സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല; പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല;  പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സാഹചര്യം വിലയിരുത്താനും മാര്‍ഗ നിര്‍ദ്ദേശം സ്വീകരിക്കുന്നതിനുമായി പ്രമുഖ ആരോഗ്യ വിദഗ്ധരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയേയും നമ്മുടെ ജീവനോപാധികളേയും ഇത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും. അത് സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് വ്യാപനം കൂടിയതില്‍ തദ്ദേശസ്ഥാപനങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. രോഗവ്യാപനം കൂടാന്‍ കാരണം പ്രതിരോധത്തില്‍ വാര്‍ഡ്തല സമിതികള്‍ പുറകോട്ടുപോയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയൊരടച്ചിടല്‍ പ്രായോഗികമല്ലെന്നും വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ രോഗ വ്യാപനമുണ്ടായപ്പോള്‍ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. നിരീക്ഷണത്തില്‍ കഴിയേണ്ടവരെല്ലാം പുറത്തിറങ്ങി നടക്കുന്നതാണ് രോഗവ്യാപനം കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തുമെന്നും ഇവരില്‍നിന്ന് തന്നെ ക്വാറന്റൈന്‍ ചെലവും പിഴയും ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരും പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തണം. അങ്ങനെയെങ്കില്‍ രണ്ടാഴ്ച കൊണ്ട് ഇപ്പോഴത്തെ വ്യാപനത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.