കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ്പ വൈറസ് ബാധയുണ്ടായതായി സംശയം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 12 വയസുകാരനിലാണു നിപ്പ ബാധ സംശയിക്കുന്നത്. നാലു ദിവസം മുന്‍പാണ് നിപ്പ രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ട്. അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശീദകരണം പുറത്തുവന്നിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നു കോഴിക്കോട്ടെത്തുമെന്നാണ് വിവരം.
പനി ബാധിച്ചു ചികിത്സയിലുള്ള കുട്ടിയുടെ സ്രവപരിശോധനയ്ക്കുള്ള ആദ്യ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നലെ രാത്രി സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറി എന്നാണു സൂചന.
രണ്ടു സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയയ്ക്കും. ഇതിലും രോഗബാധ സ്ഥിരീകരിച്ചാല്‍ മാത്രമേ ആശങ്കയ്ക്കിടയുള്ളൂ എന്നും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രമെഡിക്കല്‍ സംഘവും കോഴിക്കോട്ട് എത്തുമെന്നാണ് സൂചന.
12 വയസുകാരന്‍ മറ്റ് രണ്ടു ആശുപത്രികളിലും ചികില്‍സ തേടിയിരുന്നതായാണ് വിവരം. സമ്പര്‍ക്ക ബാധിതരെ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് വിവരങ്ങള്‍ തേടി വരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു.
2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയെത്തുടര്‍ന്ന് 17 പേരാണ് മരിച്ചത്. കോഴിക്കോട് ചങ്ങരോത്തായിരുന്നു പകര്‍ച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളില്‍നിന്നാണ് രോഗം മനുഷ്യരിലേക്കു പടര്‍ന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്.
2019 ജൂണില്‍ കൊച്ചിയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചിരുന്നു. 23 വയസുകാരനായ വിദ്യാര്‍ഥിക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.