു. ആഴമായ അനുതാപം പ്രകടിപ്പിച്ച നതാലിയൂസിനെ പാപ്പ സഭയില്‍ തിരിച്ചെടുത്തു.
ഇതിനിടെ പ്രാക്‌സീസ്, നോയിറ്റസ്, സബേല്ലിയൂസ് എന്നിവര്‍ മൊഡാലിസമെന്ന മതവിരുദ്ധ വാദവുമായി രംഗത്ത് വരികയും അക്കാര്യം സെഫിറിനൂസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ സെഫിറിനൂസ് അപ്പസ്‌തോലന്‍മാരുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ മതവിരുദ്ധ വാദത്തെ നിശിതമായി വിമര്‍ശിക്കുകയും അതിന്റെ കെടുതിയില്‍ വീഴാതെ കത്തോലിക്കാ സഭയെ പ്രതിരോധിക്കുകയും ചെയ്തു.
കലിസ്റ്റസിന്റെ ഭൂഗര്‍ഭാലയം സഭയ്ക്കായി വാങ്ങിയത് ഈ മാര്‍പ്പാപ്പയുടെ കാലത്താണ്. അങ്ങനെ സംഭവബഹുലമായ പതിനേഴ് വര്‍ഷത്തെ വാഴ്ചയ്ക്കു ശേഷം 219 ഓഗസ്റ്റ് 26 ന് സെഫിറിനൂസ് മാര്‍പ്പാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീക ശരീരം അപ്പിയന്‍ മാര്‍ഗ്ഗത്തിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തതായാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. റോമന്‍ രക്തസാക്ഷികളായ ഇറനെയൂസും അബൂന്തിയൂസും
2. നിക്കോമേഡിയായിലെ അഡ്രിയന്‍
3. ബെര്‍ഗാമോയിലെ അലക്‌സാണ്ടര്‍
4. കാന്റര്‍ ബറിയിലെ ബ്രെഗ്വിന്‍
5. സിംപ്ലിയൂസും, കോണ്‍സ്റ്റാന്റിയൂസും വിക്ടോറിയനും
6. സിസിലിയിലെ ഏലിയാസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26