ഇത് മാത്തൂര്‍ മാതൃക... ഇവിടെ ഇനി സര്‍, മാഡം വിളി വേണ്ട; നാട്ടുകാര്‍ക്ക് 'അപേക്ഷിക്കാതെ അവകാശപ്പെടാം'

ഇത് മാത്തൂര്‍ മാതൃക... ഇവിടെ ഇനി സര്‍, മാഡം വിളി വേണ്ട;  നാട്ടുകാര്‍ക്ക്  'അപേക്ഷിക്കാതെ അവകാശപ്പെടാം'

പാലക്കാട്: പതിറ്റാണ്ടുകളായി തുടര്‍ന്ന് പോരുന്ന സര്‍, മാഡം വിളിയില്‍ നിന്നും സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാലക്കാട്ടെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്.

പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കായുള്ള കത്തിടപാടുകളില്‍ ഇനി മുതല്‍ അഭ്യര്‍ത്ഥിക്കുന്നുവന്നോ അപേക്ഷിക്കുന്നുവെന്നോ എഴുതേണ്ടതില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായതിനാല്‍ തന്നെ അവകാശപ്പെടുന്നുവെന്നോ, താത്പര്യപ്പെടുന്നുവെന്നോ എഴുതിയാല്‍ മതി.

പഞ്ചായത്തിലെ ഭരണ സമിതിയംഗങ്ങള്‍ ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായാണ് ഈ തീരുമാനം എടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍ വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും തുടര്‍ന്ന് വരുന്ന ബ്രിട്ടീഷ് ഭരണഭാഷയില്‍ ഉള്‍പ്പെടുന്ന സര്‍, മാഡം വിളി ഒഴിവാക്കേണ്ടത് അനിവാര്യമാണ് എന്ന തോന്നലില്‍ ആണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് പ്രവിത പറഞ്ഞു.

ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കായി ഒരിക്കലും പഞ്ചായത്തില്‍ വന്ന് വിധേയത്വ മനോഭാവത്തോടു കൂടി നില്‍ക്കേണ്ട കാര്യമില്ല. സെപ്തംബര്‍ ഒന്നു മുതലാണ് സര്‍, മാഡം വിളി ഒഴിവാക്കി, തസ്തികയിലെ പേരുകള്‍ വിളിക്കാന്‍ ആരംഭിച്ചത്. ഭരണ ഭാഷാ വകുപ്പിനോട് അനുയോജ്യമായ ഒരു പദം ചോദിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നത് വരെ ഇങ്ങനെ തന്നെയായിരിക്കും വിളിക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റിനെ പ്രസിഡന്റ് എന്നും സെക്രട്ടറിയെ സെക്രട്ടറിയെന്നും തുടങ്ങി, ഓരോരുത്തരുടെയും തസ്തികയിലും ഉള്ളത് എന്താണോ അതായിരിക്കും വിളിക്കുക. പഞ്ചയത്തിനകത്തുള്ളവരായാലും ജനങ്ങളായാലും ഇങ്ങനെ തന്നെയായിരിക്കും അഭിസംബോധന ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.