ബീജിങ്: കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നതിനെതിരേ കര്‍ശന നടപടിയുമായി ചൈന. കുട്ടികളിലെ അമിത ഗെയിം ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവന്നിരിക്കുകയാണ് ചൈന.
ഇനി മുതല്‍ 18 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിനങ്ങളിലും മാത്രമേ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുമതിയുണ്ടാകൂ. അതും ദിവസം ഒരു മണിക്കൂര്‍ മാത്രം. രാത്രി എട്ട് മുതല്‍ ഒമ്പതു വരെയാണ് കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം.
ചൈനയിലെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. നിശ്ചയിച്ചിരിക്കുന്ന സമയത്തല്ലാതെ കുട്ടികള്‍ക്ക് ഗെയിം ലഭ്യമാകാതിരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഗെയിം കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി കുട്ടികളിലെ ഗെയിം ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരികയായിരുന്നു ചൈന. കുട്ടികള്‍ക്ക് പ്രതിദിനം 90 മിനിറ്റും അവധി ദിവസങ്ങളില്‍ മൂന്നു മണിക്കൂറും മാത്രമേ മാത്രമേ ഓണ്‍ലൈന്‍ ഗെയിം ലഭ്യമാക്കാവൂ എന്ന് ചൈന നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നു. രാത്രിയില്‍ 10 മണിക്കും രാവിലെ എട്ടുമണിക്കും ഇടയില്‍ കുട്ടികള്‍ ഗെയിം കളിക്കുന്നത് തടയുന്നതിന് ചൈനയിലെ മുന്‍നിര ഗെയിം കമ്പനിയായ ടെന്‍സെന്റ് പ്രത്യേക ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം അവതരിപ്പിക്കുകപോലും ചെയ്തിരുന്നു.
കുട്ടികളിലെ അമിതമായ വീഡിയോ ഗെയിം ഉപയോഗം ചൈനയില്‍ കടുത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്. ചൈനയില്‍ നിരവധി കൗമാരക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.