അമ്പലപ്പുഴ: സിപിഎം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

 അമ്പലപ്പുഴ: സിപിഎം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചയെപ്പറ്റി അന്വേഷിച്ച പാര്‍ട്ടിതല സമിതി സിപിഎം നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍മന്ത്രി ജി. സുധാകരന് പ്രവര്‍ത്തന വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി. സുധാകരന്‍ സജീവമായി പങ്കെടുത്തില്ല എന്ന ആക്ഷേപം അന്വേഷിക്കാനാണ് സി.പി.എം സംസ്ഥാന സമിതി രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.ജെ തോമസും അടങ്ങുന്ന കമ്മിഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ജി. സുധാകരന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്ന് എന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ടെന്നാണ് അറിയുന്നത്.

ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കണമെന്ന കാര്യം കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. അങ്ങനെ ശുപാര്‍ശ ചെയ്യാന്‍ കമ്മിഷന് അധികാരമില്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തുവേണമെന്ന് നിശ്ചയിക്കുന്നത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതുകൊണ്ട് ഈ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുത്തില്ല. കോടിയേരി കോവിഡ് മുക്തനായി എത്തിയ ശേഷമേ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് പരിഗണിക്കുകയുള്ളൂ.

അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടു കുറഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ വാദം. തൊട്ടടുത്ത ആലപ്പുഴ മണ്ഡലത്തിലാണ് ധാരാളം വോട്ട് കുറഞ്ഞത്. അതിനാല്‍ തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. എന്നാല്‍ കമ്മിഷന് മുന്‍പില്‍ ഹാജരായ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിലെയും അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിലെയും ഭൂരിഭാഗം അംഗങ്ങളും സുധാകരന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തന വീഴ്ചയുണ്ടായതായി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.