മാനസികാരോഗ്യ ചികിത്സയ്ക്ക് മാജിക് കൂണുകള്‍; ഓസ്‌ട്രേലിയന്‍ കമ്പനിക്ക് മരുന്ന് നിര്‍മാണത്തിന് അനുമതി

മാനസികാരോഗ്യ ചികിത്സയ്ക്ക് മാജിക് കൂണുകള്‍; ഓസ്‌ട്രേലിയന്‍ കമ്പനിക്ക് മരുന്ന് നിര്‍മാണത്തിന് അനുമതി

സിഡ്നി: കഞ്ചാവ് ഉപയോഗിച്ച് ഔഷധ നിര്‍മാണം നടത്താന്‍ അനുമതിയുള്ള ഓസ്‌ട്രേലിയന്‍ കമ്പനി ലിറ്റില്‍ ഗ്രീന്‍ ഫാര്‍മ (എല്‍.ജി.പി.) മാജിക് കൂണുകള്‍ ഉപയോഗിച്ചുള്ള മരുന്ന് ഉല്‍പാദനത്തിന് ഒരുങ്ങുന്നു. ഗവേഷണ ആവശ്യങ്ങള്‍ക്കായാണ് മരുന്ന് ഉല്‍പാദിപ്പിക്കുന്നത്.

മാജിക് കൂണുകളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന സൈലോസിബിന്‍ ഉപയോഗിച്ച് മാനസികാരോഗ്യ ചികിത്സയ്ക്കായി മരുന്ന് നിര്‍മ്മിക്കാന്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പ് ലിറ്റില്‍ ഗ്രീന്‍ ഫാര്‍മയ്ക്ക് അനുമതി നല്‍കി.

സൈലോസിബിന്‍ സംബന്ധിച്ച ഗവേഷണത്തിന് വലിയ പ്രസക്തിയുണ്ടെങ്കിലും ആഭ്യന്തരമായി മാജിക് കൂണുകളുടെ ലഭ്യതയും മരുന്ന് ഉല്‍പാദിപ്പിക്കാനുള്ള സാധ്യതകളും വളരെക്കുറവായിരുന്നു. അതിനാല്‍ മരുന്ന് ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കാനുള്ള പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ദേശീയ പ്രാധാന്യമുള്ളതാണെന്ന് എല്‍.ജി.പി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷോണ്‍ ഡഫി പറഞ്ഞു.

ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന തദ്ദേശീയ മാജിക് കൂണുകള്‍ മാനസികാരോഗ്യ ചികിത്സയില്‍ ഉപയോഗപ്പെടുത്താനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. തീവ്രമായ വിഷാദം, മദ്യാസക്തി, മയക്കുമരുന്നിനോടുള്ള അടിമത്തം, ദീര്‍ഘകാല മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായാണ് മാജിക് കൂണുകളിലെ സൈലോസിബിന്റെ സാധ്യത പരിശോധിക്കുന്നത്.

ഗവേഷണങ്ങള്‍ക്കുള്ള മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തുകയാണ് ലിറ്റില്‍ ഗ്രീന്‍ ഫാര്‍മ കമ്പനിയുടെ ലക്ഷ്യമെന്ന് ഷോണ്‍ ഡഫി പറഞ്ഞു.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 2018 മുതല്‍ കഞ്ചാവ് ഉപയോഗിച്ചുള്ള ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ കൂണുകളില്‍നിന്നുള്ള മരുന്നുകളുടെ ഉല്‍പാദനം ഇതാദ്യമായാണ്. ഇതിനായി കമ്പനിയുടെ സ്ഥലത്തു തന്നെ കൂണുകള്‍ വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഒരു ലാബില്‍ സൈലോസിബിന്‍ പൊടി രൂപത്തിലോ ഗുളിക രൂപത്തിലോ ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ കൂടുതല്‍ ആളുകളും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഗവേഷണം മരുന്ന് ഉല്‍പാദനത്തിലേക്കു നയിച്ചാല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ പദ്ധതിക്ക് കഴിയുമെന്ന് ഷോണ്‍ ഡഫി കൂട്ടിച്ചേര്‍ത്തു.

ഗവേഷണ ആവശ്യങ്ങള്‍ക്കു പോലും മാജിക് കൂണുകള്‍ ലഭ്യമാകുന്നത് പരിമിതമാണെന്നു നാഷണല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ഡോ. നിക്കോള്‍ ലീ പറഞ്ഞു.

മരുന്ന് ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും പ്രാദേശിക ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉണ്ടെങ്കില്‍, ഓസ്‌ട്രേലിയയില്‍ കൂടുതല്‍ ഗവേഷണസാധ്യതകള്‍ തുറക്കും. മറ്റു ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയ ഈ മേഖലയില്‍ വളരെ പിന്നിലാണ്.

മനോരോഗ ചികിത്സയില്‍ കാലങ്ങളായി വലിയ പുരോഗതി ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഇത്തരം പരീക്ഷണങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും പ്രൊഫസര്‍ ലീ പറഞ്ഞു.

തീവ്രമായ വിഷാദവും ഉത്കണ്ഠയും പരിഹരിക്കുന്നതിനുള്ള സാധ്യതകളാണ് ഗവേഷണത്തിലൂടെ തേടുന്നത്. പ്രത്യേകിച്ച് അര്‍ബുദ രോഗികളില്‍ അവസാന കാലത്ത് കാണപ്പെടുന്ന വിഷാദം. മദ്യാസക്തി, മയക്കുമരുന്നിനോടുള്ള അടിമത്തം എന്നിവയ്ക്കും ഇത് ഉപയോഗിക്കാനാകുമോ എന്നു പരിശോധിക്കും.

ഓസ്ട്രേലിയയില്‍, മാജിക് കൂണുകള്‍ കൃഷി ചെയ്യുകയോ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

ആഗോളതലത്തില്‍, 200 ഇനം കൂണുകളില്‍ സൈലോസിബിന്‍ അടങ്ങിയിട്ടുണ്ട്. മയക്കുമരുന്നായ എല്‍.എസ്.ഡിക്ക് സമാനമായി ഉന്മാദാവസ്ഥ സൃഷ്ടിക്കുന്നതാണ് സൈലോസിബിന്‍. അതേസമയം ഓസ്ട്രേലിയയിലുള്ള ഇത്തരം 20-30 ഇനം തദ്ദേശീയ മാജിക് കൂണുകളെക്കുറിച്ച് വളരെക്കുറച്ച് പഠനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.