സിഡ്‌നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ സെപ്റ്റംബറില്‍ ദയാവധ ബില്‍ പരിഗണിക്കാനിരിക്കെ, കടുത്ത എതിര്‍പ്പുമായി മുന്‍ പ്രധാനമന്ത്രി ടോണി അബൊട്ട്. രോഗസൗഖ്യം നല്‍കുന്നവരില്‍നിന്ന് ഡോക്ടര്‍മാരെ കൊലയാളികളാക്കി മാറ്റാനേ ഈ നിയമം ഉപകരിക്കൂ. ഇത് മെഡിക്കല്‍ പ്രൊഫഷനെ സംബന്ധിച്ച് ഒരു ദുരന്തവും സമൂഹത്തിന്റെ അപചയവും ആയിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നൂറിലധികം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനായി നടത്തിയ സംവാദത്തിലാണ് മുന്‍ പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ബില്ലിലെ ശിപാര്‍ശകള്‍ അടിസ്ഥാനപരമായി പിഴവുള്ളതാണെന്നും ആരോഗ്യരംഗത്തെ ധാര്‍മ്മികതയ്ക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ദ്ദിഷ്ട ദയാവധ നിയമങ്ങള്‍ ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ അടിസ്ഥാനപരമായി ദുര്‍ബലപ്പെടുത്തുമെന്ന് ടോണി അബൊട്ട് കുറ്റപ്പെടുത്തി.
സ്വതന്ത്ര എംപിയായ അലക്സ് ഗ്രീന്‍വിച്ച് ആണ് പാര്‍ലമെന്റില്‍ ദയാവധ ബില്‍ കൊണ്ടുവന്നത്. ഇതുസംബന്ധിച്ച ചര്‍ച്ച സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.
ആത്മഹത്യയെ നിയമവിധേയമാക്കുകയാണ് ഈ ബില്‍ ചെയ്യുന്നതെന്ന് ടോണി അബൊട്ട് പറഞ്ഞു. പൗരന്മാരുടെ മാനസികവും ആരോഗ്യപരവുമായ ഉന്നമനത്തിനായി സംസ്ഥാന, ഫെഡറല്‍ സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളറുകളാണ് ചെലവഴിക്കുന്നത്. ജീവിതം വ്യര്‍ഥവും അര്‍ത്ഥശൂന്യവുമാണെന്ന് തോന്നുന്ന ഘട്ടത്തിലേക്ക് പോകാതിരിക്കാനാണ് ഈ പണം ചെലവിടുന്നത്.
ദയാവധത്തിനെതിരേയുള്ള നിലപാടുകള്‍ തങ്ങളുടെ പ്രാദേശിക ജനപ്രതിനിധികള്‍ക്ക് മുന്നില്‍ ശക്തമായി അവതരിപ്പിക്കണമെന്നും അബൊട്ട് ആവശ്യപ്പെട്ടു.
ദയാവധം നിയമവിധേയമാക്കുന്നതിനെ എതിര്‍ക്കുന്ന ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും കൂട്ടായ്മയായ ഹോപ്പ് ഇതുസംബന്ധിച്ച് ആശങ്ക സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയനെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാന്‍ പ്രീമിയര്‍ യുക്തിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് കത്തില്‍ അഭ്യര്‍ഥിക്കുന്നു.
ദയാവധത്തിനെതിരേയുള്ള കാമ്പെയിനില്‍ നിങ്ങള്‍ക്കും പങ്കുചേരാം. ഹോപ്പിന്റെ വെബ്‌സൈറ്റ് ചുവടെ ചേര്‍ക്കുന്നു:
https://www.noeuthanasia.org.au/protect_life_nsw
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.