മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 70ന്റെ നിറവിൽ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 70ന്റെ നിറവിൽ

തിരുവനന്തപുരം : മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. മലയാള സിനിമയിൽ പകരംവെക്കാനാവാത്ത നടനവൈഭവത്തിലൂടെ മലയാള സിനിമയിലെ മെഗാസ്റ്റാറായി അരങ്ങുതകര്‍ക്കുക്കയാണ് താരം.

സൂപ്പർസ്റ്റാറിന് പിറന്നാള്‍ ആശംസകളറിയിക്കുകയാണ് ആരാധകരും സിനിമാലോകവും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി പേർ. താരപരിവേഷങ്ങളെക്കാളും വെള്ളിത്തരയില്‍ എക്കാലത്തേയും വിസ്മയമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. പ്രിയപ്പെട്ടവരുടെ മമ്മുക്ക.

മമ്മൂട്ടിക്ക്​ 70 വയസായെന്ന്​ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നാണ് ഉലകനായകന്‍ കമല്‍ഹാസന്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് പറഞ്ഞത്. പ്രായത്തെയും പിന്നിലാക്കിയാണ് മമ്മൂട്ടിയുടെ കുതിപ്പ്.

1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം, വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനനം. സിനിമയോടുളള അടങ്ങാത്ത ആവേശം അഭിഭാഷകവൃത്തിയില്‍ നിന്നും അഭിനയരംഗത്ത് എത്തിച്ചു.

സിനിമ ലോകത്ത് 50 വര്‍ഷം എന്ന അപൂര്‍വനേട്ടം മമ്മൂട്ടി പിന്നിട്ടത് അടുത്തിടെയാണ്. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ തുടങ്ങി ന്യൂഡല്‍ഹിയിലൂടെ മലയാളസിനിമയില്‍ പുതിയൊരു താരോദയമായി മാറുകയായിരുന്നു. പിന്നീടങ്ങോട്ട് ആ അഭിനയപ്രതിഭയുടെ പകര്‍ന്നാട്ടങ്ങള്‍ സമ്മാനിച്ചത് ഇന്നും അവസാനിക്കാത്ത ഒരുയുഗപ്പിറവിക്കായിരുന്നു.

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടും വിസ്മയിപ്പിച്ച അനവധി നിരവധി കഥാപാത്രങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ജനമനസുകള്‍ നെഞ്ചേറ്റുന്നു. അതേസമയം പ്രതിഭ തെളിയിച്ച ഒരുപിടി മികച്ചകഥാപാത്രങ്ങളും ലോകശ്രദ്ധനേടി.

1971 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 1980 ലാണ് ഒരു മുഖ്യ വേഷത്തില്‍ എത്തുന്നത്. അതേ വര്‍ഷം തന്നെ കല്യാണം കഴിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകളിലായി 400ലധികം സിനിമകളില്‍ അഭിനയിച്ചു .1989, 1993, 1999 വര്‍ഷങ്ങളില്‍ മികച്ച ചലച്ചിത്രകാരനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1998 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എഴുതവണയും നേടിയിട്ടുണ്ട്.

സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യന്‍, പ്രേം നസീര്‍, ഷീലയുമൊക്കെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ് ആയാണ് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ സത്യന്‍ മാസ്റ്ററുടെ അനുഗ്രഹം ലഭിച്ച അദ്ദേഹത്തിന് പിന്നീട് വന്നുചേര്‍ന്നത് സുവര്‍ണകാലമായിരുന്നു. 

1973 ല്‍ ' കാലചക്രം' എന്ന സിനിമയിലും ചെറിയൊരു വേഷത്തില്‍ അഭിനയിച്ചു. 1980 ല്‍ എം ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ആസാദ് സംവിധാനം ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയില്‍ ' മാധവന്‍കുട്ടി' എന്ന കഥാപാത്രമായാണ് പ്രധാനവേഷത്തിലെത്തുന്നത്.

പൊലീസ്, അധോലോക നായകന്‍, കുടുംബനാഥന്‍, അധ്യാപകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ പല കഥാപാത്രങ്ങളായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒരു സിനിമയില്‍ തന്നെ പല കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്.

1980 മുതല്‍ ഇതുവരെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മലയാളികളുടെ മമ്മൂട്ടി. അദ്ദേഹത്തിന്റെ ശബ്‌ദവും അഭിനയ മികവും എന്നും മലയാളികളുടെ മനസ്സില്‍ കൂടെനില്‍ക്കും. 17 ഓളം സിനിമകളില്‍ ഡബിള്‍ റോള്‍ ആയും സി ബി ഐ സീരിസില്‍ സേതുരാമന്‍ നായര്‍ ആയും അദ്ദേഹത്തിന്റെ അഭിനയ മികവ് എടുത്തു കാണിക്കുന്നു. മലയാളികളുടെ മറ്റൊരു സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനൊപ്പം 50 ഓളം സിനിമയിലും അഭിനയിച്ച്‌ തകര്‍ത്തിട്ടുണ്ട്.

'അനുഭവങ്ങള്‍ പാളിച്ചകള്‍ ' മുതല്‍ അഞ്ച് പതിറ്റാണ്ടുകള്‍ തന്റെ ജീവിതം മുഴുവനും സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് അദ്ദേഹം. ഇനിയും പല പുതുചലച്ചിത്രങ്ങളം വരാനിരിക്കുന്നുണ്ട്. മകന്‍ ദുല്‍ഖര്‍ സല്‍മാനും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മറ്റു ഭാഷകളിലെ പല അഭിനേതാക്കളുടെയും ആരാധന പാത്രമാണ് മമ്മുട്ടി. ദേശീയപുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും അദ്ദേഹത്തെതേടിവന്നു. മലയാളത്തിന്റെ നടനചക്രവര്‍ത്തിക്ക് പിറന്നാള്‍ ആശംസകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.