ക്യൂബയില്‍ രണ്ടു വയസ് മുതലുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍

ക്യൂബയില്‍ രണ്ടു വയസ് മുതലുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍

ഹവാന: ലോകത്ത് ആദ്യമായി ക്യൂബയില്‍ രണ്ടു വയസ് മുതലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്‌സിനാണ് കുത്തിവയ്ക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായിട്ടാണ് രണ്ടു മുതല്‍ 11 വരെ പ്രായമുള്ളവരില്‍ കഴിഞ്ഞ ദിവസം കുത്തിവയ്പ് തുടങ്ങിയത്.

ക്യൂബ വികസിപ്പിച്ച ആബ്ഡാല, സോബെറാന എന്നീ വാക്‌സിനുകളാണ് കുട്ടികളില്‍ കുത്തിവെയ്ക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളില്‍ വെള്ളിയാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിയെന്‍ഫ്യൂഗോ പ്രവിശ്യയില്‍ രണ്ട് വയസിനു 12 വയസിനും ഇടയില്‍ പ്രായുള്ള കുട്ടികളിലെ വാക്‌സിനേഷനും തുടങ്ങിയത്.

2020 മാര്‍ച്ച് മുതല്‍ അടഞ്ഞു കിടക്കുന്ന സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായാണ് ക്യൂബ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നത്. രാജ്യത്ത് ഇന്റര്‍നെറ്റ് ലഭ്യത കുറവായതിനാല്‍ ടെലിവിഷന്‍ വഴിയാണ് ക്ലാസുകള്‍. ലോകത്ത് ഇതുവരെ കുട്ടികള്‍ക്ക് കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളില്‍ 12നു മേല്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ചൈനയും യുഎഇയും വെനസ്വേലയും രണ്ടു വയസ് മുതലുള്ളവര്‍ക്ക് കുത്തിവയ്പ് നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ ആദ്യമായി വാക്‌സിന്‍ വികസിപ്പിക്കുന്ന രാജ്യവും ക്യൂബയാണ്. യുഎസിലെ നൊവോവാക്‌സ്, ഫ്രാന്‍സിന്റെ സനോഫി വാക്‌സിനുകള്‍ക്ക് സമാനമായി റീകോംബിനന്റ് പ്രോട്ടീന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്ന വാക്‌സിനുകളാണ് ഇവ. എന്നാല്‍ ക്യൂബന്‍ വാക്‌സിന്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. നോവോവാക്‌സ്, സനോഫി വാക്‌സിനുകളും ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. സാധാരണ ഫ്രിഡ്ജിലെ താപനിലയില്‍ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നതാണ് ഈ വാക്‌സിന്റെ പ്രധാന മെച്ചം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.