പൂനെയില്‍ നിന്നുള്ള സംഘമെത്തി, വവ്വാലുകളെ ഇന്നു പിടിക്കും

പൂനെയില്‍ നിന്നുള്ള സംഘമെത്തി, വവ്വാലുകളെ ഇന്നു പിടിക്കും

കോഴിക്കോട്: ചാത്തമംഗലത്ത് റിപ്പോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധന ഊര്‍ജ്ജിതമാക്കി. ഇന്ന് വവ്വാലുകളെ വലവിരിച്ച്‌ പിടിച്ച്‌ നിരീക്ഷിക്കും. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘാംഗങ്ങളുടെ സാന്നിധ്യത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ അതിനുള്ള നടപടികൾ പൂര്‍ത്തിയാക്കി.

നിപ ബാധിച്ചുമരിച്ച ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തി. ചേന്ദമംഗലത്തും കൊടിയത്തൂരിലും സംഘമെത്തി. വവ്വാലുകള്‍ പറക്കുന്ന പാതയും സമ്പർക്ക സാധ്യതയും വിലയിരുത്തി.

വീട്ടുപിറമ്പിലെ അടയ്ക്കകള്‍ വവ്വാലുകള്‍ കടിച്ചത് വ്യക്തമായതിനാല്‍ അതില്‍നിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നും സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്. വവ്വാലുകള്‍ കഴിച്ച്‌ താഴെവീണ അടയ്ക്കയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. റംബൂട്ടാൻ മരത്തിനടുത്തേക്കുള്ള വവ്വാലുകളുടെ സഞ്ചാരപാതയ്ക്കരികില്‍ കന്നുകാലികളെ മേയ്ക്കുന്നതും മീന്‍പിടിക്കുന്നതും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രദേശത്തെ ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു.
രോഗം ബാധിച്ച്‌ മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയില്‍ നിലവില്‍ 274 പേരുണ്ട്. ഇവരില്‍ ഏഴ് പേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.