ഏഴ് മണിക്കൂറില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ; അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഢ്

ഏഴ് മണിക്കൂറില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ; അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഢ്

റായ്പുര്‍: ഛത്തീസ്ഗഢില്‍ സര്‍ഗുജ ജില്ലയില്‍ ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. സംഭവം വിവാദമായപ്പോള്‍ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഒരു സര്‍ജന്‍ ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണിത്.

ക്യാമ്പിനെ സംബന്ധിച്ച പരാതികളെ തുടര്‍ന്ന്, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അലോക് ശുക്ല പറഞ്ഞു.

ക്യാമ്പില്‍ ഒരു സര്‍ക്കാര്‍ സര്‍ജന്‍ 101 ശസ്ത്രക്രിയകള്‍ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകള്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരു ശസ്ത്രക്രിയാ വിദഗ്ധന് ഒരു ദിവസം പരമാവധി 30 ശസ്ത്രക്രിയകളാണ് ചെയ്യാവുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡോ. ശുക്ല വ്യക്തമാക്കി.

തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സര്‍ഗുജ ജില്ലയിലെ മെയിന്‍പാറ്റ് ബ്ലോക്കിലെ നര്‍മദാപൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഇവിടെ ഓഗസ്റ്റ് 27 നാണ് വന്ധ്യംകരണ ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ ക്രമക്കേടുകള്‍ നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് വകുപ്പ് നടപടിയെടുക്കുകയും സര്‍ജനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ശസ്ത്രക്രിയ നടത്തിയ ഡോ. ജിബ്‌നസ് എക്ക എന്ന സര്‍ജിക്കല്‍ സ്‌പെഷ്യലിസ്റ്റിന് സര്‍ഗുജ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ പി.എസ്. സിസോദിയ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍, ശസ്ത്രക്രിയയ്ക്കായി ധാരാളം സ്ത്രീകള്‍ എത്തിയിരുന്നുവെന്നും അവര്‍ ശസ്ത്രക്രിയ നടത്താന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ഡോക്ടറുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.