അടിമകളുടെ പ്രേഷിതനായിരുന്ന വിശുദ്ധ പീറ്റര്‍ ക്ലാവെര്‍

അടിമകളുടെ പ്രേഷിതനായിരുന്ന വിശുദ്ധ പീറ്റര്‍ ക്ലാവെര്‍

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 09

സ്‌പെയിനിലെ കാറ്റലോണിയയില്‍ ഒരു ഉന്നത കുടുംബത്തില്‍ 1581 ലായിരുന്നു പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ബാഴ്‌സലോണാ സര്‍വ്വകലാശാലയിലെ പഠന ശേഷം ജെസ്യൂട്ട് സഭയില്‍ ചേര്‍ന്ന പീറ്റര്‍ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു.


അവിടെ വെച്ചാണ് പിന്നീട് വിശുദ്ധനായി മാറിയ ചുമട്ടുകാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസിനെ കണ്ട് മുട്ടുന്നത്. അദ്ദേഹമാണ് ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള പ്രചോദനം പീറ്റര്‍ ക്ലാവെറിന് നല്‍കിയത്. 1610 ഏപ്രിലില്‍ തന്റെ മേലധികാരികളുടെ അനുവാദത്തോട് കൂടി വിശുദ്ധന്‍ ന്യൂ ഗ്രാനഡായിലേക്ക് യാത്ര തിരിച്ചു. പിന്നീട് ഒരിക്കലും അദ്ദേഹം തന്റെ സ്വദേശമായ സ്‌പെയിനിലേക്ക് തിരികെ വന്നില്ല.

1615 ആയപ്പോഴേക്കും പീറ്റര്‍ തന്റെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കാര്‍ട്ടാജെനായില്‍ ഒരു പുരോഹിതനായി അഭിഷിക്തനായി. ഈ തിരക്കേറിയ തുറമുഖ നഗരത്തില്‍ ചുട്ടുപൊള്ളുന്ന ചൂടിലാണ് പുരോഹിതനായ പീറ്റര്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അടിമച്ചന്തയായിരുന്നു കാര്‍ട്ടാജെനാ. ആയിരകണക്കിന് കറുത്ത വര്‍ഗക്കാരെ കൊണ്ട് വരികയും ഒരുമിച്ച് പാര്‍പ്പിക്കുകയും ലേലം ചെയ്ത് വില്‍ക്കുകയും ചെയ്യുന്ന സ്ഥലമായിരുന്നു അത്.

ആഫ്രിക്കയില്‍ നിന്നും പിടികൂടുന്ന അടിമകളെ ആറുപേരുടെ കൂട്ടമായി ചങ്ങലയില്‍ ബന്ധിച്ച് 100-200 പേരെ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമായ കപ്പലില്‍ 600-800 ഓളം അടിമകളെ കുത്തി നിറച്ചായിരുന്നു കൊണ്ട് വന്നിരുന്നത്. അവരോടുള്ള പെരുമാറ്റം വളരെയേറെ ക്രൂരമായിരുന്നതിനാല്‍ യാത്രക്കിടയില്‍ തന്നെ മൂന്നിലൊരാള്‍ എന്ന കണക്കില്‍ മരണപ്പെടുമായിരുന്നു.

ഈ ജനങ്ങളുടെ ഇടയിലായിരുന്നു വൈദികനായ പീറ്ററിന് തന്റെ പ്രേഷിത പ്രവര്‍ത്തനം നടത്തേണ്ടിയിരുന്നത്. ഓരോ അടിമ കപ്പലുകളും എത്തുമ്പോള്‍ തന്നെ ഫാ. പീറ്റര്‍ അവിടെ ചെല്ലുകയും അവരെ കാണുകയും പതിവായിരുന്നു. പിന്നീട് അടിമകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പോവുകയും അവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും നല്‍കുമായിരുന്നു.

''നാം അവരോട് നമ്മുടെ അധരങ്ങള്‍ കൊണ്ട് സംസാരിക്കുന്നതിന് മുന്‍പ് നമ്മുടെ കൈകള്‍ കൊണ്ട് സംസാരിക്കേണ്ടി വരും.'' എന്ന് ഫാ. പീറ്റര്‍ ക്ലാവെര്‍ ഒരിക്കല്‍ പറഞ്ഞു. അവരില്‍ ഭൂരിഭാഗം പേരേയും അദ്ദേഹം ദൈവ മാര്‍ഗത്തിലേക്ക് കൊണ്ട് വന്നു. ദൈവ വാഗ്ദാനത്തിന്റെ പ്രതീക്ഷ നിറഞ്ഞ ആശ്വാസമായിരുന്നു അദ്ദേഹം അവര്‍ക്ക് നല്‍കിയത്. ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേര്‍ ഫാ. പീറ്ററിന്റെ കൈകളാല്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുകയുണ്ടായി.

കറുത്ത വര്‍ഗക്കാരായ അടിമകള്‍ക്കിടയില്‍ ഇരുപത്തേഴ് വര്‍ഷം സമര്‍പ്പിത സേവനം ചെയ്തതിനു ശേഷം പീറ്റര്‍ ക്ലാവെര്‍ 1654 സെപ്റ്റംബര്‍ എട്ടിന് കാര്‍ട്ടാജെനായില്‍ വെച്ച് മരണപ്പെട്ടു. 1888 ജനുവരി 15 ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുകയും നീഗ്രോകളുടെ പ്രത്യേക മാധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു.

അടിമകളുടെ പ്രേഷിതനാകുവാന്‍ വിശുദ്ധന് പ്രചോദനം നല്‍കിയ പാല്‍മയിലെ ചുമട്ടുകാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസിനേയും ഇതേ സമയത്ത് തന്നെയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷ് കന്യകയായിരുന്ന ഓസ്മാന്നാ

2. ലുക്‌സുവെയിലിലെ ഓമര്‍

3.മെഴ്‌സിയായിലെ ബെറ്റെലിന്‍

4. അയര്‍ലന്റിലെ കിയെറാന്‍

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26