7,200 വര്‍ഷം പഴക്കമുള്ള അസ്ഥിയുടെ ഡി.എന്‍.എ യില്‍ 500 നൂറ്റാണ്ടു മുമ്പത്തെ നരവംശത്തിലേക്കു സൂചന

7,200 വര്‍ഷം പഴക്കമുള്ള അസ്ഥിയുടെ ഡി.എന്‍.എ യില്‍ 500 നൂറ്റാണ്ടു മുമ്പത്തെ നരവംശത്തിലേക്കു സൂചന

ജക്കാര്‍ത്ത: 7,200 വര്‍ഷം മുമ്പ് അടക്കം ചെയ്യപ്പെട്ട കൗമാരക്കാരിയുടെ അസ്ഥി ശകലങ്ങള്‍ ഇന്തോനേഷ്യന്‍ ദ്വീപിലെ ചുണ്ണാമ്പുഗുഹയില്‍ നിന്നു കണ്ടെടുക്കാന്‍ കഴിഞ്ഞതോടെ നരവംശ ശാസ്ത്രജ്ഞര്‍ക്കു തുറന്നു കിട്ടിയത് 50000 വര്‍ഷം മുമ്പ് ഭൂഖണ്ഡങ്ങള്‍ കടന്ന് പുതിയ വിഹാര രംഗങ്ങള്‍ കണ്ടെത്തിയ മനുഷ്യപരമ്പരയിലേക്കുള്ള പുതിയൊരു വിജ്ഞാന പാത. ഡി.എന്‍.എ (DNA) പരിശോധനാഫലം ഉള്‍പ്പെടെയുള്ള പഠന വിവരങ്ങള്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.അന്താരാഷ്ട്ര ഗവേഷകരുടെ സംഘം 2015-മുതലാണ് മേഖലയില്‍ ഖനനം ആരംഭിച്ചത്.

ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവെസി ദ്വീപില്‍ ലിയാങ് പാന്നിങ് എന്ന ചുണ്ണാമ്പു ഗുഹയിലാണ് 'വാലേസിയ' വംശത്തിലെ 17-നും 18-നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരിയുടെ 7,200 കൊല്ലം പഴക്കമുള്ള ഫോസില്‍ കണ്ടെത്തിയത്. ഭ്രൂണാകൃതിയില്‍ അടക്കം ചെയ്ത നിലയിലായിരുന്നു ഈ ശരീരം. മേഖലയില്‍ വേട്ടയാടി ജീവിച്ചിരുന്ന 'ടോവലീന്‍' (Toalean) സംസ്‌കാര പശ്ചാത്തലമുള്ള പെണ്‍കുട്ടിയുടേതാണിതെന്ന്് ഡി.എന്‍.എ. പരിശോധന നടത്തിയ വിദഗ്ധര്‍ പറയുന്നു.ആദ്യമായാണ് ഈ വംശത്തിന്റെ അസ്ഥി കണ്ടെത്തുന്നത്.ചുണ്ണാമ്പു പൊതിഞ്ഞിരുന്നതിനാലാണ് തീര്‍ത്തും ജീര്‍ണ്ണിക്കാതെ പരിശോധന സാധ്യമാകും വിധം ഫോസില്‍ (fossil) ലഭ്യമായത്.

ടോവലീന്‍ വംശത്തിന് ഇന്തോനേഷ്യന്‍ ഗോത്ര വിഭാഗമായ പാപ്പുവന്‍സുമായുള്ള (Papuan) ബന്ധം പെണ്‍കുട്ടിയുടെ ഡി.എന്‍.എ തെളിയിക്കുന്നുണ്ട്. കൂടാതെ ഓസ്‌ട്രേലിയയിലെ തദ്ദേശീയരുമായുള്ള ബന്ധവും വ്യക്തമായി. എന്നാല്‍, ഇതുവരെയും കണ്ടെത്താത്ത തരത്തിലുള്ള ജനിതകഘടനയാണിതെന്ന് നേച്ചര്‍ ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഏഷ്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള ദ്വീപ് മേഖലയിലെ വാലേസിയ എന്നറിയപ്പെടുന്ന ആദ്യത്തെ പുരാതന മനുഷ്യ ഡിഎന്‍എ ഞങ്ങള്‍ കണ്ടെത്തി. ആദ്യകാല ആധുനിക മനുഷ്യരുടെ ജനിതക വൈവിധ്യത്തെക്കുറിച്ചും ജനസംഖ്യാ ചരിത്രത്തെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ച നല്‍കുന്ന സംഭവമാണിത് ' - പഠന പരിപാടിയുടെ സഹസംവിധായകനായ ആദം ബ്രും പറഞ്ഞു. ഗ്രിഫിത്ത് സര്‍വകലാശാലയുടെ ഓസ്‌ട്രേലിയന്‍ ഗവേഷണ കേന്ദ്രത്തിലെ മനുഷ്യ പരിണാമ വിഭാഗത്തില്‍ പുരാവസ്തു പ്രൊഫസര്‍ ആണദ്ദേഹം.

ആദ്യത്തെ ആധുനികരെന്നു വിളിക്കാവുന്ന മനുഷ്യര്‍ വാലേസിയ ദ്വീപുകള്‍ ഉപയോഗിച്ചു; പ്രധാനമായും സുലവേസി, ലോംബോക്ക്, ഫ്‌ളോറസ് എന്നിവ ഉള്‍പ്പെടുന്ന ഇന്തോനേഷ്യന്‍ ദ്വീപ സമൂഹം. 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിലേക്ക് ഇവര്‍ വന്നെത്തിയെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഈ റൂട്ടില്‍ എങ്ങനെയാണ് സഞ്ചാരം സാധ്യമായതെന്ന കാര്യം അജ്ഞാതമാണ്.

'കഴിഞ്ഞ ഹിമയുഗത്തില്‍ ഗ്ലേഷ്യല്‍ കൊടുമുടികള്‍ക്കിടയിലെ ദ്വീപുകള്‍ക്കിടയില്‍ താരതമ്യേന സങ്കീര്‍ണ്ണമായ ഏതോ തരം യാനങ്ങള്‍ ഉപയോഗിച്ചാകണം അവര്‍ യാത്ര നടത്തിയത്.ഇപ്പോഴത്തേക്കാള്‍ ആഗോള സമുദ്രനിരപ്പ് 140 മീറ്റര്‍ (459 അടി) വരെ താഴ്ന്നാണ് അന്നുണ്ടായിരുന്നത്. 'ബ്രൂം പറഞ്ഞു. 47,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദ്വീപുകളില്‍ മനുഷ്യര്‍ ജീവിച്ചിരുന്നതായി ഉപകരണങ്ങളും ഗുഹാചിത്രങ്ങളും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഫോസിലുകള്‍ അതീവ വിരളമാണ്. പുരാതന അവശിഷ്ടങ്ങളിലെ ഡിഎന്‍എ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ കൂടുതല്‍ വേഗം ജീര്‍ണ്ണമാകും.

'ഏകദേശം 8,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏകദേശം എ ഡി അഞ്ചാം നൂറ്റാണ്ട് വരെ തെക്കന്‍ സുലവേസിയിലെ വനപ്രദേശങ്ങളിലും പര്‍വതങ്ങളിലും ജീവിച്ചിരുന്ന വേട്ടക്കാരുടെ പ്രഹേളിക സംസ്‌കാരത്തിന് പുരാവസ്തു ഗവേഷകര്‍ നല്‍കിയ പേരാണ് ടോലിയന്‍സ്. '- ബ്രൂം പറഞ്ഞു. 'ദ്വീപുകളിലോ ഇന്തോനേഷ്യയിലോ മറ്റെവിടെയുമോ കാണാത്ത തരത്തിലുള്ള വളരെ വ്യതിരിക്തമായ ശിലായുധങ്ങള്‍ അവര്‍ ഉണ്ടാക്കി. 'മാരോസ് പോയിന്റുകള്‍' എന്നറിയപ്പെടുന്ന ചെറിയ, നന്നായി നിര്‍മ്മിച്ച ചെറിയ അമ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ടോളിയന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടു ലഭിച്ച ആദ്യത്തെ പൂര്‍ണ്ണവും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ അസ്ഥി ഭാഗമാണ് യുവ വേട്ടക്കാരിയുടേതെന്ന് ബ്രൂം പറഞ്ഞു. തലയോട്ടിയുടെ അടിഭാഗത്തുള്ള വെഡ്ജ് ആകൃതിയിലുള്ള പെട്രസ് അസ്ഥിയില്‍ നിന്ന് ഡിഎന്‍എ വീണ്ടെടുക്കാന്‍ ജര്‍മ്മനിയിലെ ജെനയിലുള്ള മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ഡോക്ടറല്‍ ഗവേഷകയായ സെലീന കാള്‍ഹോഫിന് കഴിഞ്ഞു.'ഉഷ്ണമേഖലാ കാലാവസ്ഥയാല്‍ അവശിഷ്ടങ്ങള്‍ വല്ലാത്ത അവസ്ഥയിലായരുന്നു.'

50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാലേസിയയില്‍ പ്രവേശിച്ച ആധുനിക മനുഷ്യരുടെ ആദ്യ തലമുറയില്‍ ഉള്‍പ്പെട്ടതാകാം അവള്‍ എന്ന് ഡിഎന്‍എ സൂചിപ്പിച്ചു.'ഗ്രേറ്റര്‍ ഓസ്‌ട്രേലിയ' യുടെ പ്രാരംഭ കോളനിവല്‍ക്കരണത്തിന്റെ കാലമാകാം അവളുടേത്. ഓസ്‌ട്രേലിയയുടെയും ന്യൂ ഗിനിയയുടെയും സംയുക്ത ഹിമയുഗ ഭൂപ്രദേശത്തായിരുന്നിരിക്കാം അവള്‍ വേട്ടയാടി ജീവിച്ചത്. ഇന്നത്തെ തദ്ദേശീയരായ ഓസ്ട്രേലിയക്കാരുടെയും പാപ്പാന്‍മാരുടെയും പൂര്‍വ്വികര്‍ ഇവളുടെ വര്‍ഗ്ഗക്കാരാണെന്ന് ബ്രൂം പറഞ്ഞു.

.വാലേഷ്യ ദ്വീപുകളില്‍ കണ്ടെത്തിയ ഏറ്റവും പഴയ ജീനോം ഈ പ്രദേശത്ത് ആധുനിക മനുഷ്യരുടെ ഒരു പ്രത്യേക സംഘം ഉണ്ടായിരുന്നിരിക്കാമെന്ന് സൂചിപ്പിക്കുന്നതായി ബ്രൂം ചൂണ്ടിക്കാട്ടുന്നു.എന്തായാലും ഈ വംശത്തിന്റെ പിന്‍ഗാമികള്‍ അവശേഷിക്കുന്നില്ല.
അവളുടെ ജീനോമില്‍ വംശനാശം സംഭവിച്ച ഡെനിസോവന്‍സ് (Denisovans) എന്ന ഒരു കൂട്ടം മനുഷ്യരുടെ മറ്റൊരു സൂചനയും ഉള്‍പ്പെടുന്നു. ഈ ആദ്യകാല മനുഷ്യര്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ഒരു പിടി ഫോസിലുകള്‍ പ്രധാനമായും സൈബീരിയയില്‍ നിന്നും ടിബറ്റില്‍ നിന്നുമാണ് കിട്ടിയത്.
'അവരുടെ ജീനുകള്‍ ലിയാങ് പാനിംഗിലെ ഫോസിലുകളിലും കാണപ്പെട്ടു എന്നത് ഡെനിസോവന്‍സ് വളരെ വലിയ ഭൂമിശാസ്ത്രപരമായ പ്രദേശം കൈവശപ്പെടുത്തിയെന്ന മുന്‍ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു' എന്ന് മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍ക്കിയോജെനെറ്റിക്‌സ് പ്രൊഫസര്‍ യൊഹാന്നസ് ക്രോവുസ് പറഞ്ഞു.

'ഡെനിസോവാനുകളുടെയും ആധുനിക മനുഷ്യരുടെയും ഭൂമിശാസ്ത്രപരമായ സംഗമം വാലേസിയ മേഖലയില്‍ ഉണ്ടായിട്ടുണ്ടാവാം. ഡെനിസോവക്കാരും തദ്ദേശീയരായ ഓസ്‌ട്രേലിയന്‍മാരും പാപ്പുവാനുകളും ആദ്യമായി പരസ്പരം ഇടപെട്ട പ്രധാന സ്ഥലമായിരിക്കാം ഇത്,' ഫ്രാങ്ക്ഫര്‍ട്ടിലെ സെന്‍കെന്‍ബെര്‍ഗ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ എവലൂഷന്‍ ആന്‍ഡ് പാലിയോ എന്‍വയോണ്‍മെന്റിലെ പ്രൊഫസര്‍ കോസിമോ പോസ്റ്റ് പറഞ്ഞു.
ടോവ്‌ലിയന്‍ സംസ്‌കാരത്തിന് എന്താണ് സംഭവിച്ചതെന്ന് ഗവേഷകര്‍ക്ക് അറിയില്ല. അതേസമയം, തെക്കുകിഴക്കന്‍ ഏഷ്യയിലെ മനുഷ്യരുടെ പുരാതന ജനിതക ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ഏറ്റവും പുതിയ കണ്ടെത്തല്‍ പ്രഹേളികാ നിര്‍ധാരണത്തിലേക്കുള്ള ദിശാസൂചകമായി മാറുന്നു. ടോവ്‌ലിയന്‍ ജനതയില്‍ നിന്നുള്ള കൂടുതല്‍ പുരാതന ഡിഎന്‍എ കള്‍ വീണ്ടെടുക്കാനും അതിന്റെ വൈവിധ്യമാര്‍ന്ന പൂര്‍വ്വിക കഥ വെളിപ്പെടുത്താനും കഴിയുമെന്ന് ബ്രൂം പ്രതീക്ഷിക്കുന്നു.

1980-കളിലാണ് ഫോസിലുകളിലെ ഡി എന്‍ എ കൈയൊപ്പുകള്‍ കൂടുതല്‍ കൃത്യമായി നിര്‍ണ്ണയിക്കാനുതകുന്ന സാങ്കേതികവിദ്യകള്‍ ഉരുത്തിരിഞ്ഞത്. വളരെക്കുറച്ചുമാത്രം തെളിവുകള്‍ അവശേഷിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണത്തിനു് ഡി എന്‍ എ അനാലിസിസ് എങ്ങനെ ഉപയോഗിക്കാം? ഉണങ്ങി വറ്റിപ്പോയ ഒരു തുള്ളി ഉമിനീര്‍, കുപ്പിയില്‍ പറ്റിപ്പിടിച്ച ഒരു വിയര്‍പ്പുപാട്, പരാക്രമത്തില്‍ പിടിച്ചുപറിച്ച ഒരൊറ്റ നാരു് മുടി, ധരിച്ചിരുന്ന അടിവസ്ത്രത്തിലെ ഒരു നനവുപാട് ഇതില്‍ നിന്നൊക്കെ, മഹാകോടി വിവരങ്ങള്‍ അടങ്ങിയ ഒരു സാമ്പിള്‍ ശേഖരിക്കാനാവും.

ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ പ്രൊ. ഹര്‍ ഗോവിന്ദ് ഖൊരാനയുടെ പഠനഗവേഷണങ്ങളാണു് ഡി എന്‍ എയുടെ അക്ഷരക്രമം ജനിതകസൂത്രങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കിയത്. ഈ കണ്ടെത്തലിന്് 1968-ല്‍ അദ്ദേഹത്തിനു നോബല്‍ സമ്മാനം ലഭിച്ചിരുന്നു. അദ്ദേഹം തന്നെയാണു് പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ എന്ന സാങ്കേതികവിദ്യയെപ്പറ്റി ആദ്യം പ്രവചിച്ചതും. എന്നാല്‍ ഇതു ഫലത്തില്‍ വരാന്‍ 1983 വരെ കാത്തിരിക്കേണ്ടിവന്നു. കാരി മുള്ളിസ് എന്ന മറ്റൊരു ശാസ്ത്രജ്ഞന്റെ ശാസ്ത്രഭാവനയിലാണ് ഇത് ഒരു പ്രായോഗിക സാദ്ധ്യതയായി ആദ്യമായി വിരിഞ്ഞുവന്നത്. വളരെക്കുറച്ച് കോശങ്ങളിലെ ഡി എന്‍ എ മാത്രമുപയോഗിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് ശതകോടി പകര്‍പ്പുകളുണ്ടാക്കുന്ന രീതിയാണിത്.

മാതൃകോശം നേരിയ തോതില്‍ കൃത്യമായ താപനിലയില്‍ ചൂടാക്കി അതില്‍ നിന്നും ഡി എന്‍ എ തന്മാത്രകള്‍ വേര്‍പെടുത്തുന്നു. തുടര്‍ന്ന് സ്വല്പം കൂടി താഴ്ന്ന ചൂടിലേക്കു കൊണ്ടുവരുന്നതോടെ, ഇരട്ടനാരുകളുടെ രൂപത്തിലുള്ള ഈ തന്മാത്രകള്‍ ഇഴപിരിഞ്ഞ് ഒറ്റനാരുകളാവുന്നു. ഒരു ബാഗിന്റെ സിബ് തുറന്നു രണ്ടു പാളികളാക്കിയതിനു സമാനമാണെന്നു പറയാം ഇത്. ഇത്തരം ഒറ്റനാരുകള്‍ക്കു് ഒരു പ്രവണതയുണ്ട്്. അവയ്ക്ക് മുറിഞ്ഞുപോയ ഭാഗം സ്വയം പൂരിപ്പിച്ച് പുതിയ ഇരട്ട നാരുകളാവാം. മാത്രമല്ല, ഓരോ ഘട്ടത്തിലും പതിന്മടങ്ങായി വീണ്ടും ആവര്‍ത്തിക്കുന്ന ഒരു ചങ്ങല പ്രവൃത്തിയായി ഈ പൂരണം തുടര്‍ന്നുകൊണ്ടിരിക്കും. വളരെക്കുറച്ച് തൈരുപയോഗിച്ചു് ഒരു വീപ്പ പാല്‍ മുഴുവന്‍ തൈരാക്കുന്നതുപോലെ.

ഈ പ്രക്രിയയില്‍ മൂല ഡി എന്‍ എ നാരുകളെ പ്രൈമര്‍ തരികളുമായി കൂട്ടിത്തുന്നാനുപയോഗിക്കുന്ന എന്‍സൈമിന്റെ പേരാണു് പോളിമറേസ്. അങ്ങനെ പോളിമെറേസ് ഉപയോഗിച്ചു നടത്തുന്ന അതിതീവ്ര-അതിദ്രുത ശൃംഖലാ രാസപ്രവര്‍ത്തനം (Polymerase Chain Reaction) എന്ന് ഈ പരിശോധനാ സമ്പ്രദായത്തിനു പേരു വന്നു. വിഭജിക്കപ്പെട്ട ഡി എന്‍ എ നാരുകള്‍ തക്കതായ അനുപൂരകങ്ങളില്‍നിന്ന് നാലുവിധത്തിലുള്ള അടിസ്ഥാന ന്യൂക്ലിയൈഡ് ഘടകങ്ങള്‍ സ്വീകരിച്ച്് വീണ്ടും പരിപൂര്‍ണ്ണ ഇരട്ടനാരുകളാവുന്നു. ഇങ്ങനെ സ്വയം കൂടിച്ചേരുന്ന 'സിബ്ബു'കള്‍ ഒറിജിനല്‍ ഡി എന്‍ എ യുടെ നേര്‍പ്പകര്‍പ്പുകളാണ്. അതായത് ആദ്യം വളരെ കുറച്ചുമാത്രമുണ്ടായിരുന്ന സാമ്പിളിനു പകരം ഇപ്പോള്‍ അവയുടെ നേര്‍പ്പകര്‍പ്പായ ആയിരക്കണക്കിന് മടങ്ങുകളുണ്ട്. അതിനാല്‍, ഇനി എന്തൊക്കെ പരീക്ഷണം നടത്തണമെങ്കിലും സാമ്പിള്‍ കുറഞ്ഞെന്നു പേടിക്കണ്ട. ഇതുപോലെ ഡി എന്‍ എ കൃഷി ചെയ്യുന്നതിനെ ഡി എന്‍ എ ആംപ്ലിഫിക്കേഷന്‍ എന്നാണു പറയുക. പി സി ആര്‍ വന്നതോടെ വേറെയും മെച്ചങ്ങളുണ്ടായി. ജിഗാബൈറ്റുകള്‍ വലുപ്പം വരുന്ന ഡി എന്‍ എ ഡാറ്റ മുഴുവന്‍ പകര്‍പ്പെടുക്കേണ്ടതില്ല. അതിലെ ആവശ്യമുള്ള താളുകള്‍ മാത്രമായി പെരുപ്പിക്കാനാവും.

മനുഷ്യജിനോമിന്റ ഏറെക്കുറെ സമ്പൂര്‍ണ്ണമായ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫലകം ഇതിനകം കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ടു്. ഭൂമിയിലെ ഓരോ വ്യക്തിയും തമ്മിലുള്ള ഡി എന്‍ എ ഘടനാ വ്യത്യാസം മൊത്തം ഒരു ശതമാനത്തില്‍ താഴെയേ വരൂ. ബാക്കി 99 ശതമാനം ഘടനയും എല്ലാര്‍ക്കും ഒരുപോലെയാണ്. അതിനാല്‍, ഒരാളെ വേറിട്ടു തിരിച്ചറിയേണ്ടി വരുമ്പോള്‍ ആ ഒരു ശതമാനം മാത്രം കൂടുതല്‍ തെളിമയോടെ പരിശോധിക്കുകയാണാവശ്യം. ഇതിനുപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് Short Tandem Repeats (STR). പരമാവധി ഡി എന്‍ എ പാറ്റേണുകള്‍ ശേഖരിച്ചുവെച്ചിട്ടുള്ള ഒരു ജിനോം ഡാറ്റാബേസുമായി സാമ്പിള്‍ ഡി എന്‍ എ യിലെ ഏറ്റവും പ്രത്യേകതകള്‍ (വ്യത്യാസങ്ങള്‍) കാണപ്പെടുന്ന 13 ജനിതക സ്ഥാനങ്ങള്‍ ഒത്തുനോക്കുന്നതാണു് ഈ രീതിയില്‍ ചെയ്യുന്നത്. http://www.cstl.nist.gov/biotech/ എന്ന വെബ് പേജില്‍ ഇത്തരം ഡാറ്റാബേസുകളുടെ ലൈബ്രറിയും സജ്ജം.

ന്യൂക്ലിയസ്സിനു പുറത്തുള്ള കോശദ്രവ്യത്തിലും ഡി എന്‍ എകളുണ്ട്. മൈറ്റോകോണ്ഡ്രിയല്‍ ഡി എന്‍ എ എന്നറിയപ്പെടുന്ന ഇവയുടെ പ്രത്യേകത, അവ മാതൃമാര്‍ഗ തലമുറകളില്‍ (maternal off-springs or siblings) ഒരേ പോലെയിരിക്കും എന്നതാണ്. സാധാരണ ഡി എന്‍ എ നല്‍കുന്നതിനേക്കാള്‍ ഉറപ്പായ വിവരങ്ങള്‍ നല്‍കാന്‍ ഇതു സഹായിക്കും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.