കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ വന്‍ വിവേചനം; സമ്പന്ന രാജ്യങ്ങള്‍ പകുതിയിലധികം നേടിയപ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് കിട്ടിയത് തുച്ഛം

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ വന്‍ വിവേചനം; സമ്പന്ന രാജ്യങ്ങള്‍ പകുതിയിലധികം നേടിയപ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് കിട്ടിയത് തുച്ഛം

ഇതുവരെ ലോകത്ത് 190 രാജ്യങ്ങളിലായി 500 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ലോക ജനസംഖ്യയുടെ 18.30 ശതമാനം ആളുകളുള്ള ചൈന തനിച്ച് ഉപയോഗിച്ചു തീര്‍ത്തത് 39 ശതമാനം ഡോസാണ്. 27 ദരിദ്ര രാജ്യങ്ങളിലാണ് ലോക ജനസംഖ്യയുടെ എട്ട് ശതമാനവും കഴിയുന്നത്. ഇവിടെ ലഭിച്ചത് ആകെ വിതരണം ചെയ്ത വാക്‌സിന്റെ അര ശതമാനം മാത്രം.

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തില്‍ ആഗോള തലത്തില്‍ വന്‍ വിവേചനമാണ് അരങ്ങേറുന്നതെന്ന് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്നു പേരില്‍ ഭൂരിഭാഗവും സമ്പന്ന രാജ്യങ്ങളില്‍ ഉള്ളവരാണ്.

ഉയര്‍ന്ന വരുമാനമുള്ള അമേരിക്ക, ബ്രിട്ടണ്‍, ചൈന, ബ്രസീല്‍, റഷ്യ, ടര്‍ക്കി അടക്കമുള്ള രാജ്യങ്ങളിലാണ് ആകെ വാക്സിന്റെ പകുതിയിലധികവും വിതരണം ചെയ്തത്. ലോക ജനസംഖ്യയുടെ 18.30 ശതമാനം ആളുകളുള്ള ചൈന തനിച്ച് 39 ശതമാനം ഡോസ് ഉപയോഗിച്ചു തീര്‍ത്തു.

ആഗോള ജനസംഖ്യയുടെ 0.9 ശതമാനം ജനങ്ങള്‍ വസിക്കുന്ന ബ്രിട്ടന്‍ ആഗോള തലത്തില്‍ വിതരണം ചെയ്ത വാക്സിന്റെ 1.7 ശതമാനം ഉപയോഗിച്ചു. ജനസംഖ്യയുടെ 4.3 ശതമാനം പേരെ ഉള്‍ക്കൊള്ളുന്ന അമേരിക്ക ഉപയോഗിച്ചത് 7.3 ശതമാനവും 2.7 ശതമാനം ജനസംഖ്യയുള്ള ബ്രസീലില്‍ വിതരണം ചെയ്ത വാക്സിന്‍ 3.7 ശതമാനവുമാണ്.

അതേസമയം ലോക ജനസംഖ്യയുടെ 17.7 ശതമാനവും ഇന്ത്യയിലാണെങ്കിലും ഇന്ത്യ ഇതുവരെ ആഗോള കോവിഡ് വാക്സിന്റെ 12 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. വാക്സിന്‍ വിതരണത്തില്‍ ഏറ്റവും പിന്നില്‍ ആഫ്രിക്കയാണ്. ഇവിടെ ആഗോള ജനസംഖ്യയുടെ 17 ശതമാനം പേരും അധിവസിക്കുന്നു. എന്നാല്‍ ആഗോള വാക്സിന്‍ വിതരണത്തിന്റെ ഒരു ശതമാനമാണ് ആഫ്രിക്കക്കാര്‍ക്ക് ലഭിച്ചത്. ചില രാജ്യങ്ങളില്‍ വാക്സിനേഷന്‍ ഡാറ്റ തന്നെ ലഭ്യമല്ല.

27 ദരിദ്ര രാജ്യങ്ങളിലാണ് ലോക ജനസംഖ്യയുടെ എട്ട് ശതമാനവും കഴിയുന്നത്. ഇവിടെ ആകെ ലഭിച്ചത് ആകെ വിതരണം ചെയ്തത വാക്‌സിന്റെ അര ശതമാനം മാത്രം. ലോക ജനസംഖ്യയുടെ 43 ശതമാനവും ശരാശരിക്ക് താഴെ വരുമാനമുള്ള രാജ്യങ്ങളിലാണ്. ഏകദേശം 56 രാജ്യങ്ങള്‍ വരും ഈ പട്ടികയില്‍. ആകെ കോവിഡ് രോഗികളുടെ നാലിലൊന്നും ഇവിടെയായിരുന്നു. 36 ശതമാനം മരണങ്ങളും ഈ രാജ്യങ്ങളിലായിരുന്നു, ഇവിടെ ആകെ ലഭിച്ചത് 19 ശതമാനം വാക്സിന്‍ മാത്രമാണ്.

ഇതുവരെ ലോകത്ത് 190 രാജ്യങ്ങളിലായി 500 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ദരിദ്രരാജ്യങ്ങളേക്കാള്‍ 20 ഇരട്ടി വേഗതയിലാണ് സമ്പന്ന രാജ്യങ്ങള്‍ വാക്സിന്‍ വിതരണം ചെയ്യുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.