തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം. വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലുമാണ് ആര്‍ടിപിസിആര്‍ പരിശോധന മാത്രം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ചത്. വാക്‌സിനേഷന്‍ എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ ജില്ലകള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതില്‍ വാക്‌സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്‌സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്‌സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം. സി1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്റൈന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് കൂടി എത്രയും പെട്ടെന്ന് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഡബ്യൂഐപിആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പൂര്‍ണ്ണ ലോക് ഡൗണാണ്. ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡു തലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കണം. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാര്‍ഡ് തല ലോക് ഡൗണാകും ഏര്‍പ്പെടുത്തുക.
സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ നിലവില്‍ എട്ട് ലക്ഷം ഡോസ് വാക്‌സിനുണ്ട്. അത് ഉടന്‍ നല്‍കി തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.