തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് നൂറ് ദിവസം. 2021 മേയ് 20-നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഒന്നാംസര്‍ക്കാരിന്റെ അവസാനകാലത്ത് തുടക്കമിട്ട നൂറുദിന കര്‍മപദ്ധതികള്‍ വീണ്ടും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പിണറായി സര്‍ക്കാരിന്റെ തുടക്കം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 100 ദിന കര്‍മ പദ്ധതികളുടെ അവലോകനവും ഇതിന്റെ ഭാഗമായി നടന്നു. 193 പദ്ധതികള്‍ 100 ദിന കര്‍മ പദ്ധതിയില്‍ പ്രഖ്യാപിച്ചതില്‍ 35 എണ്ണം പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. 115 പദ്ധതികള്‍ സെപ്റ്റംബര്‍ 19നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
മുട്ടില്‍ മരംമുറി, നിയമസഭ കൈയാങ്കളി കേസില്‍ മന്ത്രിയടക്കം വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി, കെ.എം. മാണിക്കെതിരായ സുപ്രീംകോടതി പരാമര്‍ശം, രാമനാട്ടുകര സ്വര്‍ക്കടത്ത് കേസിലെ സി.പി.എം. ബന്ധം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇതെല്ലാം സര്‍ക്കാരിനേയും, എല്‍.ഡി.എഫിനേയും ഈ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങളായിരുന്നു.
കൂടാതെ കോവിഡ് കാലത്തെ പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതും സര്‍ക്കാരിന്റെ ശോഭ കെടുത്തി. സ്വര്‍ണക്കടത്ത് ആരോപണം ഒന്ന് അതിജീവിച്ചതിനാല്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സര്‍ക്കാരിനെ അധികം ബാധിച്ചില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി മറികടക്കാനുള്ള നടപടികളിലേക്കും ഇതിനിടയില്‍ സര്‍ക്കാര്‍ കടന്നു. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് വലിയ ചര്‍ച്ചയായെങ്കിലും നടപടിയെടുത്ത് വിവാദം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. പക്ഷെ വിദ്യാശ്രീ, ഇ ഓട്ടോ പദ്ധതികള്‍ പാളിയത് സര്‍ക്കാരിന് വീണ്ടും ക്ഷീണമായി. കുണ്ടറയില്‍ യുവതിയെ അപമാനിച്ചെന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന വിവാദം അവസാനിച്ചെങ്കിലും മന്ത്രി രണ്ടാമതും ഫോണ്‍ വിളി വിവാദത്തില്‍പെട്ടത് സര്‍ക്കാരിന് തിരിച്ചടിയായി.
നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി വിചാരണ നേരിടണമെന്ന് സുപ്രീകോടതി ഉത്തരവാണ് സര്‍ക്കാരിന് തലവേദനയായ മറ്റൊരു തിരിച്ചടി. ജനജീവിതം പൂര്‍ണമായി അടച്ചിടേണ്ടി വന്നത് നിമിത്തം സംസ്ഥാനത്തുണ്ടായ വരുമാനം നഷ്ടവും തിരിച്ചടിയായി. കോവിഡ് വ്യാപനത്തിലെ പാളിച്ച രാജ്യത്ത് തന്നെ വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം ഇപ്പോള്‍ കടന്നു പോകുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഇപ്പോള്‍ കേരളത്തിലാണുള്ളത്. നൂറ് ദിനം പൂര്‍ത്തായാകുമ്പോള്‍ കോവിഡ് മഹാമാരി തന്നെയാണ് സര്‍ക്കാരിന് വെല്ലുവിളിയാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.