ഈ യുവാവിന്റെ കഥ കേൾക്കേണ്ടതാണ്. പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ പതിനൊന്നാമത്തെ മകനാണ് തൃശൂർ സ്വദേശിയായ ആന്റോ തളിയത്ത്. ആറുമാസം പ്രായമുള്ളപ്പോൾ അപ്പൻ മരിച്ചു. പതിനെട്ടാം വയസിൽ അമ്മയും. പച്ചക്കറി ചന്തയിൽ ചുമടെടുക്കുന്ന ജോലിയാണ് പതിനേഴു വയസു മുതൽ ചെയ്യുന്നത്. ആന്റോയ്ക്ക് ഇരുപത്തൊന്ന് വയസ് പ്രായമുള്ളപ്പോഴാണ് ആ സംഭവം നടക്കുന്നത്. ക്രിസ്മസ് രാത്രി കരോൾ കഴിഞ്ഞുള്ള മടക്കയാത്ര. കുറച്ച് അക്രമികൾ ചേർന്ന് വടിവാളുകൊണ്ട് ആന്റോയെ വെട്ടി. ശിരസിന്റെ വലതു ഭാഗം പിളർന്നു. വെട്ടിയവർ ഒരു ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായിരുന്നു. വെട്ടിയതിനു ശേഷമാണ് അവർക്ക് ആൾ മാറിയെന്ന് തിരിച്ചറിയുന്നത്. ചോരയിൽ കുളിച്ച് കിടക്കുമ്പോൾ ആന്റോയുടെ മനസിലൂടെ ഏതാനും ചിന്തകൾ കടന്നുപോയി. "ഈ ക്രിസ്മസ് രാത്രി എന്നെ ആശുപത്രിയിലെത്തിക്കാൻ ആരുമുണ്ടാകില്ല. ഇനി അഥവാ ആരെങ്കിലും ആശുപത്രിയിൽ എത്തിച്ചാൽ അവിടെ ഡോക്ടർമാർ ഉണ്ടാകില്ല. ഡോക്ടർമാർ ഉണ്ടായാലും എ.ബി. പോസിറ്റീവ് എന്ന അപൂർവ്വ രക്ത ഗ്രൂപ്പിന് ഉടമയായ എനിക്ക് ആവശ്യമുള്ള രക്തം ലഭിക്കില്ല. അതുകൊണ്ട് നല്ല മരണത്തിന് തയ്യാറെടുക്കുക തന്നെ" ഈ ചിന്തകളുമായി ആന്റോ തന്നെ ക്ഷതമേൽപ്പിച്ചവരോട് ക്ഷമിച്ചു. നല്ല മരണം ലഭിക്കാൻ പ്രാർത്ഥിച്ചു ഒപ്പം തന്നെ ഉപദ്രവിച്ചവരുടെ മാനസാന്തരത്തിനു വേണ്ടിയും. പ്രാർത്ഥിച്ചു കഴിഞ്ഞ ഉടൻ അദ്ഭുതമെന്നു പറയട്ടെ എവിടെ നിന്നോ ആന്റോയുടെ ഒരു സുഹൃത്തും അവനെ വെട്ടി പരിക്കേൽപ്പിച്ചവരിൽ രണ്ടുപേരും ഓടിയെത്തി. അവർ ആന്റോയെ ആശുപത്രിയിൽ എത്തിക്കാനായ് ഓട്ടോയിൽ യാത്രയായി. യാത്രാമധ്യേ മൃതപ്രാണനായ ആന്റോയോട് അവർ പറഞ്ഞു: "ഞങ്ങൾക്ക് ആൾ മാറിയതാണ്. ക്ഷമിക്കണം. ഇതൊരു കൊലപാതക ശ്രമമാണെന്ന് ഡോക്ടർമാരോട് പറയരുത്. പറഞ്ഞാൽ അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല." ആദ്യം കൊണ്ടുചെന്ന ആശുപത്രിയിൽ നിന്നും അവരെ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയച്ചു. ഏകദേശം മൂന്നു മണിക്കൂർ സമയമെടുത്ത് ഡോക്ടർമാർ ആന്റോയുടെ മുറിവുകൾ തുന്നിക്കെട്ടി. ഇരുപത്തിനാല് തുന്നിക്കെട്ടുകളുമായ് പതിയെ ആന്റോ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. ആശുപത്രി വിടുന്നതിനു മുമ്പ് ആന്റോ സ്വയം പറഞ്ഞു: "ഇതെന്റെ രണ്ടാം ജന്മമാണ്. ഇനി ഞാൻ ജീവിക്കുന്നത് എനിക്കു വേണ്ടിയല്ല എന്റെ ക്രിസ്തുവിനു വേണ്ടിയും സമൂഹത്തിൽ ആരാരുമില്ലാത്തവർക്ക് വേണ്ടിയുമാണ്." ജയിൽ മിനിസ്ട്രിയുടെ സാരഥിയായ ആന്റോ കരിപ്പേരിയച്ചനോട് ചേർന്ന് അശരണർക്കും പാവപ്പെട്ടവർക്കും വഴിയോരം പാർപ്പിടമാക്കിയവർക്കും വേണ്ടി അന്നുമുതൽ തന്റെ ജീവിതം തുടരുന്നു. (വീഡിയോ കാണാം:https://youtu.be/8zchuHmycjs)
"ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്" (ലൂക്കാ 17 : 21) എന്ന വചനത്തിന്റെ പൂർത്തീകരണമാണ് ആന്റോയെപ്പോലുള്ളവരുടെ ജീവിതം. നമ്മെ മുറിവേൽപ്പിച്ചവരെയും നമ്മൾ മൂലം മുറിവേറ്റവരെയും ഒന്നോർത്തെടുക്കാം. ക്ഷമിക്കാനും സ്നേഹിക്കാനും ശ്രമിക്കാം. നമ്മിലൂടെയും ഈ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിതമാക്കപ്പെടട്ടെ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26