ഷാർജ: രണ്ടു കൈകൊണ്ടും നാലുഭാഷകളിലെ അക്ഷരമാലകളെഴുതി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ആറു വയസുകാരി അല്‍വിയ മറിയം ലിജോ. ഹാബിറ്റാറ്റ് അല്‍ ജർഫ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അല്‍വിയ രണ്ടര വയസുമുതല്‍ പുസ്തകങ്ങളുടെ ലോകത്താണ്.
ആറുവയസിനിടെ അവള്‍ വായിച്ച പുസ്തകങ്ങള്‍ നിരവധി. വായിച്ചറിഞ്ഞ പുസ്തകളിലെ കഥാപാത്രങ്ങളെല്ലാം മനപ്പാഠം.അല്‍ വിയയുടെ അത്ഭുത ലോകമെന്ന യൂട്യൂബ് ചാനലിലൂടെ താന്‍ വായിച്ചറിഞ്ഞ കഥകള്‍ ലോകത്തോട് പറയുകയാണ് ഈ മിടുമിടുക്കി.
സൂപ്പർ മാർക്കറ്റുകളില്‍ നിന്നുമെത്തുന്ന പരസ്യപുസ്തകങ്ങളായിരുന്നു ആദ്യത്തെ കൂട്ടുകാർ. പിന്നീട് അത് കഥാപുസ്തകങ്ങളിലേക്ക് വഴിമാറി. ഷാർജയിലെ പൊതു ലൈബ്രറികളില്‍ നിന്ന് പുസ്തകങ്ങളെടുത്ത് അല്‍വിയക്ക് നല്‍കാറുണ്ട്. എല്ലാം വളരെ പെട്ടെന്ന് അവള്‍ വായിച്ചു തീർക്കുമെന്ന് പിതാവ് ലിജോ പറഞ്ഞു.
പുസ്തകങ്ങളിലെ കഥ വായിച്ചുകൊടുക്കാന്‍ ആദ്യം അമ്മയേയും അച്ഛനേയും കൂട്ടുപിടിച്ചു. ഇതിനിടെ നാട്ടിലെത്തിയപ്പോള്‍ അമ്മയുടെ അമ്മയായ വത്സലയായിരുന്നു അവളെ കഥകളുടെ ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നത്. എത്രകേട്ടാലും മതിവരാതെ വീണ്ടും വീണ്ടും കഥവായിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതോടെ ഒരു ദിവസം തന്റെ കണ്ണട കാണുന്നില്ലെന്നും ഇന്ന് വായിച്ചുതരാൻ കഴിയില്ലെന്നും അമ്മൂമ്മ പറഞ്ഞു. എന്നാൽ പിന്നീട് ആ കണ്ണട കൈയില്‍ നിന്നും താഴെ വയ്ക്കാതെ കഥകേള്‍ക്കാന്‍ കാത്തിരിപ്പായി കുഞ്ഞ് അല്‍വിയ.രണ്ട് സഹോദന്‍മാരാണ് അല്‍വിയക്ക്. ഐബെലും ആബിയേലും. അക്ഷരങ്ങളെഴുതാന്‍ പഠിച്ചപ്പോഴാണ് മറ്റൊരു കഴിവുകൂടി കുഞ്ഞിനുണ്ടെന്ന് മാതാപിതാക്കള്‍ക്ക് മനസിലായത്. അറബിയും മലയാളവും ഹിന്ദിയും ഇംഗ്ലീഷും അക്ഷരമാലകള്‍ ഇരു കൈകള്‍ കൊണ്ടും അനായാസമായി എഴുതാന്‍ തുടങ്ങി. അവള്‍ സ്വന്തമായാണ് എഴുത്തില്‍ പരിശീലനം നേടിയതെന്ന് അമ്മ ബിന്‍സി പറഞ്ഞു.
ഏറ്റവും വേഗത്തില്‍ ഇരു കൈകള്‍ കൊണ്ടും അക്ഷരമാലകള്‍ എഴുതിയതിനാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർ നാഷണല്‍ ബുക്ക് ഓഫ് റെക്കോർഡും അല്‍വിയ സ്വന്തമാക്കിയത്. എഴുതുക മാത്രമല്ല, ഇരു കൈകള്‍ കൊണ്ടും ചിത്രം വരയ്ക്കുകയും ചെയ്യും അല്‍വിയ. യുഎഇ രാജകുടുംബാംഗവും എമിറാത്തി എഴുത്തുകാരിയുമായ ഷെയ്ഖ സലാമ ബിന്ത് ഹസയുടെ ചിത്രം അതേ ചാരുതയോടെ വരച്ചു. നഴ്സുമാരാണ് ലിജോയും ബിന്‍സിയും. ഭാവിയില്‍ ബേക്കറാവണമെന്നുളളതാണ് അല്‍വിയയുടെ ആഗ്രഹം.
എന്തിനുമേതിനും വയനാട്ടിലെ പ്രിയപ്പെട്ടവരുടെ പിന്തുണയുണ്ട്. അതാണ് മുന്നോട്ട് നടത്തുന്നതെന്നും ബിന്‍സി പറയുന്നു. റെക്കോർഡ് സ്വന്തമാക്കിയെന്ന് അറിഞ്ഞപ്പോള്‍ കൊച്ചുമകൾക്ക് ഇഷ്ടമുളള സമ്മാനം നല്കാന്‍ കാത്തിരിക്കുകയാണ് ലിജോയുടെ അമ്മയായ ലീല. അവളുടെ യൂട്യൂബ് ചാനലിന്റെ പേരായ അല്‍വിയാസ് വണ്ടർ വേള്ഡ് അന്വർത്ഥമാക്കും പോലെ, അക്ഷരാർത്ഥത്തില്‍ കുഞ്ഞ് അല്‍വിയ ലോകത്തെ അത്ഭുതപ്പെടുത്തുന്ന മിടുമിടുക്കിയായി വളരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.