കാബൂള്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം; സ്ഥിരീകരണവുമായി പെന്റഗണ്‍

കാബൂള്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം; സ്ഥിരീകരണവുമായി പെന്റഗണ്‍


വാഷിംഗ്ടണ്‍: കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌ഫോടനം ഉണ്ടായതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ജീവാപായമുണ്ടായോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്ന് പെന്റഗണിന്റെ പ്രധാന വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.കഴിയുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ പാശ്ചാത്യ സേന തിരക്കു കൂട്ടുന്നതിനിടെയാണ് സംഭവം..

സ്‌ഫോടനത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ പെന്റഗണ്‍ അറിയിച്ചതായി ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കക്കാരോട് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 91 സൈനിക ചരക്ക് വിമാനങ്ങളിലായി കാബൂളില്‍ നിന്ന് 13,400 പേരെ സംയുക്ത സൈന്യം ഒഴിപ്പിച്ചിരുന്നു. ഓഗസ്റ്റ് 14 -ന് കൂട്ട കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചതിനുശേഷം, ഏകദേശം 95,700 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് വിമാനമാര്‍ഗം പുറത്തെത്തിച്ചു. ഏകദേശം 4,500 യുഎസ് പൗരന്മാരും അവരുടെ കുടുംബാംബങ്ങളും ഉള്‍പ്പെടെ ജൂലൈ അവസാനം മുതല്‍ 101,300 പേരെയാണ് ആകെ ഒഴിപ്പിച്ചത്.


1,500 അമേരിക്കക്കാരെ ഒഴിപ്പിക്കാന്‍ ബാക്കിയുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ ഓഗസ്റ്റ് 31 ന് അവസാനിക്കുമെന്ന് ബൈഡന്‍ അറിയിച്ചിരുന്നു.മാസാവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്ന് ജി -7, നാറ്റോ, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ നേതാക്കളോട് അദ്ദേഹം ചൊവ്വാഴ്ച ആവര്‍ത്തിച്ചു.

ഏകദേശം 5,400 യുഎസ് സൈനികര്‍ കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങളെ സഹായിക്കുന്നുണ്ട്. ഏകദേശം 200 യുഎസ് സൈനിക വിമാനങ്ങള്‍ ദൗത്യത്തിനായി രംഗത്തുണ്ട്. ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ സംഘം അനുവദിക്കില്ലെന്നും മാസാവസാനത്തിന് ശേഷം ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് നേരത്തെ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.