വാക്‌സിനേഷന്‍: സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കിയെന്ന് സാബു എം ജേക്കബ്

വാക്‌സിനേഷന്‍: സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കിയെന്ന് സാബു എം ജേക്കബ്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ ജീവിക്കാന്‍ പുറത്തിറങ്ങുന്ന ജനങ്ങളുടെമേല്‍ വന്‍ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയര്‍മാന്‍ സാബു എം ജേക്കബ്. വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി വന്നതിനോട് പ്രതികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിക്കാത്ത വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്‌നിക് ഉള്‍പ്പെടെയുള്ള വാക്സിനുകള്‍ ഉള്ളപ്പോള്‍ ആ സാധ്യത സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്സിന് ക്ഷാമമെന്നും സ്വകാര്യ ആശുപത്രികളില്‍ സുലഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേന്ദ്രത്തില്‍നിന്നും വാക്സിന്‍ ലഭിക്കുന്നതിന് കാത്തിരിക്കാതെ കേരളത്തില്‍ സ്വകാര്യ മേഖലയിലെ വാക്സിന്‍ സൗജന്യമായി നല്‍കി വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നും ഇതിനായി തമിഴ്‌നാട് മാതൃക അവലംബിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പരമാവധി വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നതെന്നും എന്നാല്‍ നമ്മുടെ രാജ്യത്ത് ഇടവേള ദീര്‍ഘിപ്പിച്ചത് വ്യാപനം കൂട്ടുകയാണു ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.