ആഞ്ഞുവീശി ഐഡ അമേരിക്കന്‍ തീരം തൊട്ടു; ലൂസിയാനയില്‍ വന്‍ നാശനഷ്ടം

ആഞ്ഞുവീശി ഐഡ അമേരിക്കന്‍ തീരം തൊട്ടു; ലൂസിയാനയില്‍ വന്‍ നാശനഷ്ടം

മയാമി: ഐഡ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരം തൊട്ടു. ശക്തമായ ചുഴലിക്കാറ്റില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റില്‍ മരം വീണ് പ്രൈറിവില്ലിലെ ഹൈവേ 621 ന് സമീപത്തെ താമസക്കാരനായ പൗരന് മരണം സംഭവിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

ഐഡ മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കന്‍ അമേരിക്കയിലെ ലൂയിസിയാനയില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്തിയാര്‍ജ്ജിച്ചതോടെയാണ് ലൂയിസിയാനയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിക്കുന്നത്.

ഞായറാഴ്ചയോടെ ലൂയിസിയാന തീരത്തെത്തുന്ന ഐഡ അങ്ങേയറ്റം അപകടകരമായ കാറ്റഗറി നാല് ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നേക്കും. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. തീരത്തുള്ള ഗ്രാന്‍ഡ് ഐല്‍, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റി.

2005ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800ലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐഡ അതിലും ഭീകരമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. 1850കള്‍ക്ക് ശേഷം ലൂയിസിയാനയില്‍ വീശിയടിച്ച ഏറ്റവും ശക്തിയാര്‍ജ്ജിച്ച ചുഴലിക്കാറ്റായിരിക്കും ഐഡ എന്ന് നേരത്തെ ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഐഡ വളരെ അപകടകരമായ കൊടുങ്കാറ്റായി മാറുകയാണെന്നും എല്ലാവിധ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.