അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 27
തിരുസഭയിലെ മഹാനായ വേദപാരംഗതന്‍ എന്നറിയപ്പെടുന്ന വിശുദ്ധ അഗസ്റ്റിന്റെ മാതാവാണ് വിശുദ്ധ മോനിക്ക. വടക്കന്‍ ആഫ്രിക്കയിലെ തഗാസ്‌തെയില്‍ 331 ലാണ് മോനിക്ക ജനിച്ചത്. ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്തപ്പെട്ട പെണ്‍കുട്ടി ചെറുപ്പത്തില്‍ തന്നെ ചെറിയ ആശാ നിഗ്രഹങ്ങള്‍ വഴി സുകൃതങ്ങള്‍ അഭ്യസിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
'വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍' എന്ന കൃതിയില്‍ പറയുന്നതു പ്രകാരം പിതാവിനെ പരിപാലിച്ച അതേ പരിചാരികയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് മോനിക്കയും വളര്‍ന്നത്. പാട്രിഷ്യസ് എന്ന വിജാതീയനായിരുന്നു അവളെ വിവാഹം ചെയ്തത്. മറ്റുള്ള സ്വഭാവ ദൂഷ്യങ്ങള്‍ക്ക് പുറമേ വളരെയേറെ മുന്‍കോപിയുമായിരുന്നു അവളുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ ഒപ്പമുള്ള ജീവിതത്തിലെ സഹനം വഴിയാണ് വിശുദ്ധക്ക് അപാരമായ സഹന ശക്തിയുണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു.
വിജാതീയനും കോപിഷ്ഠനുമായ തന്റെ ഭര്‍ത്താവിനെ ദൈവത്തിങ്കലേയ്ക്ക് ആനയിക്കുകയെന്ന ലക്ഷ്യത്തോടെ അവള്‍ പരിശ്രമം തുടങ്ങി. മോനിക്കായുടെ നിരന്തരമായ പ്രാര്‍ത്ഥനയും ക്ഷമയും വഴി 370-ല്‍ പട്രീഷ്യസ് ജ്ഞാനസ്നാനം സ്വീകരിച്ചു. അടുത്തവര്‍ഷം അദ്ദേഹം മരിക്കുകയും ചെയ്തു. മോനിക്കായ്ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. നവിജിയൂസ്, പെര്‍പ്പെച്ചുവ, അഗസ്റ്റിന്‍ എന്നിവരായിരിന്നു അവര്‍. അതില്‍ മൂത്ത ആളാണ് അഗസ്റ്റിന്‍.
തന്റെ മക്കളെ ക്രൈസ്തവ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തുവാന്‍ മോനിക്കാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിബുദ്ധിമാനായ തന്റെ മൂത്തപുത്രന്‍ അഗസ്റ്റിന്‍ ഒരു ക്രൈസ്തവ വിശ്വാസിയും മഹാപണ്ഡിതനുമായിത്തീരണമെന്ന് ന്യായമായും അവള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പതിനേഴാമത്തെ വയസില്‍ കാര്‍ത്തേജില്‍ വിദ്യാഭ്യാസത്തിനായി പോയ അഗസ്റ്റിന്‍ മാനിക്കേയന്‍ പാഷണ്ഡതകളില്‍ ആകൃഷ്ടനാവുകയും വിഷയാസക്തികള്‍ക്ക് വിധേയനാവുകയും ചെയ്തു.
അന്നുമുതല്‍ അഗസ്റ്റിന്റെ മാനസാന്തരം വരെ മോനിക്കായുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. പല വൈദികരും മെത്രാന്മാരും അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ, അതൊന്നും അഗസ്റ്റിനെ ലേശവും കുലുക്കിയില്ല. മകനെയോര്‍ത്ത് വിലപിച്ചിരുന്ന മോനിക്കായോട് ഒരു മെത്രാന്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ''നീ ചെയ്യുന്നതുപോലെ തുടരുക. ഇത്രയേറെ കണ്ണീരിന്റെ മകന്‍ നശിക്കുക അസാധ്യമാണ്.''
അഗസ്റ്റിന്റെ മാനസാന്തരത്തിനുവേണ്ടിയുള്ള മോനിക്കായുടെ ദീര്‍ഘകാലത്തെ അനുസ്യൂതമായ പ്രാര്‍ത്ഥനകളും കഷ്ടതകളും അവസാനം ദൈവം കൈക്കൊണ്ടു. തന്റെ തെറ്റുകള്‍ മനസിലാക്കി പശ്ചാത്തപിച്ചു മാനസാന്തരപ്പെട്ട അഗസ്റ്റിന്‍ മിലാനില്‍ വച്ച് ജ്ഞാനസ്നാനം സ്വീകരിക്കുകയും പിന്നീട് മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.
അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ പ്രിയ മാതാവിനെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു: ''ഇതര മാതാക്കള്‍ തങ്ങളുടെ സന്താനങ്ങളുടെ മൃതശരീരങ്ങള്‍ കണ്ടു കണ്ണുനീര്‍ പൊഴിക്കുന്നതിലധികമായി എന്റെ തെറ്റുകള്‍ കണ്ട് അമ്മ വിലപിച്ചിരുന്നു.''
മിലാനില്‍ നിന്ന് അഗസ്റ്റിനൊപ്പം ആഫ്രിക്കയിലേയ്ക്കു മടങ്ങവേ ഓസ്റ്റിയായില്‍ വച്ച് മോനിക്ക രോഗബാധിതയാവുകയും വൈകാതെ മരണമടയുകയും ചെയ്തു. മരിക്കുന്നതിനുമുമ്പ് മോനിക്ക മക്കളോട് ഇങ്ങനെ പറഞ്ഞിരുന്നു: 'എന്റെ മൃതശരീരം നിങ്ങള്‍ക്കിഷ്ടമുള്ളിടത്ത് സംസ്‌കരിച്ചുകൊള്ളുക. പക്ഷേ, നിങ്ങള്‍ എവിടെ ആയിരുന്നാലും ബലിപീഠത്തില്‍ എന്നെയും അനുസ്മരിക്കണം.'വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രത്തില്‍ അമ്മയായ വിശുദ്ധ മോനിക്കയുടെ മരണത്തെ കുറിച്ച് വിവരിക്കുന്ന ഭാഗം ഹൃദയഭേദകമാണ്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. പേഴ്‌സ്യന്‍ കന്യകയായ അന്തൂസ
2. ആള്‍സിലെ സെസെരിയൂസ്
3. റൂഫൂസും കാര്‍പൊഫോറൂസും
4. വെയില്‍സിലെ ഡെക്കുമെന്‍
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.