ഇത് ടെസ പൊരുതി നേടിയ വിജയം

ഇത് ടെസ പൊരുതി നേടിയ വിജയം

കണ്ണൂർ പരിയാരം സ്വദേശി ജോയി- ആലീസ് ദമ്പതികളുടെ മൂന്നാമത്തെ മകൾ ടെസയുടെ കഥയാണിത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവളുടെ അമ്മയ്ക്ക് അർബുദരോഗം പിടിപെടുന്നത്. ടെസയുടെ കുടുംബത്തെ അത് വല്ലാതെ പിടിച്ചുലച്ചു. അമ്മയെ ചികിത്സിക്കാനായി കൃഷിയിടങ്ങൾ ഒന്നൊന്നായ് അപ്പന് വിൽക്കേണ്ടി വന്നു. അഞ്ചിലേറെ ശസ്ത്രക്രിയകൾക്ക് അമ്മ വിധേയയായപ്പോഴേക്കും അവരുടെ സമ്പാദ്യം ഏട്ടരയേക്കർ സ്ഥലത്തു നിന്നും 10 സെന്റിലേക്ക് ചുരുങ്ങിയിരുന്നു. പത്ത് സെന്റ് സ്ഥലത്ത് വീടും നാല് പശുക്കളുള്ള തൊഴുത്തും അത്യാവശ്യം പച്ചക്കറികളുമുണ്ട്. അമ്മയെ ശുശ്രൂഷിക്കാൻ ഉള്ളതിനാൽ കെട്ടുപണിക്കാരനായ അപ്പന് മുഴുവൻ സമയം പണിക്ക് പോകാൻ കഴിയാതായി. പണ്ടു മുതലെ അപ്പനോടും അമ്മയോടും സ്നേഹവും കരുതലുമുള്ള ടെസ,അപ്പനോടൊപ്പം കെട്ടു പണിക്ക് കയ്യാളായും പോകുമായിരുന്നു. കോളേജിൽ നിന്ന് ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് അധ്യാപകരുടെ അനുമതി വാങ്ങിഅമ്മയെ ശുശ്രൂഷിക്കാനും പശുക്കളെ കറക്കാനുമായി അവൾ ഓടി വീട്ടിൽ എത്തുമായിരുന്നു. ഒരു വീട്ടിലെ മുഴുവൻ പണികളുമെടുത്ത് ഒഴിവ് സമയങ്ങൾ കണ്ടെത്തി അവൾ പഠിക്കുമായിരുന്നു. പരാതികൾ ഒന്നുമില്ലാത്ത ടെസയുടെ ദുരിത ജീവിതത്തിന് ഇരട്ടിമധുരം പകർന്നു കൊണ്ടാണ് എം.എസ്.ഡബ്ല്യൂ ഫലം പ്രസിദ്ധീകരിക്കുന്നത്. കണ്ണൂർ സർവ്വകലാശാലയിൽ മൂന്നാം റാങ്ക് ! എന്നിട്ടും ഒട്ടും തലക്കനമില്ലാതെ അവളിപ്പോഴും കുടുംബത്തിന്റെ സന്തോഷത്തിലും ദു:ഖത്തിലും ഇഴുകി മുന്നോട്ടു പോകുന്നു. (കടപ്പാട് സോഫിയ ടൈംസ് ഓൺലൈൻ. വീഡിയോ കാണാൻ ( https://youtu.be/PAfNiC_T_9w)

ജീവിത ദുഃഖങ്ങൾ ദൈവീക പദ്ധതികളായ് കണ്ട് ദൈവത്തെ പഴിചാരാതെ വിശ്വാസത്തിൽ വേരൂന്നുന്നവരെ ദൈവമൊരിക്കലും കൈവെടിയുകില്ലെന്ന് ടെസയുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു. "നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും" (യോഹന്നാന്‍ 16 : 20 ) എന്ന വചനത്തിന് ടെസയുടെ ജീവിതത്തിന്റെ നിറവുണ്ട്. എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും പരാതിപ്പെടുന്ന മക്കൾക്കും
സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞ് പഠിക്കാൻ മടികാണിക്കുന്നവർക്കും ജീവിതത്തിലെ ദുഃഖ ദുരിതങ്ങൾ ഓർത്ത് ദൈവത്തെ പഴിചാരി ജീവിക്കുന്നവർക്കും കണ്ടു പഠിക്കാം ടെസയെ പോലുള്ളവർ പൊരുതി നേടുന്ന ജീവിത വിജയങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26