പലര്‍മോയുടെ രക്ഷകയായ വിശുദ്ധ റൊസാലിയ

 പലര്‍മോയുടെ രക്ഷകയായ വിശുദ്ധ റൊസാലിയ

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 04

സിസിലിയിലെ രാജാവായ റോജര്‍ രണ്ടാമന്റെ കൊട്ടാരത്തില്‍ ഷാള്‍ മെയിനിലെ പിന്തുടര്‍ച്ചക്കാരായ സിനിബാള്‍ഡിന്റെ മകളായി 1130നോടടുത്ത് പലര്‍മോ എന്ന സ്ഥലത്ത് വിശുദ്ധ റൊസാലിയാ ജനിച്ചുവെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകര്‍ഷണമായ തന്റെ സൗന്ദര്യം ജീവന് തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തില്‍ ഈ ലോകവാസം വെടിയുന്നതാണ് അഭികാമ്യമെന്ന് പതിനാലാം വയസില്‍ അവള്‍ക്ക് ദര്‍ശനം ലഭിച്ചു.

തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും എടുത്തു കൊണ്ട് രാത്രിയില്‍ കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടി. ആയുധധാരിയായ ഒരു യോദ്ധാവിന്റെ വേഷത്തിലും ഒരു തീര്‍ത്ഥാടകന്റെ വേഷത്തിലും രണ്ട് മാലാഖമാര്‍ അകമ്പടി സേവിച്ച് പെണ്‍കുട്ടിയെ ക്വിസ്‌ക്വിറ്റാ മലമുകളിലെത്തിച്ചു. അവിടെ മഞ്ഞു മൂടിക്കിടന്ന ഒരു ഗുഹാ കവാടത്തില്‍ അവള്‍ കുറേ അധികം മാസങ്ങള്‍ ഒളിവില്‍ കഴിച്ചു കൂട്ടി.

ഒരു ദിവസം മാലാഖമാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവളുടെ മാതാപിതാക്കള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്നും അതിനാല്‍ വേറെ എങ്ങോട്ടെങ്കിലും ഒളിത്താവളം മാറ്റുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. അവര്‍ അവളെ പെല്ലിഗ്രിനോ മലയില്‍ കൊണ്ടു പോയി താമസിപ്പിച്ചു.

അവിടെ അവര്‍ പ്രായശ്ചിത്ത കര്‍മ്മങ്ങളില്‍ മുഴുകി, പരിശുദ്ധാരൂപിയുടെ പോഷണത്തില്‍ തന്റെ ശിഷ്ടകാലമായ 16 വര്‍ഷം അല്‍ഭുതകരമായി കഴിച്ചുകൂട്ടി മുപ്പതാമത്തെ വയസില്‍ നിര്യാതയായി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം റൊസാലിയായുടെ ശരീരം പതിനേഴാം നൂറ്റണ്ടില്‍ ഒരു സ്ഫടികക്കല്‍ കൂട്ടില്‍ അടക്കം ചെയ്യപ്പെട്ട നിലയില്‍ കണ്ടെടുത്തു. തിരുശേഷിപ്പ് വീണ്ടെടുത്ത് ഘോഷയാത്രയായി കൊണ്ടുവന്നതിന്റെ ഓര്‍മ്മ വലിയ രീതിയിലാണ് പലര്‍മോ നിവാസികള്‍ കൊണ്ടാടുന്നത്.

വിശുദ്ധ റൊസാലിയ പലര്‍മോയുടെ രക്ഷക ആയാണ് അറിയപ്പെടുന്നത്. അവരുടെ ബഹുമാനാര്‍ത്ഥം രണ്ട് തിരുനാളുകളാണ് വര്‍ഷം തോറും അവിടത്തെ ജനങ്ങള്‍ കൊണ്ടാടുന്നത്. ഇതില്‍ ഒരു തിരുനാള്‍ നിര്‍ബന്ധിത അവധി ദിനമായി പ്രഖ്യാപിച്ചു. 1625 ലെ പ്ലേഗ് ബാധയില്‍ നിന്നും രാജ്യത്തെ ഈ വിശുദ്ധ രക്ഷിച്ചതിന്റെയും അതിന് ശേഷം ചെയ്ത ഒട്ടനവധി അല്‍ഭുത രോഗശാന്തി പ്രവര്‍ത്തനങ്ങളോടുമുള്ള കൃതജ്ഞതയായാണ് ഈ ആഘോഷം കൊണ്ടാടുന്നത്.

പ്രാര്‍ത്ഥനാ ഗാനങ്ങളും കീര്‍ത്തനങ്ങളും ആര്‍പ്പുവിളികളുമായി സംഗീതജ്ഞന്മാരുടെ അകമ്പടിയില്‍ വിശുദ്ധ സ്മാരക പേടകം വഹിക്കുന്ന കൂറ്റന്‍ രഥം 40 കഴുതകള്‍ വലിച്ചു കൊണ്ടാണ് പട്ടണത്തിലൂടെ നീങ്ങുന്നത്. അത്യത്ഭുതം നിറഞ്ഞ ഒരു കാഴ്ചയാണിത്. അഞ്ചു ദിവസം നീളുന്ന ഈ ആഘോഷമാണിത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വിറ്റെര്‍ബോയിലെ റോസ്

2. തെയോഡോര്‍, ഓച്ചെയാനൂസ്, അമ്മിയാനൂസ്,ജൂലിയന്‍

3. ബോണിഫസ് പ്രഥമന്‍ പാപ്പാ

4. ചാര്‍ത്രെ ബിഷപ്പായിരുന്ന കലെത്രിക്കൂസ്

5. കാന്റിഡാ സീനിയര്‍


6. ഹെര്‍മ്മയോണ്‍

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26