ഒരിക്കൽ ശിഷ്യരിൽ ഒരാൾ പരാതിയുമായ് ഗുരുവിനെ സമീപിച്ചു: "എനിക്കിവിടുത്തെ ജീവിതം മടുത്തു. ഞാനെന്റെ വീട്ടിലേക്ക് പോകുന്നു." "എന്തു പറ്റി" "എന്നേക്കാൾ കഴിവ് കുറഞ്ഞവരെയും പ്രായം കുറഞ്ഞവരെയും അങ്ങ് പല ആശ്രമങ്ങളുടെയും അധിപനായ് നിയമിച്ചു. എന്നെ മാത്രം എന്തുകൊണ്ട് അവഗണിക്കുന്നു? ഇഷ്ടമില്ലാത്ത എത്രയോ ജോലികൾ ഞാനിവിടെ ചെയ്യുന്നു. അങ്ങ് പറഞ്ഞതെല്ലാം അനുസരിച്ചിട്ടുമുണ്ട്. എന്നിട്ടും എനിക്കൊരു നേട്ടവുമില്ല. മാത്രമല്ല ഇവിടുത്തെ നിയമങ്ങൾ കഠിനവുമാണ്. ഇതിലും ഭേദം പുറത്തുപോയ് സ്വതന്ത്രമായ് ജീവിക്കുന്നതാണ്." ശിഷ്യന്റെ പരാതിക്ക് ഗുരു മറുപടി നൽകി: "പ്രായത്തിൽ മാത്രമല്ല ഒരാൾ വളരേണ്ടത്. ജ്ഞാനത്തിലും വളരണം. മറ്റുള്ളവരെക്കാൾ കഴിവുള്ള വ്യക്തിയാണ് ഞാൻ എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ ഒരുവന്റെ വളർച്ച മുരടിക്കുകയാണ്. ആശ്രമത്തിന് ചില ചിട്ടകളും നിയമങ്ങളുമുണ്ട്. അവ പാലിക്കണമെങ്കിൽ ദൈവത്തോടും തിരഞ്ഞെടുത്ത ജീവിത ശൈലിയോടും സ്നേഹമുണ്ടായിരിക്കണം. അങ്ങനെയുള്ളവർ ഒരിക്കലും സ്ഥാനമാനങ്ങളോ പദവികളോ ആഗ്രഹിക്കില്ല. അവർ മേലധികാരികളെ ധിക്കരിക്കില്ല. ഭൗതിക നേട്ടങ്ങൾക്കായ് പരിശ്രമിക്കില്ല. അവരുടെ അനുസരണം സ്നേഹത്തിന്റെ പ്രതിഫലനമായിരിക്കും. സ്നേഹം അസ്തമിക്കുന്നിടത്ത് ത്യാഗവും അനുസരണവുമെല്ലാം ഭാരമാകുന്നു... അതുകൊണ്ട് താങ്കൾ ഈ ജീവിത ശൈലി ഉപേക്ഷിക്കുന്നതാണ് നല്ലത്. ഒരു കാര്യം മനസിൽ സൂക്ഷിക്കുക; ഈ മനോഭാവം മാറ്റിയില്ലെങ്കിൽ താങ്കൾക്കൊരിക്കലും സന്തോഷവും സംതൃപ്തിയും ലഭിക്കില്ല."
അനുദിന ജീവിതത്തിലും സഭയിലും സമൂഹത്തിലുമെല്ലാം പ്രശ്നങ്ങൾ ഏറിവരുമ്പോൾ ചിന്തിക്കേണ്ട കാര്യങ്ങളാണ് ഗുരു ശിഷ്യനോട് പങ്കു വച്ചത്.തിരഞ്ഞെടുത്ത ജീവിത ശൈലിയോടും ദൈവത്തോടും സ്നേഹമുണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് അനുസരണം സ്നേഹമാകൂ. അവിടെ പിടിവാശികൾ ഉപേക്ഷിക്കാനും എളിമപ്പെടാനും ഒരാൾക്ക് സാധ്യമാകും. എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ച ഞങ്ങൾക്ക് എന്തു ലഭിക്കുമെന്ന പത്രോസിന്റെ ചോദ്യത്തിന് ക്രിസ്തുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: "എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും" (മത്തായി 19 : 29). നിത്യജീവനെക്കുറിച്ചുള്ള കാഴ്ചകൾ മങ്ങുമ്പോൾ ഈ ലോക കാഴ്ചകൾ നമ്മെ വശീകരിക്കുമെന്ന സത്യം മറക്കാതിരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26