ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം അലങ്കരിച്ചു നടക്കുന്ന അപൂര്‍വയിനം ഞണ്ടുകള്‍

ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം അലങ്കരിച്ചു നടക്കുന്ന അപൂര്‍വയിനം ഞണ്ടുകള്‍

വീട്ടില്‍ നിന്നും പുറത്തേക്ക് എങ്ങോട്ടെങ്കിലും പോകുമ്പോള്‍ നല്ലതുപോലെ ഒരുങ്ങി ഇറങ്ങാറുണ്ട് പലരും. എന്നാല്‍ ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം അലങ്കരിച്ചു നടക്കുന്ന ആരെങ്കിലും ഉണ്ടാകുമോ നമുക്കിടയില്‍. ഇല്ലെന്നു തന്നെ പറയാം. മനുഷ്യര്‍ക്കിടയില്‍ അങ്ങനെ ആരും ഇല്ലെങ്കിലും ഒരുതരം ഞണ്ടുകളുണ്ട്, ശത്രുക്കളില്‍ നിന്നും രക്ഷ നേടന്‍ അണിഞ്ഞൊരുങ്ങി നടക്കും ഇവ. അതും അതിഗംഭീരമായി.

മജോയ്ഡിയ എന്ന വര്‍ഗത്തില്‍പ്പെട്ട ഞണ്ടുകളാണ് ഇവ. ഈ വര്‍ഗത്തില്‍ പെട്ട എല്ലാ ഞണ്ടുകളും ഇത്തരത്തില്‍ അണിഞ്ഞൊരുങ്ങി നടക്കാറില്ല. ചിലതുമാത്രമാണ് ശരീരം അലങ്കരിക്കുക. ഡെക്കറേറ്റര്‍ ക്രാബ്‌സ് എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടി ഇത്തരത്തില്‍ ശരീരം അലങ്കരിച്ചു നടക്കുന്ന ഇവ പ്രകൃതിയില്‍ തന്നെ അതിശയം സൃഷ്ടിക്കുന്നു.


ഡെക്കറേറ്റര്‍ ക്രാബ്സിന്റെ ശരീരത്തിന്റെ പുറം ഭാഗത്തായി ചെറിയ കുറ്റി രേമങ്ങള്‍ കാണപ്പെടുന്നു. ഈ രോമങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. അതായത് അല്‍പം പശപ്പശപ്പാണ് ഇവയ്ക്ക്. സമീപത്തുള്ള ചില വസ്തുക്കള്‍ ഈ രോമം ഉപയോഗിച്ചാണ് ഡെക്കറേറ്റര്‍ ക്രാബ്‌സ് ശരീരത്തില്‍ ഒട്ടിച്ചു പിടിപ്പിക്കുന്നത്. മറ്റ് പല വസ്തുക്കളും ഇത്തരത്തില്‍ ശരീരത്തോട് ഈ ഞണ്ടുകള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ ശത്രുക്കള്‍ക്ക് അവയെ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു. അങ്ങനെ അവര്‍ സുരക്ഷിതരാവുകയും ചെയ്യും.


എന്നാല്‍ വെറുതെ കാണുന്ന എല്ലാ വസ്തുക്കളും ഈ ഞണ്ടുകള്‍ ഇത്തരത്തില്‍ ശരീരത്തോട് ചേര്‍ക്കാറില്ല. വസ്തുക്കളുടെ മനോഹാരിതയും അവ പരിശോധിക്കാറുണ്ടെന്ന് ചുരുക്കം. പലപ്പോഴും ആഴക്കടലിലെ ചില ഇനത്തില്‍പ്പെട്ട പായലുകളും സസ്യങ്ങളുമൊക്കെയാണ് ഡെക്കറേറ്റര്‍ ക്രാബ്‌സ് ശരീരത്തോട് ചേര്‍ക്കാറ്. ചില സമയങ്ങളില്‍ ചെറുപ്രാണികളെ പോലും ഇവ ശരീരം അലങ്കരിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു.

തെരഞ്ഞെടുക്കുന്ന വസ്തുക്കളുടെ ഭംഗി മാത്രമല്ല ഗുണനിലവാരവും ഈ ഞണ്ടുകള്‍ കൃത്യമായി പരിശോധിക്കും. ശരീരത്തോട് ചേര്‍ക്കാന്‍ സാധിക്കുന്ന ഒരു വസ്തു ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്‍കാലുകള്‍ കൊണ്ട് അവയ്ക്ക് ചില മാറ്റങ്ങള്‍ വരുത്തും. അതിനു ശേഷമാണ് പശപശപ്പുള്ള രോമങ്ങള്‍ ഉപയോഗിച്ച് അവയെ ശരീരത്തിന്റെ ഭാഗമാക്കുന്നത്.


ഡെക്കറേറ്റര്‍ ക്രാബ്‌സ് ശരിക്കും ഒരു അത്ഭുതം തന്നെയാണ്. ഇത്തരത്തില്‍ പലതരം കൗതുക കാഴ്ചകളുണ്ട് ലോകത്ത്. ഒരുതരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതിയിലെ പല സൃഷ്ടികളും പ്രതിഭാസങ്ങളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.