പുതിയ സാമ്പത്തിക മാതൃക അനിവാര്യം;'ഫ്രത്തെല്ലി തൂത്തി' ദിശാ സൂചകമാകണമെന്ന് ആര്‍ച്ച്ബിഷപ്പ് പോള്‍ കോക്ക്‌ലി

പുതിയ സാമ്പത്തിക മാതൃക അനിവാര്യം;'ഫ്രത്തെല്ലി തൂത്തി'  ദിശാ സൂചകമാകണമെന്ന് ആര്‍ച്ച്ബിഷപ്പ് പോള്‍ കോക്ക്‌ലി


വാഷിംഗ്ടണ്‍: സാര്‍വത്രിക സാഹോദര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു പുതിയ സാമ്പത്തിക മാതൃക പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സജീവമാകണമെന്ന് അമേരിക്കയിലെ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ യു.എസ് മെത്രാന്‍ സംഘത്തിന്റെ ആഭ്യന്തര നീതി, മാനവിക വികസന സമിതി ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച്ബിഷപ്പ് പോള്‍ എസ്. കോക്ക്‌ലി അഭിപ്രായപ്പെട്ടു. പ്രത്യാശയുടെ പ്രവാചക ശബ്ദമായി ലോകം വിലയിരുത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാമൂഹിക പ്രബോധനമായ 'ഫ്രത്തെല്ലി തൂത്തി' (സഹോദരര്‍ സര്‍വരും) ഇക്കാര്യത്തില്‍ സര്‍വതല സ്പര്‍ശിയായ മാര്‍ഗ രേഖയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനകള്‍ ഉണ്ടെന്നത് പ്രതീക്ഷ പകരുന്നുണ്ട്. ഇതിനിടെ, മാനുഷിക അന്തസ്സും പൊതുനന്മയും ലക്ഷ്യമാക്കുന്ന കത്തോലിക്കാ സാമൂഹിക അധ്യാപനത്തിന്റെ അടിത്തറ ബലപ്പെടുത്താനുള്ള മാര്‍പ്പാപ്പയുടെ ആഹ്വാനത്തിന് ഉത്തരം നല്‍കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിലും ആഗോള തലത്തിലും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുള്ള സൃഷ്ടിപരമായ സാമ്പത്തിക പ്രതികരണങ്ങള്‍ ഏതു വിധമായിരിക്കണമെന്ന് ചൂണ്ടിക്കാണിക്കുന്ന ഫ്രാന്‍സിസ്‌കന്‍ ദര്‍ശനത്തിന്റെ സാംഗത്യം തിരിച്ചറിയണം.

പകര്‍ച്ചവ്യാധിയെ ചുറ്റിപ്പറ്റി ഇപ്പോഴും നിരവധി അനിശ്ചിതത്വങ്ങളുണ്ട്; എന്തായാലും, നമ്മുടെ സമൂഹവും ഈ ലോകവും ഇനി പഴയതുപോലെയാകില്ലെന്ന് നമുക്കറിയാം. ഇതിനിടെയാണ് കാലത്തിന്റെ അടയാളങ്ങള്‍ പ്രതിഫലിപ്പിച്ച് ഒരു മികച്ച സമ്പദ്വ്യവസ്ഥയിലേക്ക് നമ്മെ പ്രചോദിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാമൂഹിക പ്രബോധനം ദിശാസൂചകമാകുന്നത്.താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളാണ് തൊഴില്‍ വരുമാന നഷ്ടം കൂടുതലായി അനുഭവിക്കുന്നത്. സ്ത്രീകള്‍ക്കുണ്ടായ തൊഴില്‍ നഷ്ടവും ഗണ്യമാണ്.പകര്‍ച്ചവ്യാധിയുടെ ഫലമായി വരുമാന സ്രോതസ്സുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കണം. ഈ പ്രയാസകരമായ സമയങ്ങളിലും രാജ്യം പ്രവര്‍ത്തന നിരതമാകാന്‍ വേണ്ടി യത്‌നിക്കുന്ന തൊഴിലാളികള്‍ക്ക് നന്ദി പറയേണ്ടതുണ്ടെന്നും ആര്‍ച്ച്ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

കോവിഡ് -19 മൂലമുണ്ടായ 600,000-ത്തിലധികം മരണങ്ങള്‍ രാജ്യത്തെ വിഷമസന്ധിയിലാക്കി. 43,000 കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നഷ്ടമായത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നു. ഈ വര്‍ഷം 13 ദശലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ 42 ദശലക്ഷം ആളുകള്‍ അമേരിക്കയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുവെന്നതും അത്യന്തം ഉത്ക്കണ്ഠ ജനിപ്പിക്കുന്നുണ്ട്. കോവിഡിനു ശേഷം കൂടുതല്‍ സാഹോദര്യ സ്പര്‍ശിയായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. സമൂഹത്തിന്റെ അരികുകളില്‍ ആരെയും ഉപേക്ഷിക്കാത്ത ഒരു ആഗോള സാഹോദര്യത്തിന്റെ സൃഷ്ടിക്കായി സംഘടിത നീക്കമുണ്ടാകണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാമൂഹിക പ്രബോധനം തിരിച്ചറിയപ്പെടേണ്ട സമയമാണിതെന്നും ആര്‍ച്ച്ബിഷപ്പ് കോക്ക്‌ലി അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.