ടെക്‌സസ്:
പരിസ്ഥിതിയെ ആഴത്തില്‍ സ്‌നേഹിച്ചും മാനവികതയ്ക്ക് മുന്‍തൂക്കം നല്‍കിയും 50 ലക്ഷം പേര്‍ക്കു പാര്‍ക്കാനായി അത്യാധുനിക സൗകര്യങ്ങളിണക്കി 150,000 ഏക്കറില്‍ സ്വപ്‌ന നഗരം പണിയാനൊരുങ്ങുന്നു യു.എസ് ശതകോടീശ്വരന്‍ മാര്‍ക്ക് ലോര്‍. 'അമേരിക്കയിലൊരു പുതുനഗരം' എന്ന തന്റെ കാഴ്ചപ്പാട് കേവലം ഉട്ടോപ്യന്‍ സദ്ധാന്തമാണെന്നു വിമര്‍ശിച്ചവരെ നിശ്ശബ്ദരാക്കി മഹാനഗരത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കാന്‍ ലോകപ്രശസ്ത വാസ്തുശില്പിയെ നിയമിച്ചു കഴിഞ്ഞു ശതകോടീശ്വരന്‍.
മാര്‍ക്ക് ലോര്‍ നിയോഗിച്ച ലോകോത്തര വാസ്തുവിദ്യാ സ്ഥാപനമായ ബ്യാര്‍കെ ഇംഗെല്‍സ് ഗ്രൂപ്പ് (ബിഗ്) ആകട്ടെ നിര്‍ദ്ദിഷ്ട മായിക നഗരത്തിന്റെ ഏകദേശ മാതൃക ഡിജിറ്റല്‍ ആയി കമ്പ്യൂട്ടറില്‍ പണിതു കഴിഞ്ഞു. ഈ 'ആനിമേറ്റഡ് സൂപ്പര്‍ സിറ്റി'യുടെ പ്രതിച്ഛായാ സഞ്ചയം ചൂണ്ടിക്കാട്ടിയാണ് 40 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള തന്റെ മഹാ പദ്ധതിയെപ്പറ്റി മാര്‍ക്ക് ലോര്‍ ഇപ്പോള്‍ വാചാലനാകുന്നത്. ടോക്കിയോയുടെ ശുചിത്വം, ന്യൂയോര്‍ക്കിന്റെ വൈവിധ്യം, സ്റ്റോക്ക്‌ഹോമിന്റെ സാമൂഹിക സേവനങ്ങള്‍...പുതു നഗരത്തില്‍ ഇതെല്ലാം സമന്വയിക്കുമെന്ന് അദ്ദേഹം പറയുന്നു.പക്ഷേ, നിര്‍മ്മിക്കാനുള്ള സ്ഥലം കണ്ടെത്തണം; കൂടാതെ 400 ബില്യണ്‍ ഡോളറും വേണം.
'ടെലോസ' എന്നു പേരിട്ടിട്ടുള്ള തന്റെ സുസ്ഥിര മഹാനഗരത്തിനുള്ള ഇടം അമേരിക്കയിലെ ഏതെങ്കിലും മരുപ്രദേശത്ത് കണ്ടെത്താനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് മുന്‍ വാള്‍മാര്‍ട്ട് എക്‌സിക്യൂട്ടീവ് ആയ മാര്‍ക്ക് ലോര്‍. പുരാതന ഗ്രീക്ക് പദമാണ് 'ടെലോസ്'. സാമൂഹികമായി അന്തര്‍ലീനമായ ഉന്നതലക്ഷ്യം ചൂണ്ടിക്കാണിക്കാനായിരുന്നു തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ ഈ പദം ഉപയോഗിച്ചത്.
പരിസ്ഥിതി സൗഹൃദ വാസ്തുവിദ്യ, പ്രകൃതിയില്‍ നിന്നു തന്നെ സുസ്ഥിര ഊര്‍ജ്ജ ഉല്‍പാദനം എന്നിവയ്ക്കു പുറമേ വരള്‍ച്ചയെ പ്രതിരോധിക്കുന്ന ജല ലഭ്യതയും ജല വിതരണ സംവിധാനവും വാഗ്ദാനം ചെയ്യുന്നു 'ടെലോസ' യില്‍. '15-മിനിറ്റ് നഗര രൂപകല്‍പ്പന' എന്നതാണ് വാസ്തുവിദ്യാ സ്ഥാപനത്തിനു നല്‍കിയ അടിസ്ഥാന ആശയങ്ങളില്‍ ഒന്ന്. നഗരവാസികള്‍ക്ക് അവരുടെ ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, മറ്റ് സൗകര്യ സ്ഥാനങ്ങള്‍ എന്നിവയിലേക്ക് വീടുകളില്‍ നിന്ന് പരമാവധി കാല്‍ മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താനാകണമെന്നതാണ് ഇതിനു പിന്നിലെ നിബന്ധന.
ആസൂത്രകര്‍ ഇപ്പോഴും ലൊക്കേഷന്‍ കണ്ടെത്താള്ള തിരച്ചിലിലാണ്. നെവാഡ, യൂട്ട, ഐഡഹോ, അരിസോണ, ടെക്‌സസ്, അപ്പലേചിയന്‍ പ്രദേശങ്ങള്‍ ആണ് അവര്‍ നോട്ടമിട്ടിട്ടുള്ളതെന്ന് പദ്ധതിയുടെ ഔദ്യാഗിക വെബ്‌സൈറ്റ് പറയുന്നു. ആകെ പദ്ധതിത്തുകയായ 40000 കോടി ഡോളര്‍ (ഏകദേശം 30 ലക്ഷം കോടി രൂപ) ആവശ്യമായി വരുന്നത് 40 വര്‍ഷം കൊണ്ടാണ്.
ലോറിന്റെ ഉട്ടോപ്യന്‍ സ്വപ്നത്തിന് ജീവന്‍ നല്‍കാന്‍ വാസ്തുവിദ്യാ സ്ഥാപനം തയ്യാറാക്കിയ ഡിജിറ്റല്‍ റെന്‍ഡറിംഗുകളുടെ പരമ്പര കണ്ണഞ്ചിപ്പിക്കുന്നതു തന്നെ. പച്ചപ്പ് നിറഞ്ഞ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ധാരാളം തുറന്ന സ്ഥലവും നഗരത്തിന്റെ ഭാഗമാണ്. ഫോസില്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കു നഗരത്തില്‍ പ്രവേശനമില്ല. സൂര്യപ്രകാശമുള്ള തെരുവുകളിലൂടെ സ്വയം നിയന്ത്രിത വാഹനങ്ങള്‍ സ്‌കൂട്ടറുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളാണുള്ളത്.
്.
'ടെലോസ' യില്‍ ഒരുക്കുന്ന സമാനതാ ഗോപുരം (ഇക്വിറ്റിസം ടവര്‍) എന്ന് വിളിക്കപ്പെടുന്ന അംബരചുംബിയായ മഹാ വിസ്മയത്തെ 'നഗരത്തിന്റെ വിളക്കുമാടം' എന്ന് വിശേഷിപ്പിക്കുന്നു. കെട്ടിടങ്ങള്‍ക്കെല്ലാം ഉയര്‍ന്ന ജലസംഭരണികളാണുള്ളത്. എയറോപോണിക് ഫാമുകള്‍, ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന ഫോട്ടോവോള്‍ട്ടെയ്ക്ക് മേല്‍ക്കൂര എന്നിവയുമുണ്ടാകും. ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജമത്രയും പങ്കിടാനും വിതരണം ചെയ്യാനും അനുവദിക്കും.
1500 ഏക്കറില്‍ 50,000 നിവാസികളെ ഉള്‍ക്കൊള്ളുന്ന ആദ്യ ഘട്ടം 25 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന പദ്ധതിയാണ്.40 വര്‍ഷമെടുത്ത് മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാകുമ്പോഴേക്കും 400 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നു;അപ്പോഴേക്കും നഗരം ലക്ഷ്യമിടുന്ന ജനസംഖ്യ 5 ദശലക്ഷത്തിലെത്തും.സ്വകാര്യ നിക്ഷേപകരും മനുഷ്യ സ്‌നേഹികളും മുതലിറക്കുമെന്ന പ്രതീക്ഷയുണ്ട് മാര്‍ക്കിന്. ഫെഡറല്‍, സംസ്ഥാന ഗ്രാന്റുകള്‍, സാമ്പത്തിക വികസന സബ്സിഡികള്‍ എന്നിവയുള്‍പ്പെടെ 'വിവിധ സ്രോതസ്സുകളില്‍' നിന്ന് ധനസഹായം ലഭിക്കുമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു. 2030 കഴിയും മുമ്പേ ആദ്യത്തെ താമസക്കാരെ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യം. അതിനായി ഉടന്‍ ഉദ്യോഗസ്ഥരെ സമീപിക്കാനാണു നീക്കം.
നൂതനമായ നഗര രൂപകല്‍പ്പനയ്‌ക്കൊപ്പം പ്രധാനമാണ് പദ്ധതിയുമായി ബന്ധപ്പെട്ട സുതാര്യമായ ഭരണ നിര്‍വഹണമെന്ന് ലോര്‍ കരുതുന്നു. പദ്ധതി വഴി 'സമൂഹത്തിന് പുതിയ മാതൃക' വാഗ്ദാനം ചെയ്യുന്നു. ബജറ്റ് വിഭാവന പ്രക്രിയയിലുള്‍പ്പെടെ തീരുമാനമെടുക്കുന്നതില്‍ പങ്കെടുക്കാന്‍ താമസക്കാരെ നഗരം അനുവദിക്കും. ഭൂമിയുടെ പങ്കിട്ടുള്ള ഉടമസ്ഥാവകാശം താമസക്കാര്‍ക്ക് ഒരു കമ്മ്യൂണിറ്റി എന്‍ഡോവ്മെന്റ് വഴി വാഗ്ദാനം ചെയ്യുന്നു. 'ലോകത്തിലെ ഏറ്റവും തുറന്നതും ഏറ്റവും ന്യായയുക്തവുമായ സ്വാശ്രിത നഗരം' ആയാണ്് പ്രൊമോഷണല്‍ വീഡിയോയില്‍ ലോര്‍ തന്റെ നിര്‍ദ്ദേശത്തെ വിശേഷിപ്പിക്കുന്നത്.
2016 ല്‍ വാള്‍മാര്‍ട്ടിന്റെ യുഎസ് ഇ-കൊമേഴ്സ് വിഭാഗം തലവനായി ചേരുന്നതിനുമുമ്പ് വിജയകരമായി ജെറ്റ് ഡോട്ട് കോം സ്ഥാപിച്ചു നടത്തിയിരുന്നയാളാണ് ലോര്‍. ആ കമ്പനി വിറ്റത് വാള്‍മാര്‍ട്ടിനു തന്നെയായിരുന്നു.ഈ വര്‍ഷം ആദ്യം, വാള്‍മാര്‍ട്ടിില്‍ നിന്ന് വിരമിച്ചു.റിയാലിറ്റി ടിവി ഷോയില്‍ തുടര്‍ ജോലി ചെയ്യാനും സ്റ്റാര്‍ട്ടപ്പുകളെ ഉപദേശിക്കാനും പരിപാടിയുള്ളതു കൂടാതെ 'ഭാവിയിലെ നഗരം' നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നതായി റിട്ടയര്‍മെന്റ് വേളയില്‍ പ്രഖ്യാപിച്ചിരുന്നു.
അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക സൈദ്ധാന്തികനുമായ ഹെന്റി ജോര്‍ജ്ജ് തനിക്ക് പ്രചോദനമായതായി ടെലോസയുടെ വെബ്‌സൈറ്റില്‍ ലോര്‍ വിശദീകരിക്കുന്നു. ക്യാപ്പിറ്റലിസത്തിന്റെ 'സുപ്രധാന പിഴവുകള്‍' ഉദ്ധരിക്കുന്നയാളാണ് ലോര്‍. പല പിഴവുകള്‍ക്കും ആധാരം അമേരിക്കയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ മാതൃകയുടെ അപാകതയാണെന്നും ചൂണ്ടിക്കാട്ടുന്നു അദ്ദേഹം.'ആദ്യം മുതല്‍ നിര്‍മ്മിച്ച നഗരങ്ങള്‍ കേവലം റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ തന്നെയാണ്,' ലോര്‍ പറഞ്ഞു. ആ പദ്ധതികളുടെ കേന്ദ്ര സ്ഥാനത്ത് മനുഷ്യരെയല്ല പ്രതിഷ്ഠിച്ചത്.അതിനാല്‍ ഉദ്ദേശ്യ ശുദ്ധിയും മൂല്യങ്ങളും അന്യമായി.' നീതിയും സുസ്ഥിരതയുമുള്ള ഭാവി സൃഷ്ടിക്കുക എന്നതാണ് ടെലോസയുടെ ദൗത്യം. '
ടെലോസയുടെ രൂപരേഖ തയ്യാറാക്കുന്ന ചുമതലയുള്ള ബിഗ് സ്ഥാപകന്‍, ഡാനിഷ് ആര്‍ക്കിടെക്റ്റ് ബ്യാര്‍കെ ഇംഗെല്‍സിന്റെ വാക്കുകളില്‍ 'സ്‌കാന്‍ഡിനേവിയന്‍ സംസ്‌കാരത്തിന്റെ സാമൂഹിക, പാരിസ്ഥിതിക പരിചരണ മൂല്യം ടെലോസയ്ക്കുണ്ടാകും. അതിനും പുറമേ അമേരിക്കന്‍ സംസ്‌കാരത്തിന്റെ സ്വാതന്ത്ര്യവും തുറവിയും ഉള്‍ക്കൊള്ളുന്നു'
കോപ്പന്‍ഹേഗന്‍ പവര്‍ പ്ലാന്റിന് മുകളില്‍ ഒരു സ്‌കീ പഥം സ്ഥാപിക്കുകയും ലണ്ടനിലും കാലിഫോര്‍ണിയയിലും ഗൂഗിളിന്റെ പുതിയ ആസ്ഥാനം രൂപകല്‍പ്പന ചെയ്യുകയും ചെയ്ത ഇംഗല്‍സിന്റെ സ്ഥാപനം ആസൂത്രണം ചെയ്യുന്ന ആദ്യത്തെ പുതു നഗരമല്ല ഇത്. 2020 ജനുവരിയില്‍, ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട, ഫുജി പര്‍വത താഴ്വരയില്‍ 2,000 ആളുകള്‍ക്കായി ഒരു നഗരം പണിയുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ബിഗിനെയാണ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. ടെലോസയേക്കാള്‍ വളരെ ചെറുതാണെങ്കിലും സ്വയം നിയന്ത്രിത വാഹന ഗതാഗതം, സ്മാര്‍ട്ട് സാങ്കേതികവിദ്യ, റോബോട്ട് സഹായത്തോടെയുള്ള ജീവിത ക്രമം എന്നിവ വാഗ്ദാനം ചെയ്യുന്നു 'വൂവന്‍ സിറ്റി' എന്ന് വിളിക്കപ്പെടുന്ന ഈ സൂക്ഷ്മാസൂത്രിത പദ്ധതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.