അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 10
ഫെര്‍മോ രൂപതയിലെ സെന്റ് ആഞ്ചലോയില്‍ ഒരു ദരിദ്ര കുടുംബത്തില്‍ 1245 ലാണ് നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്. മധ്യവയസ്്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് നിക്കോളാസിന്റെ മാതാവ് തന്റെ ഭര്‍ത്താവിനൊപ്പം ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി.
ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവ സേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക് ഒരു മകനുണ്ടാവുകയും അവന് നിക്കോളാസ് എന്ന് പേരിടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ആ കുട്ടി വിശുദ്ധിയുടെ അസാധാരണമായ അടയാളങ്ങള്‍ കാണിക്കുവാന്‍ തുടങ്ങി.
അവന് ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പര്‍വ്വതങ്ങളില്‍ താന്‍ കണ്ടിട്ടുള്ള സന്യാസിമാരെ അനുകരിച്ച് അവനും തന്റെ വീടിന്റെ അടുത്തുള്ള ഗുഹയില്‍ രഹസ്യമായി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. വഴിയില്‍ കാണുന്ന ദരിദ്രരെ വീട്ടിലേക്ക് വിളിച്ച് തനിക്കു വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ ഒരോഹരി അവര്‍ക്ക് കൊടുക്കുമായിരുന്നു. ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ അവന്‍ ഉപവസിച്ചിരുന്നു. യൗവ്വനത്തിലെത്തിയപ്പോള്‍ തിങ്കളാഴ്ചകളിലും ഉപവസിച്ചു.
നിക്കോളാസിന് പ്രായമായപ്പോള്‍ അഗസ്തീനിയന്‍ ഫ്രിയാര്‍ സഭയില്‍ ചേര്‍ന്നു. അവന്റെ ദയയും മാന്യമായ പെരുമാറ്റവും നിരീക്ഷിച്ച മേലധികാരികള്‍ നിക്കോളാസിനെ ആശ്രമ കവാടത്തിങ്കല്‍ പാവങ്ങള്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്ന ദൗത്യമേല്‍പ്പിച്ചു. 1271 ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
ഫാ.നിക്കോളാസ് ടൊളെന്റിനോയുടെ പ്രബോധനങ്ങളും ഉപദേശങ്ങളും വഴി നിരവധി പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ നിരവധിയായ അത്ഭുത പ്രവര്‍ത്തനങ്ങള്‍ വഴിയും അനേകം പേര്‍ വിശ്വാസത്തിലേക്ക് കടന്നു വന്നു. എന്നിരുന്നാലും ഈ അത്ഭുത പ്രവര്‍ത്തനങ്ങളുടെ കീര്‍ത്തിയില്‍ അദ്ദേഹം മതി മറന്നില്ല.
''ഇതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുക. എനിക്കല്ല, ദൈവത്തിനു നന്ദി പറയുക. ദൈവത്തിന്റെ കയ്യിലെ ഒരു കളിമണ്‍ പാത്രം മാത്രമാണ് ഞാന്‍. വെറും ദരിദ്രനായ പാപി''- ഇതായിരുന്നു തന്റെ അത്ഭുത പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഫാ.നിക്കോളാസിന്റെ പ്രതികരണം.
നിക്കോളാസ് തന്റെ അവസാന മുപ്പത് വര്‍ഷങ്ങള്‍ ടൊളെന്റിനോയിലാണ് ചിലവഴിച്ചത്. അക്കാലത്ത് അവിടെ ഗുയെല്‍ഫുകളും ഗീബെല്‍സിയനുകളും തമ്മില്‍ നിരന്തര ലഹളയിലായിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു. ഫാ.നിക്കോളാസിന്റെ അവസാന അഞ്ച് വര്‍ഷക്കാലം അദ്ദേഹം കിടപ്പിലായിരുന്നു. ഇക്കാലയളവില്‍ ഒരുപാട് സഹനങ്ങള്‍ അനുഭവിക്കുകയുണ്ടായി.
1306 സെപ്റ്റംബര്‍ പത്തിന് ടൊളെന്റിനോയില്‍ തന്റെ സന്യാസ ആശ്രമത്തില്‍ വച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. 1345 ല്‍ ഒരു അത്മായ സഹോദരന്‍ വിശുദ്ധന്റെ തിരുശേഷിപ്പ് ജര്‍മ്മനിയിലേക്ക് കൊണ്ട് പോകുന്നതിനായി അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തില്‍ നിന്നും കരങ്ങള്‍ മുറിച്ചെടുത്തു. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ സംഭവിക്കാതിരിക്കുന്നതിനായി അവിടത്തെ സന്യാസികള്‍ വിശുദ്ധന്റെ ഭൗതീക ശരീരം രഹസ്യമാക്കി വെച്ചു.
എന്നാല്‍ അത് പിന്നീട് ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മുറിച്ചെടുക്കപ്പെട്ട കരങ്ങള്‍ സുരക്ഷിതമായി ഇപ്പോഴും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. പലപ്പോഴും അതില്‍ നിന്നും രക്തം പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സാധാരണയായി സഭയിലോ, ലോകത്തോ ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുന്നോടിയായിട്ടാണ് വിശുദ്ധന്റെ മുറിച്ചെടുക്കപ്പെട്ട കൈയ്യില്‍ ഇപ്രകാരം രക്തം പ്രവഹിക്കുന്നതെന്ന് പറയപ്പെടുന്നു. 1446 ല്‍ എവുസേബിയൂസ് ചതുര്‍ത്ഥന്‍ മാര്‍പ്പാപ്പയാണ് നിക്കോളാസ് ടൊളെന്റിനോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അപെല്ലാസ് ലൂസിയൂസു
2. അവ്രാഞ്ചസ് ബിഷപ്പായിരുന്ന ഔത്ത് ബര്‍ത്തൂസ്
3. ബാരിപ്‌സബാസ് ഡല്‍മേഷൃ
4. നേപ്പിള്‍സിലെ കാന്റിഡാ ജൂനിയര്‍
5. സിസിലിയിലെ അഫ്രോഡീസിയ ബിഷപ്പ് കോസ്മാസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.