കാബൂള്‍: അഫ്ഗാന്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാര്‍ഗരേഖ പുറത്തിറക്കി താലിബാന്‍. വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും മുഖം മറയ്ക്കണമെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറ വേണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തിങ്കളാഴ്ച സ്വകാര്യ കോളേജുകള്‍ തുറക്കാനിരിക്കെയാണ് താലിബാന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായും അബായ വസ്ത്രവും മുഖം മുഴുവനും മറയ്ക്കുന്ന രീതിയിലുള്ള നിഖാബും ധരിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും വേര്‍തിരിച്ച് ക്ലാസുകളില്‍ ഇരുത്തണം. ഇടയില്‍ ഒരു മറയുണ്ടായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പെണ്‍കുട്ടികളെ സ്ത്രീകളായ അധ്യാപകര്‍ മാത്രമേ പഠിപ്പിക്കാന്‍ പാടുള്ളു. അത്തരത്തില്‍ യോഗ്യരായ സ്ത്രീ അധ്യാപകരെ കിട്ടിയില്ലെങ്കില്‍ 'നല്ല സ്വഭാവക്കാരായ' വൃദ്ധന്മാരെക്കൊണ്ട് പഠിപ്പിക്കണമെന്നും താലിബാന്‍ നിര്‍ദേശിക്കുന്നു. സര്‍വകലാശാലകള്‍ക്ക് അവരുടെ സംവിധാനങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി വനിതാ അധ്യാപികമാരെ നിയമിക്കാം. അത്തരത്തില്‍ വനിതാ അധ്യാപികമാരെ കിട്ടിയില്ലെങ്കില്‍ വൃദ്ധരായ അധ്യാപകരെ നിയമിക്കാം.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങള്‍ കോളേജില്‍ ഉണ്ടായിരിക്കണം. ആണ്‍കുട്ടികളേക്കാള്‍ അഞ്ച് മിനിറ്റ് മുമ്പ് തന്നെ പെണ്‍കുട്ടികളെ വീടുകളിലേക്ക് വിടണമെന്നും ആണ്‍കുട്ടികളുമായി ഇടകലരുന്ന യാതൊരു സാഹചര്യവും കോളേജുകളില്‍ ഉണ്ടായിരിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
താലിബാന്‍ പുറത്തിറക്കിയ ഉത്തരവ് പാലിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഒരു സര്‍വകലാശാലാ പ്രൊഫസറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യത്തിനുള്ള വനിതാ അധ്യാപകര്‍ കോളേജുകളിലില്ല. മാത്രമല്ല, ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മാറ്റിയിരുത്തി പഠിപ്പിക്കാന്‍ മാത്രമുള്ള സംവിധാനങ്ങളും കോളേജുകളില്ല. എങ്കിലും പെണ്‍കുട്ടികളെ സ്‌കൂളുകളിലും കോളേജുകളിലും അയക്കാന്‍ താലിബാന്‍ സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.