അത്ഭുത പ്രവര്‍ത്തനത്തിന് ദൈവം വരം കൊടുത്ത വിശുദ്ധ ഏലിയുത്തേരിയസ്

 അത്ഭുത പ്രവര്‍ത്തനത്തിന് ദൈവം വരം കൊടുത്ത വിശുദ്ധ ഏലിയുത്തേരിയസ്

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 06

ഇറ്റലിയിലെ സ്‌പോളിറ്റോക്കിന് സമീപമുള്ള വിശുദ്ധ മാര്‍ക്കിന്റെ ആശ്രമത്തിലെ സര്‍വ്വസമ്മതനായ ആശ്രമാധിപതിയായിരുന്നു ഏലിയുത്തേരിയസ്. ലളിത ജീവിതവും അനുതാപ ചൈതന്യവും പ്രധാന ഗുണങ്ങളായി വിളങ്ങിയിരുന്ന അദ്ദേഹത്തിന് ദൈവം അത്ഭുത പ്രവര്‍ത്തന വരം കൊടുത്തിരുന്നു.

പിശാച് ബാധിതനായ ഒരു കുട്ടിയെ തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി രക്ഷിക്കാന്‍ വിശുദ്ധന് സാധിച്ചു. ''ഈ കുട്ടി ദൈവദാസന്മാരില്‍ ഒരാളായതിനാല്‍, പിശാചിന് ഇവനെ തൊടാന്‍ പേടിയായിരിക്കും''- ഇതായിരുന്നു സംഭവത്തെപ്പറ്റി അദ്ദേഹത്തിന്റെ പ്രതികരണം.

ഈ വാക്കുകള്‍ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം പിശാച് വീണ്ടും കുട്ടിയില്‍ കയറി അവനെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ മനസാക്ഷിക്കുത്ത് തോന്നിയ ഏലിയുത്തേരിയസ് തന്റെ തെറ്റിന് എളിമയോടെ കുറ്റസമ്മതം നടത്തി. സാത്താന്റെ സന്നിവേശത്തില്‍ നിന്നും കുട്ടിക്ക് പൂര്‍ണ്ണ മോചനം കിട്ടുന്നത് വരെ തന്റെ ജനത്തോടൊപ്പം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

വിശുദ്ധനെ പറ്റി ചരിത്രരേഖകളിലുള്ള മറ്റൊരു സംഭവം ഇതാണ്: ഒരിക്കല്‍ മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പാപ്പയ്ക്ക് അതികഠിനമായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം ഉയിര്‍പ്പിനോടനുബന്ധിച്ച് നോമ്പ് അനുഷ്ഠിക്കാന്‍ സാധിച്ചില്ല.

ആ സമയം പ്രായശ്ചിത്ത പ്രാര്‍ത്ഥനയ്ക്കായി ഏലിയുത്തേരിയസും കൂട്ടരും വിശുദ്ധ ആന്‍ഡ്രൂസിന്റെ പള്ളിയില്‍ പോകുന്ന കാലമായിരുന്നു. തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ തന്നേയും കൂടെ കൊണ്ട് പോകണമെന്ന് മാര്‍പാപ്പ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.

മാര്‍പ്പാപ്പയെ ഒപ്പം കൂട്ടിയ എലുയിത്തേരിയസ് അദ്ദേഹത്തിന് വേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ പോപ്പ് ഉന്മേഷഭരിതനായിത്തീര്‍ന്നു. അദ്ദേഹം നോമ്പ് ആരംഭിക്കുകയും ചെയ്തു.

ഒരു മരിച്ച മനുഷ്യനെ ഇദ്ദേഹം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചിട്ടുണ്ടെന്നും വിശ്വസിച്ചു പോരുന്നു. ആശ്രമ ചുമതലകളില്‍ നിന്നും വിരമിച്ച അദ്ദേഹം റോമിലെ വിശുദ്ധ ആന്‍ഡ്രൂസ് ആശ്രമത്തില്‍ വച്ച് 585 ല്‍ ദിവംഗതനായി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ലാവോണ്‍ ബിഷപ്പായിരുന്ന ചൈനോ ആള്‍ഡൂസ്

2. ലാഒനിലെ ആദ്യത്തെ മെത്രാനായിരുന്ന കഞ്ഞോ ആള്‍ഡ്

3. വെര്‍ഡൂണിലെ ബ്ഷപ്പായിരുന്ന അരാത്തോര്‍

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26