കൊച്ചി: വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന 'വാരിയംകുന്നന്‍' എന്ന സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി.
നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന. 2020 ജൂണിലാണ് ആഷിഖ് അബു 'വാരിയംകുന്നന്‍' സിനിമ പ്രഖ്യാപിച്ചത്. മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും വ്യക്തമാക്കിയിരുന്നു.
കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു.
ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് റമീസ് ഇതില്‍ നിന്നും പിന്മാറിയിരുന്നു.
1921 ലെ മലബാര്‍ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. വാരിയം കുന്നന്‍ സ്വാതന്ത്ര്യ സമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പൃഥ്വിരാജ് സിനിമയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വരികയും പൃഥ്വിക്കെതിരേ ശക്തമായ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.