വഴിതെറ്റുന്ന സൗഹൃദങ്ങൾ

വഴിതെറ്റുന്ന   സൗഹൃദങ്ങൾ

ഇന്ന് നമ്മൾ പരിചയപ്പെടുന്നത് രണ്ടു മക്കളുടെ അപ്പനെയാണ്. ഒരു പ്രത്യേക മാനസിക അവസ്ഥയിലാണ് അദ്ദേഹം ആശ്രമത്തിലെത്തുന്നത്. കണ്ണീരോടെ അദ്ദേഹം തന്റെ അനുഭവം വിവരിച്ചു. "അച്ചാ ഞങ്ങളുടേത് വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രേമ വിവാഹമായിരുന്നു. മൂന്നു മക്കളെയും ദൈവം ഞങ്ങൾക്ക് നൽകി. മൂത്ത മകൻ ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നു. എന്റെ ഭാര്യയറിയാത്ത ഒരു സൗഹൃദം എനിക്കുണ്ട്. ആ സ്ത്രീയും വിവാഹിതയാണ്. രണ്ടു മക്കളുമുണ്ട്. ഭർത്താവാണെങ്കിൽ വിദേശത്തും. ഫെയ്സ്ബുക് വഴിയാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. ആദ്യമെല്ലാം വെറും സൗഹൃദമായിരുന്നു. തുടർന്ന് പ്രൈവറ്റ് ചാറ്റിങ്ങിലേക്ക് *മാറി. ആ സ്ത്രീയുടെ കുടുംബ ജീവിതത്തിലെ ചില സങ്കടങ്ങൾ പങ്കു വച്ചപ്പോൾ ഞാൻ ഉപദേശം നൽകി. എന്നാൽ പിന്നീടത് വഴിവിട്ട അടുപ്പത്തിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ ആ ബന്ധം എന്റെ ഭാര്യയറിഞ്ഞു. ഏത് ഭാര്യയെയും പോലെ അവളും രോഷം പൂണ്ടു. കുറയേറെ കരഞ്ഞു. ഇന്ന് രാവിലെ അവളാണ് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. മനസ് പലയാവർത്തി അരുതെന്ന് പറഞ്ഞിട്ടും ഒരു പ്രത്യേക മാസ്മരിക വലയത്തിൽ അകപ്പെട്ട ഞാൻ തെറ്റിൽ നിപതിച്ചു. കരകയറണമെന്ന് ആഗ്രഹമുണ്ട്. അച്ചൻ സഹായിക്കണം." ഞാനയാളുമായ് സംസാരിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു. എന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഭാര്യയും ആശ്രമത്തിലെത്തി. കണ്ണീരോടെ അദ്ദേഹമവളോട് മാപ്പപേക്ഷിച്ചു. അവരിരുവരും എന്റെ മുമ്പിലിരുന്ന് കരഞ്ഞു. പുതിയൊരു തീരുമാനവുമായ് വീട്ടിലേക്ക് മടങ്ങി. ഒരു സാധാരണ ചാറ്റിങ്ങിൽ ആരംഭിച്ച സൗഹൃദം എത്ര പെട്ടന്നാണ് വഴിവിട്ട ബന്ധമായ് വളർന്നത്? ഇത് മുകളിൽ വിവരിച്ച വ്യക്തിയുടെ മാത്രം കഥയല്ല. അനേകരുടെ പതനത്തിന്റെ കഥയാണ്. മറ്റുള്ളവരെ ഉപദേശിക്കുമ്പോഴും നേർവഴിക്ക് നയിക്കുമ്പോഴും കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിയാൻ നമുക്ക് പലപ്പോഴും കഴിയുന്നില്ല. സ്വന്തം മനസിന്റെ വ്യതിചലനങ്ങൾ തിരിച്ചറിഞ്ഞ് തെറ്റിന്റെ വഴിയിൽ നിന്ന് പിന്തിരിയാൻ നമ്മളിൽ പലരും പരാജയപ്പെടുന്നു. ക്രിസ്തു പറയുന്നത് ശ്രദ്ധിക്കൂ: "അവന്‍ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാല മഴ വരുന്നു എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കന്‍ കാറ്റടിക്കുമ്പോള്‍ അത്യുഷ്‌ണം ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാത്തത്‌ എന്തുകൊണ്ട്‌?" (ലൂക്കാ 12 : 54-56). പാപം പതിയിരിക്കുന്ന വഴികളിലൂടെയാണ് നമ്മുടെ യാത്ര. എനിക്ക് തെറ്റ് പറ്റില്ലെന്നുള്ള അമിതമായ ആത്മവിശ്വാസത്തിനു പകരം വീഴാതിരിക്കാനുള്ള ജാഗ്രതയും ദൈവാശ്രയവുമാണ് വേണ്ടത്. പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകൾ കൂടി ശ്രദ്ധിക്കൂ: "ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്‌ഷിച്ചുകൊള്ളട്ടെ"
(1 കോറിന്തോസ്‌ 10 :12).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26