കാസർഗോഡ് ജില്ലയിൽ നിർമ്മിച്ച കോവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തം

കാസർഗോഡ് ജില്ലയിൽ നിർമ്മിച്ച കോവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തം

കാസർഗോഡ്: ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയ സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിയുടെ കാര്യത്തിൽ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയുടെ ആരോഗ്യ പരിമിതിക്ക് പരിഹാരമായാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ആശുപത്രി നിർമ്മിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 60 കോടി രൂപ മുടക്കി ചട്ടഞ്ചാലില്‍ ടാറ്റാ ഗ്രൂപ്പാണ് സൗജന്യമായി ആശുപത്രി നിര്‍മിച്ചത്.

ഏപ്രില്‍ ഒന്‍പതിന് നിര്‍മാണം ആരംഭിച്ച് സെപ്റ്റംബര്‍ ഒന്‍പതിന് 541 കിടക്കകളുള്ള പ്രീഫാബ് മാതൃകയിലെ കോവിഡ് ആശുപത്രി സര്‍ക്കാരിന് കൈമാറി. എന്നാല്‍ ആഴ്ചകളും മാസവും പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

191 തസ്തികകള്‍ സൃഷ്ടിച്ചുവെങ്കിലും നിയമന കാര്യത്തിലും ആശുപത്രിയില്‍ മറ്റ് സജ്ജീകരണമൊരുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയ്‌ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. കാസര്‍ഗോഡിനു വേണ്ടി ജീവന്‍ നല്‍കുമെന്ന് ഉണ്ണിത്താന്‍ പ്രഖ്യാപിച്ചു.

ജില്ലയിലെ കോവിഡ് സാഹചര്യം ആശങ്കയോടെ തന്നെ ഇപ്പോഴും തുടരുകയാണ്. മരണം 168 കഴിഞ്ഞു. വൈറസ് ബാധിതരുടെ എണ്ണം പതിനാറായിരം കടന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി വീണ്ടും കോവിഡ് ആശുപത്രിയാക്കിയതോടെ കോവിഡേതര ചികിത്സയും ജില്ലയില്‍ ഏറെ പരുങ്ങലിലാണ്. കാസര്‍ഗോഡിന്റെ ആരോഗ്യരംഗത്തോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റം വരുത്തി ആശുപത്രി അടിയന്തരമായി പ്രവര്‍ത്തനം തുടങ്ങണമെന്ന ആവശ്യം ജില്ലയില്‍ ശക്തമാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.