ഏകീകൃത ദിവ്യബലി അര്‍പ്പണ രീതി: തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സീറോ മലബാര്‍ സഭാ മാധ്യമ കമ്മീഷന്‍

ഏകീകൃത ദിവ്യബലി അര്‍പ്പണ രീതി: തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സീറോ മലബാര്‍ സഭാ മാധ്യമ കമ്മീഷന്‍

സക്രാരി മാറ്റി സ്ഥാപിക്കണമെന്ന പ്രചാരണം വാസ്തവ വിരുദ്ധം.
മദ്ബഹവിരി, മാര്‍തോമാസ്ലീവ, ക്രൂശിത രൂപം എന്നിവ നിര്‍ബന്ധമെന്ന പ്രചാരണം തെറ്റ്.
പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകള്‍, വലിയ ആഴ്ചയിലെ കര്‍മ്മങ്ങള്‍, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ ഇപ്പോള്‍ ഉള്ളതുപോലെ തുടരും.


കൊച്ചി: വിശുദ്ധ കുര്‍ബാനയുടെ ഏകീകൃതമായ അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതിനെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സീറോ മലബാര്‍ സഭാ മാധ്യമ കമ്മീഷന്‍.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളെയും ഓഗസ്റ്റില്‍ നടന്ന മെത്രാന്‍ സിനഡ് ഏകകണ്ഠമായി സ്വീകരിച്ച് വിശുദ്ധ കുര്‍ബായര്‍പ്പണത്തിന്റെ ഏകീകൃത രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്.

വിശുദ്ധ കുര്‍ബാനയുടെ ആരംഭം മുതല്‍ വിശ്വാസ പ്രമാണം വരെയുള്ള ഭാഗം ജനാഭിമുഖമായും പിന്നീടുള്ള അര്‍പ്പണ ഭാഗം അള്‍ത്താരഭിമുഖമായും കുര്‍ബാന സ്വീകരണത്തിനു ശേഷമുള്ള ഭാഗം വീണ്ടും ജനാഭിമുഖമായും അര്‍പ്പിക്കണമെന്നുള്ളതാണ് ഏകീകൃത അര്‍പ്പണ രീതി. കാര്‍മികന്‍ ദിവ്യബലിയര്‍പ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എവിടേയ്ക്കു തിരിഞ്ഞു നില്‍ക്കണമെന്നതു മാത്രമാണ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റം.

എന്നാല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃതരീതിയുമായി ബന്ധപ്പെടുത്തി മദ്ബഹവിരി, മാര്‍തോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിര്‍ബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചതായി തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഓരോ രൂപതയിലും രൂപതാധ്യക്ഷന്റെ തീരുമാനപ്രകാരം ഇപ്പോള്‍ നിലവിലിരിക്കുന്ന രീതി ഇക്കാര്യങ്ങളില്‍ തുടരുന്നതാണ്.

കുര്‍ബാനയര്‍പ്പണത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്നതോടെ ദേവാലയങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി സക്രാരി മാറ്റി സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായുള്ള പ്രചരണവും വാസ്തവ വിരുദ്ധമാണ്. ദേവാലയങ്ങളില്‍ സക്രാരിയുടെ നിലവിലുള്ള സ്ഥാനം അതേപടി തുടരും.

സഭയില്‍ നിലവിലുള്ള പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകള്‍, വലിയ ആഴ്ചയിലെ കര്‍മങ്ങള്‍, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിര്‍ത്തലാക്കുമെന്നുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്. അവയെല്ലാം സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ ഉള്ളതുപോലെ തുടരും.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതില്‍ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വകമായ നീക്കമാണിതിനു പിന്നില്‍. സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാതമാകുന്ന ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും പിന്തിരിയുകയും ഇക്കാര്യങ്ങളില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് മാധ്യമ കമ്മീഷന്‍ നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.