ന്യൂഡൽഹി: പരസ്യപ്രസ്താവന നടത്തുന്നവര്‍ക്ക് ഇനി ഭാരവാഹിത്വം നല്‍കേണ്ടന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിർദ്ദേശം. പാർട്ടിയെ ദുർബലമാക്കുന്ന രീതിയിൽ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും കെ.പി.സി.സിയോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.
പരസ്യപ്രസ്താവന നടത്തുന്നവര്‍ കെ.പി.സി.സിയിലോ ഡി.സി.സിയിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാട് നേതൃത്വത്തിന് കൈമാറാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായി റിപ്പോർട്ട്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കി പ്രാഥമികാംഗത്വം രാജിവെച്ച പാലക്കാട്ടെ എ.വി. ഗോപിനാഥിനെ ഉൾപ്പെടെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ നടത്തേണ്ടതില്ലെന്നും കെ.പി.സി.സി. നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം നൽകിയതായി സൂചന.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ സെമി കേഡർ രൂപത്തിലാക്കാൻ അധ്യക്ഷൻ കെ. സുധാകരൻ നടത്തുന്ന ശ്രമങ്ങൾക്ക് ഹൈക്കമാൻഡ് പൂർണ പിന്തുണ നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം ശക്തമാക്കും. പാർട്ടി വേദികളിൽ ആർക്കും എന്തു വിമർശനവും പറയാം.
എന്നാൽ പൊതുവേദികളിൽ അത്തരം പരാമർശങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ ഹൈക്കമാൻഡിന് കൈമാറണം. എല്ലാവരുമായും കൂടിയാലോചന നടത്തിയാലും കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും ചേർന്നെടുക്കുന്ന തീരുമാനങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന നൽകുകയെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.