കറാച്ചിയില്‍ കത്തോലിക്കാ പള്ളി പൊളിച്ചു; കണ്ണീരണിഞ്ഞ പ്രതിഷേധവുമായി ഇടവകാംഗങ്ങള്‍

കറാച്ചിയില്‍ കത്തോലിക്കാ പള്ളി പൊളിച്ചു; കണ്ണീരണിഞ്ഞ പ്രതിഷേധവുമായി ഇടവകാംഗങ്ങള്‍

കറാച്ചി: പാക്കിസ്ഥാനിലെ തെക്കന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളി ഭാഗികമായി പൊളിച്ചു നീക്കിയ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കണ്ണീരണിഞ്ഞ പ്രതിഷേധവുമായി ഇടവകാംഗങ്ങള്‍. 'ഇത് വേദനാജനകമായ അനുഭവമാണ്. സ്വന്തം വീട് നഷ്ടപ്പെട്ടതിനേക്കാള്‍ ദുഃഖത്തിലാണിവര്‍ '- മുന്‍ ഇടവക വികാരി ഫാ. ബെഞ്ചമിന്‍ ഷെഹ്‌സാദ് യുസിഎ ന്യൂസിനോട് പറഞ്ഞു.'പള്ളി പൊളിക്കുന്നതിന് മുന്നോടിയായി കുരിശും സക്രാരിയും നീക്കം ചെയ്തപ്പോള്‍ ഇടവകാംഗങ്ങള്‍ പലരും വാവിട്ട് കരയുന്നുണ്ടായിരുന്നു.'

പള്ളി നിന്നിരുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഏതാനും പ്ലാസ്റ്റിക് കസേരകള്‍ മാത്രമാണുള്ളത്. തകര്‍ക്കപ്പെടാത്ത ഒരു കുരിശ് മൂലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ജെ സി ബികള്‍ അടര്‍ത്തിക്കളഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് തള്ളി നില്‍ക്കുന്നു മുറിഞ്ഞ ഇരുമ്പ് ബീമുകള്‍. കറാച്ചിയിലൂടെ കടന്നുപോകുന്ന രണ്ട് ഇടുങ്ങിയ അരുവികള്‍(നുള്ള)ക്ക് സമീപമുള്ള സ്ഥലത്ത് വര്‍ഷങ്ങളായുള്ള പള്ളിയുടെ ഒരു ഭാഗം ഗവണ്‍മെന്റിന്റെ കയ്യേറ്റ വിരുദ്ധ മേഖലയിലാണെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടുപിടുത്തം.

പാക്ക് ക്രൈസ്തവ സഭാ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട് സെന്റ് ജോസഫ് ദൈവാലയത്തിന്. ദേവാലയം പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, മതന്യൂനപക്ഷാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന 'സേവ് കറാച്ചി മൂവ്‌മെന്റ്' സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് സിന്ധ് പ്രവിശ്യാ സര്‍ക്കാരിന്റെ അനധികൃത കയ്യേറ്റ വിരുദ്ധ സ്‌ക്വാഡ് പള്ളി പൊളിച്ചത്.

സിന്ധ് സര്‍ക്കാര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്ന് സേവ് കറാച്ചി മൂവ്‌മെന്റംഗമായ ആബിര അഷ്ഫാക് പറഞ്ഞു. മതന്യൂനപക്ഷങ്ങളോടുള്ള തങ്ങളുടെ പെരുമാറ്റത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ ലജ്ജിക്കണം. സമീപത്തുള്ള രണ്ടു ക്രിസ്ത്യന്‍ ദൈവാലയങ്ങള്‍ ഇതിനോടകം തന്നെ പൊളിച്ചുവെന്നും, മേഖലയിലെ വലിയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവസാന ആശ്രയമായ ദൈവാലയമാണ് ഇപ്പോള്‍ പൊളിക്കുന്നതെന്നും മുതിര്‍ന്ന അഭിഭാഷകനായ മുസ്തഫ മെഹ്രാന്‍ പറഞ്ഞു. കൂട്ടായ എതിര്‍പ്പിന്റെ ഫലമായി പൊളിക്കല്‍ താല്‍ക്കാലികമായി തടയുവാന്‍ കഴിഞ്ഞതായി 'സേവ് സെന്റ് ജോസഫ് ചര്‍ച്ച്' കാമ്പയിനില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് സംഘടന അറിയിച്ചു. അതേസമയം പ്രതിഷേധം തണുത്താല്‍ വരും ദിവസങ്ങളില്‍ പൊളിക്കല്‍ തുടരുമോയെന്ന ആശങ്കയും ഉണരുന്നുണ്ട്.

സെന്റ് ജോസഫ് ഇടവകയില്‍ 85 കുടുംബങ്ങളാണുള്ളത്.അവരില്‍ ഭൂരിഭാഗവും പാവപ്പെട്ട തൊഴിലാളികളാണ്.ഈ മേഖലയിലെ ഏകദേശം 66,500 പേരെ കയ്യേറ്റ വിരുദ്ധ നിയമത്തിന്റെ കെടുതി ഇതിനകം ബാധിച്ചിട്ടുണ്ട്. ഗുജ്ജര്‍ നുള്ളയില്‍ 4,900 വീടുകളും ഒറങ്ങി നുള്ളയില്‍ 1700 വീടുകളും പൊളിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി, കറാച്ചി മെട്രോപൊളിറ്റന്‍ കോര്‍പ്പറേഷന്‍, സിന്ധ് ഗവണ്‍മെന്റ് എന്നിവ രണ്ട് നുള്ളാ തീരങ്ങളുടെ ഇരുവശത്തും വീതിയേറിയ റോഡ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. ഇറക്കി വിടുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാര നയത്തിന്റെ ഭാഗമായി ആറ് മാസത്തെ വാടകയിനത്തില്‍ 90,000 രൂപയാണ് നല്‍കുന്നത്. ജൂണില്‍, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പാക്കിസ്ഥാനോട് ജലപാതയോരത്ത് താമസിക്കുന്ന 100,000 ആളുകളെ ഒഴിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.