വ്യാജ ഫോൺ സന്ദേശങ്ങളിൽ കരുതിയിരിക്കണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വ്യാജ ഫോൺ സന്ദേശങ്ങളിൽ കരുതിയിരിക്കണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: വ്യാജ ഫോൺ സന്ദേശങ്ങളിൽ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുമായി പാലാ രൂപത മെത്രാൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇടവകയിൽ നേരത്തെ ശുശ്രൂഷ ചെയ്തിരുന്ന വൈദികൻ എന്ന വ്യാജേന സ്ത്രീകളെ ലക്ഷ്യമിട്ട് ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ഇത്തരം ഫോൺ ചതിക്കുഴികളിൽ വീഴാതിരിക്കുവാന്‍ കുടുംബങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും പാലാ രൂപതാധ്യക്ഷന്‍ അറിയിച്ചു.

വൈദികർക്കും സഭാ വിശ്വാസികൾക്കും വേണ്ടി എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഫോൺ കെണിയുടെ രീതി വിവരിച്ചുക്കൊണ്ട് എല്ലാ കുടുംബങ്ങള്‍ക്കു ജാഗ്രത നിര്‍ദ്ദേശം നല്‍കണമെന്ന് വൈദികരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കത്ത്.

'നമ്മുടെ പെൺകുട്ടികളെ കെണിയിൽപ്പെടുത്തുവാൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള വിവരം അറിയാമല്ലോ' എന്ന വാക്കുകളോടെയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കത്ത് ആരംഭിക്കുന്നത്. 'വ്യാജ സന്ദേശം കരുതിയിരിക്കുക' എന്ന തലക്കെട്ടോടെയാണ് കത്ത് അദ്ദേഹം എഴുതിയിരിക്കുന്നത്.

പാലാ രൂപത മെത്രാൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബഹുമാനപ്പെട്ട വൈദികർക്ക് എഴുതിയ കത്ത് :

"വ്യാജ സന്ദേശം" കരുതിയിരിക്കുക

സ്നേഹ ബഹു. അച്ചന്മാരെ,

നമ്മുടെ കുടുംബങ്ങളുടെ സത്വര ശ്രദ്ധയിൽപ്പെടുത്തേണ്ട ഒരു പ്രധാനകാര്യമറിയിക്കട്ടെ. നമ്മുടെ പെൺകുട്ടികളെ കെണിയിൽപ്പെടുത്തുവാൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള വിവരം അറിയാമല്ലോ. അടുത്ത കാലത്തായി കണ്ടുവരുന്ന തന്ത്രം ഇടവകയിൽ നേരത്തെ ശുശ്രൂഷ ചെയ്തിരുന്ന വൈദികൻ എന്ന വ്യാജേന ഇടവകയിൽ കൂടുതൽ അംഗീകരിക്കപെടുന്ന സ്ത്രീകളെ, പ്രത്യേകിച്ച് പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള വരെ ഫോൺ വിളിക്കുകയും വിളിക്കുമ്പേൾ താനവിടുത്തെ പഴയ വികാരിയാണെന്നു പറഞ്ഞ് ആളുകൾക്കു സുപരിചിതനായ ഒരു വികാരിയുടെ പേരു പറയുകയും ചെയ്യും. വേറെ ചിലപ്പോൾ താനവിടുത്തെ പഴയ ഒരു കൊച്ചച്ചനാണെന്നും മനസ്സിലായില്ലേ എന്നും ചോദിക്കും. അവരെക്കൊണ്ട് ഒരു പേരു പറയിക്കുകയും താൻ അയാൾ തന്നെയെന്ന് വിളിക്കുന്നയാൾ സന്തോഷപൂർവ്വം അംഗീകരിക്കുകയും ചെയ്യുന്നു.

അടുത്ത ഘട്ടമായി താൻ ജർമ്മനിക്ക്/ വിദേശത്ത് പെട്ടെന്നു ഏതാനും പേരോടൊപ്പം പോന്നതാണെന്നും നാളെ ഒരു പേപ്പർ അവതരിപ്പിക്കണം. അതിനു ചെറുപ്പക്കാരും പഠനം നടത്തുന്നവരുമായ ഏതാനും പെൺകുട്ടികളുടെ പേരും ഫോൺ നമ്പരും നൽകാനും പറയുന്നു. അത് ഉടൻ നൽകണമെന്നും അഞ്ചു മിനിറ്റിനുശേഷം താനവരെ വിളിക്കുമെന്നു പറയണമെന്നും തിരക്കു അഭിനയിച്ചു അറിയിക്കുന്നു. സത്യസന്ധത, മാതൃ-പുത്രീബന്ധം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സംസാരിക്കാനാണെന്നു പറയും. 

സംസാരിക്കുന്നവർ, തങ്ങളോടു സംസാരിക്കുന്നു എന്നു പറയുന്ന വൈദികന്റെ ശബ്ദം ഇതല്ലല്ലോ എന്നു പറഞ്ഞാൽ ജർമ്മനിയിലെ/ വിദേശ രാജ്യത്തെ മഞ്ഞും തണുപ്പും കാരണമാണ് ശബ്ദ വ്യത്യാസമെന്നു സ്ഥാപിക്കുന്നു. പെൺകുട്ടികളുമായി സംസാരിച്ചു തുടങ്ങി അൽപം കഴിയുമ്പോൾ വിഷയവും ഭാഷാശൈലിയും അപ്പാടെ മാറുന്നു. ഇതു പോലുള്ള ചതിക്കുഴികൾ വിവിധ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇന്ന് സാധാരണമായിരിക്കുന്നു.
ഇത്തരം കെണിയിൽപെടാതെ നമ്മുടെ ഇടവകയിലെ കുടുംബങ്ങൾ ജാഗ്രതയിലായിരിക്കാൻ വേണ്ട അറിയിപ്പ് ബഹുമാനപ്പെട്ട വൈദികർ എല്ലാ കുടുംബാംഗങ്ങൾക്കും എത്രയും വേഗം നല്‍കണമെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കത്ത് അവസാനിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.