ചത്തീസ്ഗഡ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; ബാഘേലിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തം

ചത്തീസ്ഗഡ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; ബാഘേലിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തം

റായ്പുര്‍: ചത്തീസ്ഗഡ് കോണ്‍ഗ്രസിലും പ്രതിസന്ധി രൂക്ഷമാകുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കുകയാണ് സിങ് ഡിയോയും അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റ് എംഎല്‍എമാരും. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ഭൂപേഷ് ബാഘേല്‍ ഈ ആഴ്ചയില്‍ രണ്ടാമത്തെ തവണയാണ് രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. എംഎല്‍എമാരെയും ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം രണ്ട് ടേം ആയി വീതം വെക്കുകയും ആദ്യ രണ്ടര വര്‍ഷം ഭൂപേഷ് ബാഘേല്‍ സംസ്ഥാന മുഖ്യമന്ത്രിയാകുകയുമായിരുന്നു. രണ്ട് ടേം വ്യവസ്ഥ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ലെങ്കിലും ജൂണില്‍ രണ്ടര വര്‍ഷം തികഞ്ഞത് മുതല്‍ സിങ് ഡിയോ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ചൊവ്വാഴ്ച ഇരു നേതാക്കളും രാഹുല്‍ ഗാന്ധിയെ കണ്ടു. തിരിച്ച് സംസ്ഥാനത്ത് എത്തിയ ഭൂപേഷ് ബാഘേല്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞാല്‍ മാത്രമേ സ്ഥാനമൊഴിയുകയുള്ളൂയെന്നും അല്ലാതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഡിയോ സിങ് തിരികെ സംസ്ഥാനത്തേക്ക് എത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുകൂല തീരുമാനത്തിനായി ഡല്‍ഹിയില്‍ തുടരുകയാണ് ബാഘേല്‍ മന്ത്രിസഭയിലെ അംഗമായ സിങ്. എന്നാല്‍ സിങ് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തള്ളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.