ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ 'ഏകവത്കരണ' സ്വഭാവമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗോവയില്‍ കോണ്‍ഗ്രസിന്‍റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏകീകൃത സംസ്കാരം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ കേന്ദ്രസര്‍ക്കാറിന്റെയും ശ്രമമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയെ ഏകീകരിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ രാജ്യത്തുണ്ട്.
ഇന്ത്യ ഒരു രാജ്യമാണ്. അതില്‍ യാതൊരു സംശയവുമില്ല. നിരവധി സംസ്ഥാനങ്ങളും സംസ്കാരങ്ങളും ജീവിതരീതിയും ഭാഷകളും ജാതികളും ഭക്ഷണരീതിയും ചേര്‍ന്ന ഒരു രാജ്യമെന്നതില്‍ അഭിമാനിക്കാം. ഇതില്‍ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ് ഏകവത്കരണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ഭാഷ, ഒരു ജാതി, സംസ്കാരം, ഒരു ഭക്ഷണരീതി ഇതെങ്ങനെ നമുക്ക് അംഗീകരിക്കാന്‍ സാധിക്കും? ഞാന്‍ അത് എങ്ങനെ അംഗീകരിക്കണമെന്ന് മാത്രമല്ല, എന്തിന് സ്വീകരിക്കണം? നിങ്ങള്‍ എന്തിന് അവ അംഗീകരിക്കണം? ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയും സംസ്കാരവും ജീവിതരീതിയും വസ്ത്രധാരണ രീതിയും കുടുംബജീവിത രീതിയുമെല്ലാമുണ്ട്. പിന്നെ എന്തിന് ഈ ഏകീകൃത രീതി അംഗീകരിക്കണം' എന്ന് ചിദംബരം ചോദിച്ചു.
ഇന്ത്യയെ ഏകീകൃതമാക്കണമെന്ന് ഒരു ചെറിയ വിഭാഗം വിശ്വസിക്കുന്നതിനാലാണ് ഇവയെല്ലാം. ഇവ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? ഒരു പാര്‍ട്ടിയില്‍ എത്തിച്ചേരും, ഒരു നേതാവിലും. ഇന്ത്യ ജനാധിപത്യ രാഷ്ട്രീയം അവസാനിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്വോച്ഛാധിപത്യമായി മാറുന്നതിലേക്ക് അവ നയിക്കും.
ഒരു സ്വോച്ഛാധിപത്യ രാജ്യത്തിന് കീഴില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പൊലീസിനെ പേടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരിനെയും ഭയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സ്വതന്ത്രനായി ജനിച്ചു, എനിക്ക് സ്വതന്ത്രമായി ജീവിക്കണം, എനിക്ക് സ്വതന്ത്രനായി മരിക്കണം. ഏകോപനവത്കരണം ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ്. ഇത് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയെന്ന രാഷ്ട്രീയപാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.