ന്യൂഡല്‍ഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിന്‍വലിച്ചത് ജനപ്രതിനിധികളുടെ മുപ്പത്തിയാറ് ക്രിമിനല്‍ കേസുകള്‍. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് എംപിമാരും എംഎല്‍മാരും പ്രതികളായ കേസുകള്‍ പിന്‍വലിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സത്യവാങ്മൂലത്തിലൂടെയാണ് സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും, ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചത്.
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും, കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചെന്ന് രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിശദശാംശങ്ങള്‍ കൈമാറാനും സുപ്രീംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ നടപടികള്‍ സംബന്ധിച്ച വിശദശാംശങ്ങളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എംപി മാരും എംഎല്‍എമാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതില്‍ 170 കേസുകളുടെ വിചാരണയാണ് നിലവില്‍ പൂര്‍ത്തിയാക്കാനായി ഉള്ളത്. അഭിഭാഷകനായ ടി.ജി.എന്‍.നായരാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.